Friday, May 13, 2011

ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു

 നിയമസഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുമെന്ന ബിജെപിയുടെ അവകാശവാദം പൊളിഞ്ഞു. ഇത്തവണ മൂന്ന് സീറ്റിലെങ്കിലും വിജയിക്കുമെന്ന പ്രഖ്യാപനവുമായാണ് ബിജെപിയുടെ ദേശീയ -സംസ്ഥാന നേതാക്കള്‍ പ്രചാരണം നടത്തിയത്.സംസ്ഥാനത്ത് പുതിയതായി നേതൃത്വം ഏറ്റെടുത്ത വി മുരളീധരനും സംഘവുമായിരുന്നു ഈ അവകാശവാദത്തിന് പിന്നിലെ മുഖ്യ പ്രചാരകര്‍ . തെരഞ്ഞെടുപ്പ് ഫലം ബിജെപി ഔദ്യോഗിക നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. ബിജെപി സംസ്ഥാന പ്രസിഡന്റ്പദവി ഏറ്റെടുത്തശേഷം അച്ചടക്കത്തിന്റെ പേരില്‍ പാര്‍ടിയിലെ മുതിര്‍ന്ന നേതാക്കളെ വരെ നിശബ്ദരാക്കിയുള്ള ശൈലിയാണ് മുരളീധരന്‍ സ്വീകരിച്ചത്. ഇതില്‍ പാര്‍ടിക്കകത്ത് വ്യാപകമായ എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ പിന്തുണകാട്ടി മുരളീധരന്‍ നേതാക്കളെയെല്ലാം ഒതുക്കി.

നിയമസഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് പാര്‍ടിയിലെ തന്റെ അപ്രമാദിത്വം ഒന്നുകൂടി ഉറപ്പിക്കാമെന്നായിരുന്നു മുരളീധരന്റെ കണക്ക്കൂട്ടല്‍ . ഇതിനായി തെന്‍റ വിശ്വസ്തനായ കെ സുരേന്ദ്രനെ ഒരു വര്‍ഷം മുമ്പ് തന്നെ മഞ്ചേശ്വരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചു. അതുപോലെ ആര്‍എസ്എസിന്റെ വിശ്വസ്തനായ ഒ രാജഗോപാലിനെ നേമത്തും സ്ഥാനാര്‍ഥിയാക്കി. അമൃതാനന്ദമയിയുടെ വിശ്വസ്തനായ രാജഗോപാലിന് ആവിധത്തിലുള്ള പിന്തുണയും ലഭിക്കുമെന്നായിരുന്നു കണക്ക്കൂട്ടല്‍ . ജയലക്ഷ്മി ഭട്ടിനെ കാസര്‍കോട്ടും സ്ഥാനാര്‍ഥിയാക്കി. മൂന്ന് സീറ്റുകള്‍ ജയിക്കുമെന്ന് പ്രചരിപ്പിച്ച് കേന്ദ്രനേതൃത്വത്തില്‍ നിന്നും ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍നിന്നും ആവശ്യമായ സഹായവും നേടി. എന്നാല്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ പ്രത്യയശാസ്ത്രത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഒരിക്കല്‍കൂടി തെളിയിച്ചു. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തില്‍ കൂടുതല്‍ സന്തോഷിക്കുന്നത് പാര്‍ടിയിലെ നേതാക്കള്‍തന്നെയാണ്. ഒരു സീറ്റിലെങ്കിലും വിജയിച്ചാല്‍ മുരളീധരന്റെ ഏകാധിപത്യം കൂടുതല്‍ ശക്തമാവുമെന്ന് ഭയപ്പെടുന്നവരാണ് ഇവരില്‍പലരും. ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന വീരവാദം മുഴക്കിയ ഈ തെരഞ്ഞെടുപ്പില്‍ 5.88 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത്. 2004-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ടാണ് നേടിയത്.

deshabhimani 140511

1 comment:

  1. ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന വീരവാദം മുഴക്കിയ ഈ തെരഞ്ഞെടുപ്പില്‍ 5.88 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത്. 2004-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ടാണ് നേടിയത്.

    ReplyDelete