Monday, May 23, 2011

കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം; ജോര്‍ജായാല്‍ 'പാര' വേണം

''ആലായാല്‍ തറവേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായി കുളം വേണം
കുളത്തില്‍ ചെന്താമര വേണം'' എന്ന് ജി കാര്‍ത്തികേയന്‍ പലപ്പോഴും കെ മുരളീധരന്‍ ചിലപ്പോഴും പാടിക്കേട്ടിട്ടുണ്ട്. പക്ഷേ പാട്ട് കേട്ടാസ്വദിക്കുന്നതിനിടയില്‍ ''കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം, മന്ത്രിയാകാന്‍ ഗ്രൂപ്പ് വേണം, ഗ്രൂപ്പായാല്‍ നേതാവ് വേണം, നേതാവിനെ വാഴ്‌ത്തേണം, ഗ്രൂപ്പില്‍ മുങ്ങിത്താഴേണം'' എന്ന അലംഘനീയ സത്യം ഈ സാധുക്കള്‍ ഓര്‍ക്കാതെപോയി. ''പൂവായാല്‍ മണം വേണം, പൂമാനായാല്‍ ഗുണം വേണം'' എന്ന കാര്യം കോണ്‍ഗ്രസില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന കാര്യം മനസിലാക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അതുകൊണ്ട് ഗുണമുള്ള പൂമാന്‍മാരായ ജി കാര്‍ത്തികേയനും വി ഡി സതീശനും ആദിയായുള്ളവരും വരാന്തയില്‍ പോലും പ്രവേശനമില്ലാത്ത, പൂജയ്‌ക്കെടുക്കാത്ത പൂക്കളായി.

ഗ്രൂപ്പ് കളിച്ചും കളിപ്പിച്ചും ഉടുമുണ്ടഴിപ്പിച്ചും സോഡാകുപ്പി പ്രയോഗം നടത്തിച്ചും ക്ഷീണിച്ചതുകൊണ്ട് ഇഷ്ടവിനോദമായ ഗ്രൂപ്പ് കളിയില്‍ നിന്ന് സ്വയരക്ഷയ്ക്കായി തത്ക്കാലം മാറിനിന്നത് കെ മുരളീധരന്‍ എന്ന ഗ്രൂപ്പ് ആശാന് വിനയായി മാറി. ഇനി ഗ്രൂപ്പ് കളിക്കില്ലെന്ന് കൈപിണച്ച് ചെവിയില്‍ പിടിച്ച് ആയിരംവട്ടം പറഞ്ഞത് കോണ്‍ഗ്രസില്‍ നാലണ മെമ്പര്‍ഷിപ്പ് തരപ്പെട്ടുകിട്ടാനായിരുന്നു. ഗ്രൂപ്പ് രഹിതന്‍ എന്നു പേരെടുത്താല്‍ പഴയ മദാമ്മ ഗാന്ധിയും ഇപ്പോഴത്തെ മാഡംജിയുമായ ആരാധ്യയും പഴയ അലുമിനിയം പട്ടേലും ഇപ്പോഴത്തെ പട്ടേല്‍ജിയുമായ ആരാധ്യനും കനിവുള്ളവരായി മാറുമെന്ന് വെറുതേ ആശിച്ചുപോയി. അവര്‍ക്ക് കനിവുണ്ടാവാനായി, മുക്കാലിയില്‍ കെട്ടിയിട്ട് ചാണകത്തില്‍ മുക്കിയ ചാട്ടവാര്‍ കൊണ്ടടിക്കണം എന്ന തന്റെ പഴയ വിഖ്യാതമായ പ്രയോഗം അന്നേ മറന്ന് വലിയ മനസിന്റെ 'ഉടമ'യായ ആന്റണി മരുന്നുകൊടുക്കുമെന്നും കരുതിപ്പോയി. അടവൊന്നു പിഴച്ചാല്‍ ആശാനും വീഴും എന്നിപ്പോള്‍ ഒരിക്കല്‍ കൂടി മനസിലായി.

ഗ്രൂപ്പ് കളിയുടെ തമ്പുരാനായിരുന്ന അച്ഛന്‍ കരുണാകരന്റെ ഗുരു മുഖത്തുനിന്ന് അടവുകള്‍ വശത്താക്കിയ തന്നെ വീഴ്ത്തിയ അരിങ്ങോടന്‍മാരോട് അരിശം സഹിക്കവയ്യാത്തതുകൊണ്ടാണ് ഗ്രൂപ്പ് കളിച്ചുള്ള മന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും തന്നെ മന്ത്രിയാക്കാതിരിക്കുന്നതിന് ചില ഗ്രൂപ്പ് നേതാക്കള്‍ കൈയയച്ച് 'സഹായിച്ചെന്നും' ഇനി ഒരിടത്തേയ്ക്കും തന്നെ പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞുപോയത്. അതൊക്കെ മുഖവിലയ്‌ക്കെടുത്ത് ഇനി ഒന്നിലേയ്ക്കും പരിഗണിക്കാതിരിക്കാന്‍ കോണ്‍ഗ്രസിലെ മണ്ടന്‍മാര്‍ തുനിയുകയില്ലെന്നാണ് പ്രതീക്ഷ. അങ്കം നിര്‍ത്തി, ചുരിക ചുരുട്ടി പത്തായത്തില്‍വച്ചു എന്നൊക്കെ ഭംഗിവാക്കു പറഞ്ഞപ്പോള്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവര്‍ ചിലപ്പോള്‍ ഈ വാക്കുകളും വിശ്വസിച്ചുകളയും. പത്തായം തുറന്ന് ചുരിക പുറത്തെടുക്കുവാനും മുന്‍പിന്‍ നോക്കാതെ വീശാനും മടിക്കുകയില്ലെന്ന് വൈകാതെ ഗ്രൂപ്പ് മേലാളന്‍മാര്‍ക്ക് മനസിലാകും. അണ്ണാന്‍ വയസായാലും മരം കയറ്റം മറക്കില്ല. കോണ്‍ഗ്രസില്‍ ഇത്ര ഗ്രൂപ്പേ അകാവൂ എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലല്ലോ.

ജി കെ എന്ന് കോണ്‍ഗ്രസുകാര്‍ ആദരവോടെ വിളിക്കുന്ന ജി കാര്‍ത്തികേയനും കളി പഠിച്ചത് കരുണാകര കളരിയില്‍ നിന്നുതന്നെ. പിന്നെ പിന്നെ ആശാനെ മലര്‍ത്തിയടിക്കുവാനുള്ള പൂഴിക്കടകന്‍ പുതിയതരം കൈവശമുണ്ടെന്ന് തെളിയിച്ച് തിരുത്തല്‍വാദി ഗ്രൂപ്പിലൂടെ കരുണാകര ഗുരുവിനെ ഞെട്ടിച്ച പാരമ്പര്യവുമുണ്ട്. കരുണാകരനെ മറിച്ച് ആന്റണി ആശാന്‍ മുഖ്യമന്ത്രിയായപ്പോള്‍ കരുണാകര ശിഷ്യനായി പരകായ പ്രവേശം നടത്തി കറന്റ് മന്ത്രിയായപ്പോള്‍ തിരുത്തല്‍വാദം കറന്റടിച്ചുപോയി. വൈദ്യുത മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്നപ്പോള്‍ സ്വന്തം ഗ്രൂപ്പ് ഒലിച്ചുപോകുന്നതു കാണാതെ പോയത് പരമാബദ്ധമായി എന്നിപ്പോള്‍ തിരിച്ചറിയുന്നു. നല്ല പ്രായത്തില്‍ കെ പി സി സിയുടെ ഉപാധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഉപനേതാവുമായതാണ്. ക്യാ ഫലം! എന്നും ഉപസ്ഥാനമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഗ്രൂപ്പില്ലാത്തവനായതുകൊണ്ട് കോണ്‍ഗ്രസ് മന്ത്രി പട്ടികയിലെ പത്താമന്‍ പോലുമായില്ല. കരുണാകരനെ വിട്ട് ആന്റണിയുടെ അരുമയായപ്പോള്‍ കാത്തുകൊള്ളുമെന്ന് കരുതി. പട്ടിക ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ ആന്റണി മൊഴിയുമെന്നും വിശ്വസിച്ചു. പക്ഷേ പതിവുരോഗം അദ്ദേഹത്തെ പിടികൂടിയിരുന്ന സമയമായിരുന്നു. മൗനരോഗം. തന്റെ കാര്യത്തില്‍ ഈ മൗനരോഗം ആദ്യമൊന്നുമല്ല ആന്റണിക്കുണ്ടാവുന്നത്. ആന്റണിയെ മറിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രി പട്ടികയുണ്ടാക്കിയപ്പോഴും ആക്ടിംഗ് പ്രസിഡന്റുമാരുടെ പരമ്പര കഴിഞ്ഞ് കെ പി സി സി പ്രസിഡന്റായി ചെന്നിത്തലയെ കയറില്‍ തൂക്കിയിറക്കിയപ്പോഴും എ കെയ്ക്ക് ജി കെയുടെ കാര്യത്തില്‍ മൗനമായിരുന്നു. ഡല്‍ഹിയില്‍ യൂത്തന്‍മാരുടെ പ്രസിഡന്റായി ചുറ്റിക്കറങ്ങിയിരുന്ന രമേശ് ചെന്നിത്തലയെയും തോറ്റ് തൊപ്പിയിട്ടു നടന്ന എം ഐ ഷാനവാസിനെയുമൊക്കെ തിരുത്തല്‍വാദികളാക്കി കെട്ടിയെഴുന്നെള്ളിച്ചു നടന്നത് ഈ പാവം ജി കെയാണെന്ന് പാലം കടന്നപ്പോള്‍ അവറ്റകള്‍ മറന്നു പോയി. സമുദായവും ഗ്രൂപ്പും പരിഗണിച്ചപ്പോള്‍ പണിയറിയാവുന്നവര്‍ പുറത്തായി എന്നു പറഞ്ഞാല്‍ മതി. സമുദായവും ജില്ലയും പരിഗണിച്ചാല്‍ വരേണ്ടതായിരുന്നൂ. പക്ഷേ അതേ സമുദായത്തില്‍ നിന്ന് അതേ ജില്ലയില്‍ നിന്ന് മറ്റൊരാളെ ചെന്നിത്തല വാഴിച്ചിരിക്കുന്നു. താന്‍ കെ പി സി സി ഉപാധ്യക്ഷനായിരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റോ എന്തോ ആയിരുന്ന ശിവകുമാറിനെ. കൊടിക്കുന്നില്‍ സുരേഷിന്റെ ആരുമറിയാത്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ ജാഥയെ കളിയിക്കാവിളയില്‍ വരവേല്‍ക്കാന്‍ ചെന്നപ്പോള്‍ കാര്‍ത്തികേയന്റെ മുണ്ടഴിച്ച് കോണ്‍ഗ്രസ് പാരമ്പര്യം തെളിയിച്ച വിരുതനാണ് ശിവകുമാരന്‍. അത് മന്ത്രിസ്ഥാനത്തേയ്ക്കുള്ള പരമ യോഗ്യതയായി. പുതുമുറക്കാര്‍ മെയ്‌വഴക്കത്തില്‍ അഗ്രഗണ്യരാണ് എന്ന സന്ദേശം കൂടി ഇതില്‍ നിന്ന് മനസിലായി.

എന്തൊരു പുകഴ്ത്തലായിരുന്നൂ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പുകഴ്ത്തല്‍ കേട്ടുകേട്ട് നാലഞ്ചുനാള്‍ ഉറക്കംപോലും കിട്ടാതെ കോരിത്തരിച്ചിരുന്നു പോയിട്ടുണ്ട് വി ഡി സതീശന്‍. കോണ്‍ഗ്രസിന്റെ കുന്തമുന, വീരാളിപ്പട്ട് അണിയിക്കേണ്ട വില്ലാളിവീരന്‍ എന്നൊക്കെയായിരുന്നൂ പുകഴ്ത്തല്‍. കാര്യത്തോടടുത്തപ്പോള്‍ കുന്തവുമില്ല, മുനയുമില്ല, വീരാളിപ്പട്ടുമില്ല. കുന്തം വിഴുങ്ങിയവന്റെ നിലയിലെത്തിച്ചു. വീരാളിപ്പട്ടിനു പകരം ശവക്കച്ച കരുതിവെച്ചിരിക്കുന്നവരാണ് ഗ്രൂപ്പ് മേലാളന്‍മാരും പുകഴ്ത്തല്‍ സാമ്രാട്ടുകളുമെന്ന് പിടികിട്ടി.

സമുദായത്തിന്റെ കാര്യവും ഗ്രൂപ്പിന്റെ കാര്യവും പറഞ്ഞ് തന്നെപ്പറ്റിക്കാന്‍ കഴിയില്ലെന്ന് ഉറക്കത്തില്‍ പോലും സതീശന്‍ വിളിച്ചു പറയുന്നു. തന്റെ അതേ സമുദായത്തില്‍, തന്റെ അതേ ഗ്രൂപ്പില്‍പെട്ട ശിവകുമാര്‍ മന്ത്രിയായി. പാര്‍ലമെന്റംഗമായിരുന്ന അഞ്ചുവര്‍ഷം ലോക്‌സഭയില്‍ അധികം സംസാരിച്ചിട്ടില്ല എന്നതും പിന്നീട് രണ്ടുവട്ടവും ജനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചുവെന്നതും ഈ കുമാരന് അധിക യോഗ്യതയായി. സ്വന്തം പുത്രന്‍ മുരളീധരന്‍ പോലും പങ്കെടുക്കാത്ത കോണ്‍ഗ്രസ് പിളര്‍പ്പന്‍ യോഗത്തില്‍ കരുണാകരന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് (ഇന്ദിര) എന്ന പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ കസേര വലിച്ചിട്ടതും കര്‍ട്ടന്‍ ഉയര്‍ത്തിയതും പിന്നെ കരുണാകരന് ഉശിരന്‍ പണികൊടുത്തതും കുമാരനെ ചെന്നിത്തലയ്ക്കു പോലും വിശ്വാസയോഗ്യനാക്കി.

കെ മുരളീധരന്‍, ജി കാര്‍ത്തികേയന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കൊക്കെ ഏറെ ഗുണപാഠങ്ങള്‍ കിട്ടി എന്നതുമാത്രമാണ് നേട്ടം. കോണ്‍ഗ്രസില്‍ ഭാവി വേണമെങ്കില്‍ ഇന്ന ജാതി, അതില്‍ തന്നെ ഇന്ന ഉപജാതി, ഇന്ന ഗ്രൂപ്പ്, ഇന്ന ഉപഗ്രൂപ്പ് എന്നിവ സദാസമയവും വെളിപ്പെടുത്തിക്കൊണ്ടിരിക്കണം. ഞൊടിയിടപോലും നടുനിവര്‍ക്കാതെ മുട്ടിലിഴയണം. കുറഞ്ഞത് ഒരു വിജിലന്‍സ് കേസെങ്കിലും സ്വന്തം പേരിലുണ്ടാവണം. എങ്കിലേ രക്ഷകിട്ടൂ. പിന്നെ ഏക ആശ്വാസം ഘടകകക്ഷി കൂട്ടുകാര്‍ കാണിക്കുന്നതുപോലെ പരസ്യമായി പെണ്ണുകേസ് കാട്ടി അപമാനിച്ച് ഒഴിവാക്കിയില്ലെന്നു മാത്രം. അല്ലെങ്കില്‍ തന്നെ വന്നുവന്ന് പെണ്ണുകേസും ഒരധിക യോഗ്യതയായി മാറിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കും പി ജെ ജോസഫിനുമുണ്ടായ ഉയര്‍ന്ന ഭൂരിപക്ഷം കണ്ടപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് സീറ്റു നല്‍കാത്തതില്‍ കണ്ഠിതമുണ്ടായ കോണ്‍ഗ്രസുകാര്‍ തന്നെയുണ്ട്.

മന്ത്രിയാകണമെന്ന ആശ വിട്ടുപിരിയാതായിട്ട് വശംകെട്ടു നടക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്ന് പി സി ജോര്‍ജിന് തന്നെ നിശ്ചയമില്ല. ജോസഫ് ഗ്രൂപ്പിനൊപ്പം നിന്നാല്‍ അതു നടക്കില്ലെന്നും എന്നും ജോസഫ് തന്നെയായിരിക്കുമെന്നും കരുതിപ്പോയപ്പോഴാണ്  സ്വന്തം കേരള കോണ്‍ഗ്രസുണ്ടായത്. പില്‍ക്കാലത്ത് ജോസഫ് പെണ്ണുകേസില്‍ കുടുങ്ങുമെന്നും മന്ത്രിസ്ഥാനം വേറൊരാള്‍ക്ക് കിട്ടുമെന്നും ഒരു ജ്യോത്സ്യനും പറഞ്ഞുകൊടുത്തില്ല. ഒറ്റയാനായി നിന്നാല്‍ എല്‍ ഡി എഫില്‍ മന്ത്രിക്കസേര കിട്ടില്ലെന്നു തോന്നിയപ്പോഴാണ് അന്നേവരെ നാക്കെടുത്താല്‍ പുലഭ്യവിശേഷണങ്ങള്‍ മാത്രം ചാര്‍ത്തിക്കൊടുത്തിരുന്ന കെ എം മാണിയെ സാര്‍ സാര്‍ എന്നു വിളിച്ച് കയറിപ്പറ്റിയത്. വരാനുള്ളത് വഴിയില്‍ തങ്ങുകയില്ലെന്ന് പറയുന്നത് എത്രശരി. ഒഴിയാബാധയായി ജോസഫും മാണികോണ്‍ഗ്രസില്‍ നുഴഞ്ഞുകയറി.

മന്ത്രിസ്ഥാനം മൂന്നു വേണമെന്ന് കോണ്‍ഗ്രസിനോട് കേണുപറഞ്ഞെന്ന് മാണിസാര്‍ പറഞ്ഞത് വിശ്വാസം വരാഞ്ഞിട്ടാണ് ചര്‍ച്ചയില്‍ സ്വയം പങ്കെടുത്തത്. മന്ത്രിസ്ഥാനമില്ലെങ്കില്‍ സ്പീക്കറായാലും മതിയെന്നും സ്പീക്കറായാല്‍ താന്‍ ഒന്നൊന്നര സ്പീക്കറായിരിക്കുമെന്നും  മുന്നണി ചര്‍ച്ചയിലും ടി വി ചര്‍ച്ചയിലും പറഞ്ഞുനോക്കി. പക്ഷേ സ്പീക്കറാകാന്‍ താന്‍ ഇപ്പോള്‍ ചെയ്യുന്ന പണികള്‍ അറിഞ്ഞാല്‍ പോരെന്നായി പൊതുമതം.

പിന്നെ അറിയാവുന്ന പണി ചെയ്യുക തന്നെ. തിരഞ്ഞെടുപ്പ്കാലത്ത് ജോസഫിന് സീറ്റ് കിട്ടാതിരിക്കുവാനായി തന്നെ പണിയൊന്ന് പുറത്തെടുത്തതാണ്. ഒരു സ്ത്രീ പീഡന പണി. പക്ഷേ ഫലം കണ്ടില്ല. അതേപണി പുതിയ സൂത്രങ്ങളോടെ പുറത്തെടുക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. വിമാനത്തില്‍ വച്ച് കൈനീണ്ടുപോയ ജോസഫ് മൊബൈല്‍ മെസേജുകളിലൂടെ ഉത്തരാധുനിക നിലയില്‍ സ്ത്രീപീഡനം നടത്തിയെന്ന് മൊബൈല്‍ ഇരയെക്കൊണ്ട് കേസ് കൊടുപ്പിച്ചു. പക്ഷേ പണി പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് തോന്നുന്നു.

'എന്തുവന്നാലുമെനിക്കാസ്വദിക്കണം, മന്ത്രിക്കസേരയിലിരുന്നുള്ള ജീവിതം' എന്ന് പാടി പാടി അലയാനായിരിക്കുമോ വിധി എന്നാലോചിച്ച് നാവിന് എല്ലില്ലാത്ത വിരുതന്‍ വിയര്‍ക്കുമ്പോഴാണ് ആരോടും ചോദിക്കാതെയും പറയാതെയും പാര്‍ലമെന്ററികാര്യ മന്ത്രിയെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും. പാര ഇങ്ങനെയും വരാം എന്ന് പാഠം.

ദിഗംബരന്‍ ജനയുഗം 230511

1 comment:

  1. ''ആലായാല്‍ തറവേണം
    അടുത്തൊരമ്പലം വേണം
    ആലിനു ചേര്‍ന്നൊരു കുളവും വേണം
    കുളിപ്പാനായി കുളം വേണം
    കുളത്തില്‍ ചെന്താമര വേണം'' എന്ന് ജി കാര്‍ത്തികേയന്‍ പലപ്പോഴും കെ മുരളീധരന്‍ ചിലപ്പോഴും പാടിക്കേട്ടിട്ടുണ്ട്. പക്ഷേ പാട്ട് കേട്ടാസ്വദിക്കുന്നതിനിടയില്‍ ''കോണ്‍ഗ്രസായാല്‍ ഗ്രൂപ്പ് വേണം, മന്ത്രിയാകാന്‍ ഗ്രൂപ്പ് വേണം, ഗ്രൂപ്പായാല്‍ നേതാവ് വേണം, നേതാവിനെ വാഴ്‌ത്തേണം, ഗ്രൂപ്പില്‍ മുങ്ങിത്താഴേണം'' എന്ന അലംഘനീയ സത്യം ഈ സാധുക്കള്‍ ഓര്‍ക്കാതെപോയി. ''പൂവായാല്‍ മണം വേണം, പൂമാനായാല്‍ ഗുണം വേണം'' എന്ന കാര്യം കോണ്‍ഗ്രസില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണെന്ന കാര്യം മനസിലാക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അതുകൊണ്ട് ഗുണമുള്ള പൂമാന്‍മാരായ ജി കാര്‍ത്തികേയനും വി ഡി സതീശനും ആദിയായുള്ളവരും വരാന്തയില്‍ പോലും പ്രവേശനമില്ലാത്ത, പൂജയ്‌ക്കെടുക്കാത്ത പൂക്കളായി.

    ReplyDelete