ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടതോടെ ചെകുത്താനും കടലിനുമിടയിലായത് പാകിസ്ഥാന്‍ . വര്‍ഷങ്ങളായി തെരയുന്ന ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്കയെ സഹായിച്ചില്ലെന്ന പരാതി ഒരു വശത്ത്. ബിന്‍ ലാദനെ ഇത്രയുംകാലം സംരക്ഷിച്ചത് പാകിസ്ഥാനാണെന്ന വിമര്‍ശം മറുവശത്ത്. അമേരിക്കന്‍ കമാന്‍ഡോകള്‍ ഒസാമയെ വധിച്ചതിലൂടെ പാകിസ്ഥാന്‍ ബനാന റിപ്പബ്ലിക് ആകുകയല്ലേ എന്ന ചോദ്യവുമുയരുന്നു. അമേരിക്ക-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയതിന്റെ ഫലം കൂടിയാണ് പാകിസ്ഥാന്റെ പരമാധികാരത്തെ പരിഗണിക്കാതെയുള്ള "ഓപ്പറേഷന്‍ ജെറോണിമോ" എന്ന വ്യാഖ്യാനവുമുണ്ട്.
അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സാന്നിധ്യത്തിനെതിരെ അമേരിക്കയും പാകിസ്ഥാനും ചേര്‍ന്നാണ് ഒസാമയെയും താലിബാനെയും വളര്‍ത്തിയത്. അതുകൊണ്ടുതന്നെ പാകിസ്ഥാനെ കൈയൊഴിഞ്ഞ് ഭീകരരെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് അമേരിക്കക്ക് അറിയാം. ഇസ്ലാമാബാദിന് 120 കിലോമീറ്റര്‍ അകലെ, പാകിസ്ഥാന്‍ സൈനിക അക്കാദമിയുടെ വെറും 800 മീറ്റര്‍ അകലെയുള്ള വീട്ടില്‍ ഒസാമയുള്ള വിവരം പാക് സൈന്യവും സര്‍ക്കാരും അറിഞ്ഞില്ലെന്ന് കരുതാനാകില്ലെന്നാണ് ഇംത്യാസ് ഗുല്‍ ഉള്‍പ്പെടെയുള്ള പാക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അബോട്ടാബാദില്‍ ബിലാല്‍ കോളനിയില്‍ റോക്കറ്റ് വഴി തൊടുക്കാവുന്ന ഗ്രനേഡുമായി കാവല്‍ക്കാര്‍ ജാഗരൂകരായി നില്‍ക്കുന്ന മൂന്നുനില കെട്ടിടത്തിലെ താമസക്കാരനെക്കുറിച്ച് പാകിസ്ഥാനും ഐഎസ്ഐയും അജ്ഞരാണെന്നു വിശ്വസിക്കാന്‍ കഴിയില്ല. പാക് സേനയുടെ അറിവോടെയോ മൗനസമ്മതത്തോടെയോ മാത്രമേ ലാദനെ വധിക്കാന്‍ കഴിയൂ എന്നും വ്യക്തം.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് അമേരിക്കന്‍ കമാന്‍ഡോ ഓപ്പറേഷനെക്കുറിച്ച് നേരത്തേ അറിവില്ലായിരുന്നുവെന്നാണ്. പാക് സഹായത്തോടെയാണ് ലാദന്‍വധമെങ്കില്‍ പോലും അതു സമ്മതിക്കാന്‍ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങള്‍ പാക് നേതൃത്വത്തെ അനുവദിക്കില്ല. മതമൗലികവാദികളുടെ വേട്ടയാടലിന് ഇരയാകുമെന്ന ഭയം തന്നെ കാരണം. പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറും ന്യൂനപക്ഷമന്ത്രി ഷാബാസ് ഭട്ടിയും കൊല്ലപ്പെട്ടതിനു പിന്നില്‍ ഇതേ ശക്തികളാണെന്നത് പാകിസ്ഥാന്‍ നേതൃത്വത്തെ ഭയവിഹ്വലരാക്കുന്നുമുണ്ട്. ഒസാമ വധത്തിനു പിന്നില്‍ പാകിസ്ഥാനാണെന്നു തെളിഞ്ഞാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തെഹ്രീക്കി ഇന്‍സാഫ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പാക് സഹായമില്ലെങ്കില്‍ ഓപ്പറേഷന്‍ വിജയിക്കുമായിരുന്നില്ലെന്ന ഒബാമയുടെ പ്രസ്താവന തീവ്രവാദി വിഭാഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് ലാദന്‍ വധമെന്ന പാക് നിലപാടും ആഭ്യന്തരമായി ചോദ്യം ചെയ്യപ്പെടും.
വസീറിസ്ഥാനിലും മറ്റും വന്‍ സൈനികാക്രമണമാണ് പാകിസ്ഥാനും അമേരിക്കയും നടത്തിയത്. എന്തുകൊണ്ട് ബിന്‍ ലാദന്‍ രണ്ടു ഭാര്യമാരും ഏഴു മക്കളുമായി താമസിച്ച അബോട്ടാബാദിലെ വസതി മാത്രം ഇത്രയും കാലം ലക്ഷ്യംവച്ചില്ലെന്ന ചോദ്യമാണ് ഉയരുന്നത്. പാകിസ്ഥാനില്‍ വച്ച് ഒസാമയെ വധിക്കുകയും മൃതദേഹം കടത്തിക്കൊണ്ടുപോകുകയും ചെയ്തെന്ന് സമ്മതിച്ചാല്‍ ചോദ്യം ചെയ്യപ്പെടുക പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തിന്റെ അസ്തിത്വവും പരമാധികാരവുമാണ്.
അടുത്തത് സവാഹിരിയെന്ന് അമേരിക്ക
വാഷിങ്ടണ്‍/ഇസ്ലാമാബാദ്: അല്‍ ഖായ്ദ വിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ വ്യാപക കടന്നാക്രമണങ്ങള്‍ക്ക് അമേരിക്ക തയ്യാറെടുക്കുന്നു. ഒസാമ ബിന്‍ ലാദന്‍ അബോട്ടാബാദില്‍ ഒളിച്ചുതാമസിച്ചിരുന്ന വസതിയില്‍നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഭാവി ആക്രമണങ്ങള്‍ നടത്തുകയെന്ന് അമേരിക്കന്‍ സഹ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു. പാകിസ്ഥാന്റെ ആഭ്യന്തരദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് നടത്തിയ കമാന്‍ഡോ ഓപ്പറേഷന്‍ വിജയിച്ചതിലൂടെ മറ്റ് രാജ്യങ്ങളിലും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാനാണ് പദ്ധതി. ലാദന്റെ പിന്‍ഗാമി ഈജിപ്ത് വംശജന്‍ അയ്മന്‍ അല്‍ സവാഹിരിയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ബ്രണ്ണന്‍ പറഞ്ഞു. താലിബാന്‍ , വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഹഖാനി ശൃംഖല, ലഷ്കര്‍ ഇ തോയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങളുമുണ്ട്. ലാദനെ വധിച്ച മാതൃകയിലുള്ള ആക്രമണങ്ങള്‍ അമേരിക്ക തുടരുമെന്നാണ് ബ്രണ്ണന്‍ നല്‍കുന്ന സൂചന.
അല്‍ ഖായ്ദ വേട്ടയുടെ പേരില്‍ മറ്റ് രാജ്യങ്ങളുടെ പരമാധികാരം മാനിക്കാതെയുള്ള നടപടികള്‍ക്ക് അമേരിക്ക ഇനിയും മുതിരുമെന്ന് അര്‍ഥം. ലാദന്‍ കൊല്ലപ്പെട്ടെങ്കിലും അല്‍ ഖായ്ദ തകര്‍ന്നിട്ടില്ലെന്ന് സിഐഎ മേധാവി ലിയോണ്‍ പനേറ്റ പറഞ്ഞു. അല്‍ ഖായ്ദ അമേരിക്കയോട് പ്രതികാരംചെയ്യാന്‍ ശ്രമിക്കുമെന്നത് തീര്‍ച്ചയാണെന്നും അതുകൊണ്ട് ജാഗ്രത പാലിക്കണമെന്നും സഹപ്രവര്‍ത്തകരോട് സംസാരിക്കവെ പനേറ്റ പറഞ്ഞു. രാജ്യമെങ്ങും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി അമേരിക്കന്‍ ആഭ്യന്തരസുരക്ഷാ സെക്രട്ടറി ജാനറ്റ് നെപ്പോളിറ്റാനോ പറഞ്ഞു.
ഇതിനിടെ, ലാദന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് സംഭവിച്ച പിഴവുകള്‍ അമ്പരപ്പിക്കുന്നതാണെന്ന് പാക് ചാരസംഘടന ഐഎസ്ഐയുടെ ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. ഇസ്ലാമാബാദില്‍നിന്ന് 120 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബംഗ്ലാവിലാണ് ലാദനും കുടുംബവും കഴിഞ്ഞിരുന്നത്. 17-18 പേര്‍ ബംഗ്ലാവിലുണ്ടായിരുന്നതായി ഐഎസ്ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരാളെ കമാന്‍ഡോകള്‍ ജീവനോടെ കൊണ്ടുപോയി. അയാള്‍ ലാദന്റെ മകനാണെന്ന് കരുതുന്നു. ലാദന്റെ ഒരു ഭാര്യയെയും മകളെയും എട്ടോ ഒന്‍പതോ കുട്ടികളെയും അമേരിക്കക്കാര്‍ കൈകള്‍കെട്ടി സ്ഥലത്തുനിന്ന് കൊണ്ടുപോയി. ഏതാനും മാസം മുമ്പാണ് ഈ ബംഗ്ലാവില്‍ താമസമാക്കിയതെന്ന് ലാദന്റെ യമന്‍കാരി ഭാര്യ അറിയിച്ചു. പിതാവിന് വെടിയേല്‍ക്കുന്നത് കണ്ടതായി ലാദന്റെ ഒരു മകള്‍ പറഞ്ഞു. യമന്‍കാരി ഭാര്യയെയും മക്കളെയും കൂടി കൊണ്ടുപോകാന്‍ കമാന്‍ഡോകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ , ഒരു ഹെലികോപ്റ്ററിന് യന്ത്രത്തകരാര്‍ സംഭവിച്ചതിനാലാണ് ഈ നീക്കം ഉപേക്ഷിച്ചതെന്നും ഐഎസ്ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ലാദന്റെ മരണത്തിന് പകരംവീട്ടുമെന്ന ഭീഷണി അല്‍ ഖായ്ദയും താലിബാനും ആവര്‍ത്തിച്ചു. അമേരിക്കയില്‍പാകിസ്ഥാന്റെ എല്ലാ നയതന്ത്രകാര്യാലയങ്ങളും അടച്ചു. യൂറോപ്പിലും സുരക്ഷ ശക്തമാക്കി.
"ജെറോണിമോ ഏകിയ"
വാഷിങ്ടണ്‍ : "ജെറോണിമോ ഏകിയ"- പാകിസ്ഥാനില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ തേടിയെത്തിയ സന്തോഷവാര്‍ത്ത. ഓപ്പറേഷന്‍ ജെറോണിമോ എന്നായിരുന്നു ബിന്‍ ലാദനെ പിടികൂടാന്‍ നടത്തിയ ഓപ്പറേഷന് അമേരിക്ക നല്‍കിയ പേര്. ജെറോണിമോ എന്നത് ബിന്‍ ലാദന്‍ എന്നതിനു നല്‍കിയ കോഡ് വാക്കാണ്. ഏകിയ എന്നാല്‍ ശത്രു കൊല്ലപ്പെട്ടു എന്നും.
ഒസാമ വധത്തിനായി യുഎസ് നാവികസേനാ കമാന്‍ഡോകളുമായി ഹെലികോപ്റ്ററുകള്‍ പറന്നുപൊങ്ങിയത് അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍നിന്ന്. തങ്ങളുടെ ഹിറ്റ്ലിസ്റ്റിലെ ഏറ്റവും വലിയ കുറ്റവാളിക്കായി 79 അംഗ സംഘം ബഗ്രാമിലെ അമേരിക്കന്‍ എയര്‍ഫീല്‍ഡില്‍നിന്ന് നാല് ഹെലികോപ്റ്ററിലായി അബോട്ടാബാദിലേക്കു തിരിച്ചു. നീണ്ടനാളത്തെ പരിശീലനത്തിനുശേഷമാണ് നാവികസേനയുടെ സീല്‍സ് വിഭാഗത്തിലെ ടീം ആറ് ലാദനെ പിടിക്കാന്‍ ഇറങ്ങിത്തിരിച്ചത്. അബോട്ടാബാദില്‍ ഒബാമ താമസിച്ചിരുന്നതിനു സമാനമായ കെട്ടിടം ബഗ്രാമിലെ എയര്‍ബേസില്‍ പണിത് ഓപ്പറേഷന്റെ നിരവധി പരീക്ഷണം നടത്തി. ഒടുവില്‍ , ഒബാമയുടെ അന്തിമനിര്‍ദേശപ്രകാരം മെയ് ഒന്നിന് രാത്രിയാണ് കൃത്യനിര്‍വഹണത്തിന് പുറപ്പെട്ടത്. രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ നാലെണ്ണം ദൗത്യത്തില്‍ ഉണ്ടായിരുന്നു. ഹെലികോപ്റ്ററുകള്‍ പാകിസ്ഥാനിലേക്കു കടന്ന ഉടന്‍ സിഐഎ മേധാവി ലിയോണ്‍ പനേറ്റ പ്രസിഡന്റ് ഒബാമയെയും സംഘത്തെയും അറിയിച്ചു. ഒരു ഹെലികോപ്റ്റര്‍ പാതിവഴിയില്‍ തകരാറിലായി. തെളിവില്ലാതിരിക്കാന്‍ ഈ ഹെലികോപ്റ്റര്‍ പൂര്‍ണമായും നശിപ്പിച്ചശേഷം സംഘം യാത്ര തുടര്‍ന്നു. ലക്ഷ്യത്തിലെത്തുംമുമ്പ് ഒരിടത്തും ഇറങ്ങിയില്ല. അര്‍ധരാത്രി ഒന്നോടെ ഹെലികോപ്റ്ററുകള്‍ അബോട്ടാബാദ് നഗരത്തിനു മുകളില്‍ മൂളിപ്പറന്നു. പാക് റഡാറുകള്‍ ഈ വരവ് അറിഞ്ഞില്ല എന്നത് ദുരൂഹമാണ്.
ലാദന്‍ താമസിക്കുന്ന കെട്ടിടത്തിനു മുകളില്‍ എത്തിയ ഹെലികോപ്റ്ററുകളില്‍നിന്ന് 22 കമാന്‍ഡോകള്‍ താഴെ ഇറങ്ങി. പ്രദേശത്തെ വൈദ്യുതിബന്ധം വിഛേദിച്ചിരുന്നു. രാത്രികാഴ്ച നല്‍കുന്ന പ്രത്യേക കണ്ണടകള്‍ ധരിച്ച കമാന്‍ഡോകള്‍ , സല്‍വാര്‍ കമീസ് വേഷത്തില്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ലാദനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ , അദ്ദേഹം കൂട്ടാക്കിയില്ല. തുടര്‍ന്ന് കമാന്‍ഡോകള്‍ വെടിയുതിര്‍ത്തു. കെട്ടിടത്തില്‍നിന്ന് തിരിച്ചും വെടിവച്ചു. ഇതിനിടെ ലാദന്റെ ഇടതു കണ്ണിനു മുകളില്‍ വെടിയേറ്റെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു. ലാദന്റെ ശരീരത്തില്‍ കൂടുതല്‍ വെടിയേറ്റെന്ന് അധികൃതര്‍ സ്ഥിരീകരിക്കുന്നില്ല.
ലാദന്റെ മരണം ഒബാമ തല്‍സമയം കണ്ടു
ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദന്റെ മരണം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തത്സമയം കണ്ടു. ലൈവ് ക്യാമറകള്‍ ഉപയോഗിച്ചാണ് അമേരിക്കയുടെ ഉറക്കംകെടുത്തിയ ലാദന്റെ അന്ത്യം ഒബാമ കണ്ടത്. അമേരിക്കന്‍ സ്റ്റേറ്റ്സ് സെക്രട്ടറി ഹിലാരി ക്ലിന്റനും ലാദന്റെ അവസാന നിമിഷങ്ങള്‍ കാണാനുണ്ടായിരുന്നു. അമേരിക്കന്‍ കമാന്‍ഡോകള്‍ ലാദനെ കീഴടക്കുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ "നമുക്കയാളെ കിട്ടി" എന്നായിരുന്നു ഒബാമയുടെ പ്രതികരണം.
മൃതദേഹം കടലില്‍ താഴ്ത്തിയത് മതവിരുദ്ധമെന്ന് പുരോഹിതര്‍
കെയ്റോ: അല്‍ ഖായ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം കടലില്‍ താഴ്ത്തിയ അമേരിക്കയുടെ നടപടി ഇസ്ലാം ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മതപുരോഹിതര്‍ . ഇത് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഭയക്കുന്നതായും അവര്‍ പറയുന്നു. അമേരിക്ക വരുത്തിയ തന്ത്രപരമായ വലിയ പിഴവാണ് മൃതദേഹത്തോട് കാട്ടിയ അനാദരവെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വിശുദ്ധനഗരമായ മെക്കയ്ക്ക് അഭിമുഖമായി എടുത്ത ഖബറില്‍ മൃതദേഹം സംസ്കരിക്കണമെന്നതാണ് ഇസ്ലാം വിശ്വാസം. സമുദ്രത്തില്‍വച്ച് ജീവഹാനി ഉണ്ടായാല്‍മാത്രമേ മൃതദേഹം വെള്ളത്തില്‍ സംസ്കരിക്കാന്‍ വിശ്വാസം അനുവദിക്കുന്നുള്ളു. പാക് നഗരത്തില്‍ കൊല്ലപ്പെട്ട ലാദന്റെ മൃതദേഹം കടലില്‍ താഴ്ത്തിയതായി പറയുന്നതിന് ന്യായീകരണമില്ലെന്ന് ലബനനിലെ പ്രമുഖ പുരോഹിതന്‍ ഒമര്‍ ബക്രി മുഹമ്മദ് പറഞ്ഞു. ഇതുവഴി അമേരിക്കക്കാര്‍ മുസ്ലിം മതവിശ്വാസികളെ അപമാനിച്ചിരിക്കയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഈ നടപടി ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാദന്റെ മൃതദേഹം ഇസ്ലാമിക ആചാരങ്ങള്‍പ്രകാരം സംസ്കരിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ , പിന്നീട് മൃതദേഹം കടലില്‍ താഴ്ത്തിയതായി റിപ്പോര്‍ട്ട് വന്നു. സാധ്യമായതില്‍ ഏറ്റവും നല്ല മാര്‍ഗമാണ് ലാദന്റെ മൃതദേഹം കടലില്‍ സംസ്കരിച്ച നടപടിയെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷ സഹഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു. ഉചിതമായ രീതിയിലാണ് സംസ്കാരം നടത്തിയതെന്നും ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും ബ്രണ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 1.10ന് തുടങ്ങിയ സംസ്കാരച്ചടങ്ങ് രണ്ടിനാണ് അവസാനിച്ചത്. ഭാരമുള്ള സഞ്ചി കെട്ടിയാണ് മൃതദേഹം കടലില്‍ തള്ളിയത്. സൈനിക ഓഫീസര്‍ മതസൂക്തങ്ങള്‍ ഉരുവിട്ടു. 24 മണിക്കൂറിനുള്ളില്‍ മൃതദേഹം സംസ്കരിക്കണമെന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ , മൃതദേഹം ഏതു കടലിലാണ് താഴ്ത്തിയതെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല. ലാദന്റെ മൃതദേഹം ഏതെങ്കിലും സ്ഥലത്ത് സംസ്കരിച്ചാല്‍ അവിടം തീവ്രവാദികളുടെ കേന്ദ്രമാകുമെന്ന ആശങ്ക നിമിത്തമാണ് കടലില്‍ താഴ്ത്തിയതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പകരം വീട്ടുമെന്ന് പാക് താലിബാനും അല്‍ ഖായ്ദയും
ഇസ്ലാമാബാദ്: ഒസാമ ബിന്‍ ലാദന്റെ മരണത്തിനു പകരം വീട്ടുമെന്ന് അല്‍ ഖായ്ദ, താലിബാന്‍ ഭീഷണി. പാകിസ്ഥാനും അമേരിക്കയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാക് താലിബാന്‍ പറഞ്ഞു. പാക് താലിബാന്‍ വക്താവ് എഹ്സാനുള്ള എഹ്സാന്‍ അജ്ഞാത കേന്ദ്രത്തില്‍നിന്നു നല്‍കിയ ടെലിഫോണ്‍ സന്ദേശത്തിലാണ് ഈ മുന്നറിയിപ്പ്. ഒന്നാമത്തെ ലക്ഷ്യം പാകിസ്ഥാനും രണ്ടാമത്തേത് അമേരിക്കയുമാണെന്ന് പഷ്തൂ ഭാഷയിലുള്ള സന്ദേശത്തില്‍ എഹ്സാന്‍ പറഞ്ഞു. പാക് ഭരണാധികാരികള്‍ താലിബാന്റെ ഹിറ്റ്ലിസ്റ്റില്‍ ഉണ്ടെന്നും വ്യക്തമാക്കി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പാക്സേനയിലെ ഉന്നതരുമാണ് ആദ്യ ലക്ഷ്യം. പത്തു വര്‍ഷത്തെ ശ്രമത്തിനു ശേഷമാണ് അമേരിക്കയ്ക്ക് ലാദനെ വധിക്കാനായത്. അതിനാല്‍ അവര്‍ അമിതമായി ആഹ്ലാദിക്കേണ്ട. മൂന്നു മാസത്തെ തയ്യാറെടുപ്പിലാണ് തങ്ങള്‍ മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയെ വധിച്ചത്. ലാദന്റെ വധം ജിഹാദിന്റെ കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് പാകിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയായ ബാഗ്ലനിലെ താലിബാന്‍ കമാന്‍ഡര്‍ ക്വുദോസ് പറഞ്ഞു. ദുഷ്ടശക്തികളില്‍നിന്ന് നാടിനെ രക്ഷിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും ക്വുദോസ് പറഞ്ഞു. ഒസാമയുടെ കൊലപാതകത്തിനു പകരം വീട്ടാന്‍ ബദേര്‍ എന്ന പേരില്‍ ഓപ്പറേഷന്‍ നടത്തും.
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് പാകിസ്ഥാനിലെ ഔദ്യോഗിക സ്ഥാപനങ്ങളെല്ലാം അമേരിക്ക അടച്ചു. അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ തുറക്കില്ല. എംബസി ഇസ്ലാമാബാദിലും കോണ്‍സുലേറ്റുകള്‍ കറാച്ചി, പെഷവാര്‍ , ലാഹോര്‍ നഗരങ്ങളിലാണ്. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും സുരക്ഷ കര്‍ശനമാക്കി. അമേരിക്കയും ബ്രിട്ടനും വിവിധ രാജ്യത്തെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷ ശക്തമാക്കി.
അമേരിക്കന്‍ ബലപ്രയോഗം ഭീകരതയെ തളര്‍ത്തില്ല: സിപിഐ എം
ന്യൂഡല്‍ഹി: സൈനികമായ ബലപ്രയോഗവും ഭരണകൂടഭീകരതയും അമേരിക്ക കൈവെടിയാതെ ഭീകരവാദത്തെ വിജയകരമായി നേരിടാനാകില്ലെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. പാകിസ്ഥാനില്‍വച്ച് അമേരിക്കയുടെ പ്രത്യേക സേന ഒസാമ ബിന്‍ ലാദനെ വധിച്ചതുകൊണ്ടുമാത്രം വിവിധ മാനങ്ങളുള്ള ഭീകരവാദത്തിന് അന്ത്യമാകില്ലെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ബിന്‍ ലാദന്റെ വധം അല്‍ ഖായ്ദയ്ക്ക് കനത്ത തിരിച്ചടിയാണെങ്കിലും മതമൗലികവാദികളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിക്കില്ല. ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ അമേരിക്ക സ്ഥിതിഗതികള്‍ വഷളാക്കുകയായിരുന്നു. അല്‍ ഖായ്ദയ്ക്ക് എതിരെയുള്ള ആക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും അമേരിക്ക തകര്‍ത്തു. ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ അധിനിവേശയുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.
ദീര്‍ഘകാലമായി ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ ഒളിച്ചു താമസിക്കുന്നു എന്നത് ആ രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും ചില തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പിന്തുണയുണ്ടായിരുന്ന അഫ്ഗാനിസ്ഥാനെതിരെ 1980 കളില്‍ പോരാടാന്‍ അമേരിക്ക ചുമതലപ്പെടുത്തിയത് പാകിസ്ഥാനെയായിരുന്നു. ഇതിനായി ഐഎസ്ഐ വഴി ഒസാമയ്ക്കും മറ്റും പണം നല്‍കിയത് പെന്റഗണും സിഐഎയുമായിരുന്നു. ഇതാണ് പിന്നീട് താലിബാനും ജിഹാദി മതമൗലികവാദികളുമായി വളര്‍ന്നത്. ലിബിയയില്‍ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലും അഫ്ഗാനിസ്ഥാനില്‍ തുടരുന്ന യുദ്ധവും ഭൂതകാലത്തില്‍നിന്ന് അമേരിക്ക ഒരു പാഠവും പഠിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ്. ഭരണകൂട ഭീകരതയും മതമൗലിക ഭീകരതയും പരസ്പരം സഹായിക്കുന്നതാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.
(വി.ജെയിന്‍)
ദേശാഭിമാനി 040511
ഒസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടതോടെ ചെകുത്താനും കടലിനുമിടയിലായത് പാകിസ്ഥാന്‍ . വര്‍ഷങ്ങളായി തെരയുന്ന ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്കയെ സഹായിച്ചില്ലെന്ന പരാതി ഒരു വശത്ത്. ബിന്‍ ലാദനെ ഇത്രയുംകാലം സംരക്ഷിച്ചത് പാകിസ്ഥാനാണെന്ന വിമര്‍ശം മറുവശത്ത്. അമേരിക്കന്‍ കമാന്‍ഡോകള്‍ ഒസാമയെ വധിച്ചതിലൂടെ പാകിസ്ഥാന്‍ ബനാന റിപ്പബ്ലിക് ആകുകയല്ലേ എന്ന ചോദ്യവുമുയരുന്നു. അമേരിക്ക-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയതിന്റെ ഫലം കൂടിയാണ് പാകിസ്ഥാന്റെ പരമാധികാരത്തെ പരിഗണിക്കാതെയുള്ള "ഓപ്പറേഷന്‍ ജെറോണിമോ" എന്ന വ്യാഖ്യാനവുമുണ്ട്.
ReplyDelete