Wednesday, May 4, 2011

ലിബിയക്കെതിരായ കാട്ടുനീതി

പ്രാകൃതമാണ് അമേരിക്കയുടെ നീതി. അതില്‍ ജനാധിപത്യമില്ല; മനുഷ്യത്വമില്ല; കരുണയില്ല; മര്യാദകളില്ല. അവര്‍ ബലംകൊണ്ട് ലോകം കീഴടക്കാന്‍ നോക്കുന്നു. ഇറാഖില്‍ കടന്നുകയറി അവിടത്തെ ഭരണാധികാരിയെ പിടിക്കാനും ക്രൂരമായി കൊലചെയ്യാനും വിശ്വസനീയമായ ഒരു ന്യായീകരണവും അവര്‍ക്ക് വേണ്ടിയിരുന്നില്ല. പാകിസ്ഥാനില്‍കയറി സ്വന്തംനിലയില്‍ ഒസാമ ബിന്‍ ലാദനെ പിടിച്ച് കൊന്ന് കടലിലെറിയാനും അമേരിക്കയ്ക്ക് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും തടസ്സമായില്ല. "ഭീകര വിരുദ്ധ" യുദ്ധത്തിന്റെ പേരില്‍ എന്തും ആകാമെന്ന് അമേരിക്ക സ്വയം പറയുന്നു; അക്ഷരാര്‍ഥത്തില്‍ അത് പ്രവര്‍ത്തിച്ചുകാണിക്കുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും പാകിസ്ഥാനിലും മാത്രമല്ല, തങ്ങള്‍ക്ക് സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യമുള്ള ഏതു രാഷ്ട്രത്തിലും ഇത്തരം കടന്നാക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്ന ധാര്‍ഷ്ട്യമാണ് അമേരിക്കയുടെ പുതിയ നീക്കങ്ങളില്‍ പ്രകടമാകുന്നത്. ഏറ്റവുമൊടുവില്‍ ലിബിയയില്‍ പ്രസിഡന്റ് മു അമ്മര്‍ ഗദ്ദാഫിയുടെ വീടിനുനേരെ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഗദ്ദാഫിയുടെ ഇളയ മകനും മൂന്നു പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 12ന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ കൊന്നതില്‍പ്പോലും ഖേദിക്കാന്‍ അമേരിക്കയ്ക്ക് മനസ്സില്ല. വ്യോമാക്രമണം നിര്‍ത്തിയാല്‍ വെടി നിര്‍ത്താമെന്നും നാറ്റോയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള ഗദ്ദാഫിയുടെ വാഗ്ദാനം തള്ളിയാണ് കൂട്ടക്കൊല നടത്തിയത്.

ലിബിയയില്‍ ഗദ്ദാഫി ഭരണം മെച്ചമെന്നോ അവിടത്തെ ഭൂരിപക്ഷം ജനങ്ങള്‍ സംതൃപ്തരാണെന്നോ ആര്‍ക്കും അഭിപ്രായമില്ല. ഗദ്ദാഫി വാഴ്ചയ്ക്കെതിരെ ആ രാജ്യത്ത് വലിയ തോതിലാണ് കലാപമുണ്ടായത്. ലിബിയയിലെ രണ്ടാം വന്‍നഗരമായ ബന്‍ഗാസി ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രദേശം പ്രതിപക്ഷ ശക്തികള്‍ പിടിച്ചെടുത്തു. 1969ല്‍ സൈനിക കലാപത്തിലൂടെ രാജാവിനെ അധികാരഭ്രഷ്ടനാക്കിയാണ് കേണല്‍ ഗദ്ദാഫി അധികാരത്തിലെത്തിയത്. 1970കളില്‍ ലിബിയ അമേരിക്കയ്ക്കും പാശ്ചാത്യ സാമ്രാജ്യത്വത്തിനും എതിരായ പുരോഗമനപരമായ മാര്‍ഗം സ്വീകരിച്ചു; എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിക്കുകയും ആഫ്രിക്കയിലെ വിമോചന പോരാട്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. അക്കാലത്ത് ഗദ്ദാഫിയുടെ സ്വരം സാമ്രാജ്യശക്തികള്‍ക്ക് കനത്ത താക്കീതുതന്നെയായിരുന്നു. പോകെപ്പോകെ ഗദ്ദാഫി ഭരണം ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളുടെയും വിളനിലമായി. ഉപജാപകവൃന്ദവും ബന്ധുക്കളുമടങ്ങുന്ന സംഘം നിയന്ത്രണം ഏറ്റെടുത്തു. അധികാരവും സമ്പത്തും ഗദ്ദാഫിയുടെയും പുത്രന്മാരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും കുത്തകയായി. ജനങ്ങളില്‍നിന്ന് അകന്ന ഗദ്ദാഫി പതുക്കെ സാമ്രാജ്യ വിരുദ്ധ സമീപനത്തിലും മാറ്റം വരുത്തുകയായിരുന്നു.

2001 സെപ്തംബറിലെ ഭീകരാക്രമണത്തിനും അമേരിക്കയുടെ "ഭീകരതയ്ക്കെതിരായ യുദ്ധ"പ്രഖ്യാപനത്തിനും ശേഷം ഗദ്ദാഫി സാമ്രാജ്യവിരോധത്തില്‍ ബോധപൂര്‍വമായ അയവ് വരുത്തി. അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും 2005ല്‍ അദ്ദേഹം ധാരണയിലെത്തി. അമേരിക്കന്‍ചൊല്‍പ്പടിക്കനുസരിച്ച് ലിബിയയിലെ ആണവകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി. പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും ലിബിയയുടെ വാതിലുകള്‍ തുറന്നുകൊടുത്തു. പക്ഷേ, അമേരിക്ക ഇതുകൊണ്ടൊന്നും തൃപ്തിയടഞ്ഞില്ല. ആഫ്രിക്കയിലെ നാലാമത്തെ വലിയ രാജ്യമായ ലിബിയയുടെ സമ്പന്നമായ എണ്ണനിക്ഷേപം അമേരിക്കയുടെ മോഹനിധിയാണ്. ലിബിയയില്‍ അസ്ഥിരത സൃഷ്ടിച്ച് കടന്നുകയറാന്‍ അവസരമൊരുക്കുകയും അതിലൂടെ അമൂല്യമായ സമ്പത്ത് കൈക്കലാക്കുകയുമെന്ന അമേരിക്കന്‍തന്ത്രമാണ് തുടര്‍നീക്കങ്ങളിലൂടെ പ്രാവര്‍ത്തികമായത്.

ഗദ്ദാഫി ഭരണത്തിന്റെ ദുഷിപ്പുകള്‍മൂലം സൈന്യത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും നയതന്ത്രപ്രതിനിധികളിലെയും വലിയൊരു വിഭാഗം എതിര്‍പ്പുയര്‍ത്തി സ്ഥാനമൊഴിഞ്ഞിരുന്നു. ഗദ്ദാഫിയുടെ നേതൃത്വം തെരുവില്‍ ചോദ്യംചെയ്യപ്പെടുകയും ഭരണം അവമതിക്കപ്പെടുകയും ചെയ്തു. ശക്തമായ സൈനിക നീക്കങ്ങളിലൂടെ ആഭ്യന്തരകലാപം നിയന്ത്രിക്കാന്‍ ഗദ്ദാഫിക്ക് കഴിയുമെന്നുവന്നപ്പോഴാണ് നാറ്റോയുടെ ലേബലില്‍ പ്രത്യക്ഷ അമേരിക്കന്‍ ഇടപെടലുണ്ടായത്. ലോക പൊതുജനാഭിപ്രായത്തെ തള്ളിക്കളഞ്ഞ് അമേരിക്കയും നാറ്റോയും ഈ സാഹചര്യം ഉപയോഗിച്ചു. ലിബിയയില്‍ ഇടപെടുന്നതിന്റെ ആദ്യപടി വ്യോമയാനരഹിത മേഖല അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചും കലാപകാരികള്‍ക്ക് ആയുധം നല്‍കുന്നതിനെക്കുറിച്ചുമുള്ള വാചകമടിയായിരുന്നു. ഏറെ വൈകാതെ സൈനികമായി ഇടപെടലാരംഭിച്ചു. അത് നിരപരാധികളുടെ കൂട്ടക്കൊലയിലെത്തിയിരിക്കുന്നു.

ലിബിയന്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ നാറ്റോയ്ക്കെന്തധികാരം? അമേരിക്കയ്ക്കെന്ത് കാര്യം? ആ രാജ്യത്ത് ഏതു ഭരണവ്യവസ്ഥ വേണമെന്നും ആര് ഭരിക്കണമെന്നും തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ അറബിന്റെ ട്രിപ്പോളിയിലെ വീട്ടിലേക്ക് മിസൈല്‍ വര്‍ഷിച്ചതിലൂടെ ഒരു രാജ്യത്തിന്റെ പരമാധികാരത്തെയാണ് ആക്രമിച്ചത്. ഇത് കാടത്തമാണ്. കൂടിയാലോചനകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളുടെ ഇടപെടലുണ്ടാകണം. ആക്രമണത്തിനെതിരെ ലോകത്താകമാനം പ്രതിഷേധമുയരേണ്ടതുമുണ്ട്. മുമ്പ് ചേരിചേരാ രാഷ്ട്ര നായകനെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെട്ട ചരിത്രം ഇന്ത്യക്കുണ്ട്. അത്തരമൊരു ഇടപെടലിന് ഇന്ന് ശേഷിവേണമെങ്കില്‍ അമേരിക്കന്‍ ദാസ്യം ഉപേക്ഷിക്കേണ്ടതുണ്ട്. സ്വന്തംകാലില്‍ നില്‍ക്കാനുള്ള ശേഷി ആര്‍ജിക്കേണ്ടതുണ്ട്. ഇന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ അതിനനുവദിക്കുന്നതല്ല. യുപിഎ നയങ്ങള്‍ക്കെതിരായ പോരാട്ടം ലോകത്തിന്റെ സമാധാനത്തിനുവേണ്ടിയുള്ളതും സാമ്രാജ്യാധിനിവേശത്തിനെതിരായുള്ളതുമാകുന്നത് ഈ അര്‍ഥത്തിലാണ്. രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും മനുഷ്യരാശിയെ സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് മോചിപ്പിക്കാനുള്ളതുമാണ് ആ പോരാട്ടം.

ദേശാഭിമാനി  മുഖപ്രസംഗം 040511

1 comment:

  1. പ്രാകൃതമാണ് അമേരിക്കയുടെ നീതി. അതില്‍ ജനാധിപത്യമില്ല; മനുഷ്യത്വമില്ല; കരുണയില്ല; മര്യാദകളില്ല. അവര്‍ ബലംകൊണ്ട് ലോകം കീഴടക്കാന്‍ നോക്കുന്നു. ഇറാഖില്‍ കടന്നുകയറി അവിടത്തെ ഭരണാധികാരിയെ പിടിക്കാനും ക്രൂരമായി കൊലചെയ്യാനും വിശ്വസനീയമായ ഒരു ന്യായീകരണവും അവര്‍ക്ക് വേണ്ടിയിരുന്നില്ല. പാകിസ്ഥാനില്‍കയറി സ്വന്തംനിലയില്‍ ഒസാമ ബിന്‍ ലാദനെ പിടിച്ച് കൊന്ന് കടലിലെറിയാനും അമേരിക്കയ്ക്ക് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും തടസ്സമായില്ല. "ഭീകര വിരുദ്ധ" യുദ്ധത്തിന്റെ പേരില്‍ എന്തും ആകാമെന്ന് അമേരിക്ക സ്വയം പറയുന്നു; അക്ഷരാര്‍ഥത്തില്‍ അത് പ്രവര്‍ത്തിച്ചുകാണിക്കുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും പാകിസ്ഥാനിലും മാത്രമല്ല, തങ്ങള്‍ക്ക് സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യമുള്ള ഏതു രാഷ്ട്രത്തിലും ഇത്തരം കടന്നാക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്ന ധാര്‍ഷ്ട്യമാണ് അമേരിക്കയുടെ പുതിയ നീക്കങ്ങളില്‍ പ്രകടമാകുന്നത്. ഏറ്റവുമൊടുവില്‍ ലിബിയയില്‍ പ്രസിഡന്റ് മു അമ്മര്‍ ഗദ്ദാഫിയുടെ വീടിനുനേരെ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഗദ്ദാഫിയുടെ ഇളയ മകനും മൂന്നു പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 12ന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ കൊന്നതില്‍പ്പോലും ഖേദിക്കാന്‍ അമേരിക്കയ്ക്ക് മനസ്സില്ല. വ്യോമാക്രമണം നിര്‍ത്തിയാല്‍ വെടി നിര്‍ത്താമെന്നും നാറ്റോയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള ഗദ്ദാഫിയുടെ വാഗ്ദാനം തള്ളിയാണ് കൂട്ടക്കൊല നടത്തിയത്.

    ReplyDelete