Monday, May 9, 2011

ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പണപ്പിരിവ് നടത്തുന്നെന്ന് ആര്‍എസ്എസ്

കറുകച്ചാല്‍ : അഴിമതി ഉന്നയിച്ച് ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ആര്‍എസ്എസിന്റെ പ്രചാരണ യുദ്ധം. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ മേടയ്ക്കല്‍ യുഡിഎഫുമായി ചേര്‍ന്ന് വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകച്ചവടവും നിര്‍ബന്ധിത പണപ്പിരിവും നടത്തിയെന്ന് ആര്‍എസ്എസ് ആരോപിച്ചു. ബിഎംഎസിന്റെ കറുകച്ചാലിലെ പ്രാദേശികനേതാവ് ഉണ്ണിക്കൃഷ്ണന്‍ നായര്‍ക്കെതിരെയും ആര്‍എസ്എസ് ആരോപണം ഉന്നയിച്ചു. ഇരുവരെയും കുറ്റപ്പെടുത്തിയുള്ള ആര്‍എസ്എസ് കറുകച്ചാല്‍ കമ്മിറ്റിയുടെ പോസ്റ്ററുകള്‍ പഞ്ചായത്തില്‍ പ്രചരിച്ചു.

"വോട്ടുകച്ചവടവും നിര്‍ബന്ധിത പണപ്പിരിവും നടത്തി ദേശീയപ്രസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന രാജന്‍ മേടയ്ക്കലും ഉണ്ണക്കൃഷ്ണന്‍ നായരുമടങ്ങുന്ന മാഫിയാസംഘത്തെ ഒറ്റപ്പെടുത്തുക", പാവങ്ങള്‍ വീടുവെയ്ക്കാന്‍ മണ്ണു നിരത്തുന്നതിനു പോലും ഗുണ്ടാപ്പിരിവു വാങ്ങുന്ന ഇവര്‍ നാടിന് അപമാനം", "ഈ സാമൂഹ്യദ്രോഹികളെ ബിജെപിയില്‍നിന്ന് പുറത്താക്കി പ്രസ്ഥാനത്തെ രക്ഷിക്കുക" എന്നിങ്ങനെയാണ് പോസ്റ്ററിലെ പരാമര്‍ശങ്ങള്‍ .

പഞ്ചായത്തിലെ നെത്തല്ലൂര്‍ , ചമ്പക്കര പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ വ്യാപകമാണ്. നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിനു സമീപം ആര്‍എസ്എസിന്റെ വാര്‍ത്താബോര്‍ഡിലും ഇത് പ്രത്യക്ഷപ്പെട്ടു. ഇവരുടെ നേതൃത്വത്തില്‍ നാട്ടില്‍ വ്യാപകമായി പണപ്പിരിവാണ് നടക്കുന്നതെന്നും തടിവെട്ട്, നീര്‍ത്തടപണികള്‍ , മണ്ണെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയും പണം പിരിക്കുകയാണെന്ന് ആര്‍എസ്എസിന്റെ പ്രദേശിക-താലൂക്ക് നേതൃത്വം ആരോപിച്ചു. വാഴൂര്‍ മണ്ഡലത്തിലും മണ്ഡലത്തിലെ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തുന്നത് ഇക്കൂട്ടരാണെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു.

ദേശാഭിമാനി 090511

No comments:

Post a Comment