നോയിഡയില്‍ കര്‍ഷകസമരത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
നോയിഡ: യമുന എക്സ്പ്രസ് ഹൈവേയ്ക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് നടന്ന വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജില്ലാ മജിസ്ട്രേറ്റ് ദീപക് അഗര്‍വാളിന് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒരു കര്ഷകന് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതാണ് കര്‍ഷകരെ പ്രകോപിപ്പിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ ഭട്ടാ പര്‍സുല്‍ ഗ്രാമത്തിലാണ് ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്ത കര്‍ഷകരും പൊലീസും തമ്മില്‍ വെടിവയ്പ്പ് നടന്നത്. എന്നാല്‍ ബന്ദികളെ സുരക്ഷിതരായി മോചിപ്പിക്കാനായെന്ന് ഉത്തര്‍പ്രദേശ് ഡി ജി പി പറഞ്ഞു.
കഴിഞ്ഞ ദിവസം കര്‍ഷകര്‍ ബന്ദികളാക്കിയ രണ്ട് ഉദ്യോഗസ്ഥരെയും ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ഒരു ഡ്രൈവറെയും സുരക്ഷിതമായി മോചിപ്പിക്കുന്നതിന് ഒരു പൊലീസ് സംഘം ഗ്രാമത്തില്‍ എത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മായാവതി നേരിട്ടെത്തി പ്രശ്നത്തില്‍ ഇടപെടുന്നതുവരെ ബന്ദികളെ മോചിപ്പിക്കാനോ ഫലപ്രദമായ ചര്‍ച്ച നടത്താനോ ആവില്ലെന്ന നിലപാട് പൊലീസുമായുള്ള ചര്‍ച്ചയില്‍ കര്‍ഷകര്‍ സ്വീകരിക്കുകയായിരുന്നു.
കര്‍ഷകര്‍ക്കുനേരെ പൊലീസ് ആദ്യം ലാത്തിച്ചാര്‍ജ് നടത്തുകയും പിന്നീട് കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് ഇരുവിഭാഗവും ഉച്ചയ്ക്ക് 2.30 മുതല്‍ 5.30വരെ പരസ്പരം വെടിവയ്പ്പ് നടത്തിയത്.
വെള്ളിയാഴ്ച രാത്രിയില്‍ പൊലീസിന്റെ വെടിയേറ്റ് ഹരിഓം എന്നപേരുള്ള കര്ഷകന് കൊല്ലപ്പെട്ടതായി മീററ്റ് ഐ ജി രജനികാന്ത് മിശ്രയുമായി കര്‍ഷക നേതാവ് മന്‍വീര്‍ തൈവാതിയ നടത്തിയ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമരം നടത്തുകയായിരുന്ന ഞങ്ങള്‍ക്കുനേരെ ജില്ലാ ഭരണകൂടത്തിലെ മൂന്നുപേര്‍ വെടിയുതിര്‍ക്കുകയും എന്റെ ജീവന് രക്ഷിക്കാനായി മുന്നിലേക്ക് ചാടിയ ഹരിഓം വെടിയേറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരണമടയുകയായിരുന്നെന്നും പ്രതികള്‍ അപ്പോള്‍തന്നെ രക്ഷപ്പെട്ടെന്നും തൈവാതിയ പറഞ്ഞു. ജില്ലാ ഭരണകൂടം കര്‍ഷകരെ തോക്കെടുക്കാന്‍ പ്രേരിപ്പികുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമാസക്തരായ ജനക്കൂട്ടം കണ്ണില്‍ കണ്ടതിനെല്ലാം തീവയ്ക്കുയും പൊലീസിനെ തടയുന്നതിന് കൈയില്‍കിട്ടിയതെല്ലാം വലിച്ചെറിയുകയും ചെയ്തു.
നോയിഡയിലൂടെ പുതിയ ബസ് സര്‍വീസിനുള്ള സര്‍വെ നടത്തുന്നതിനായി ഗ്രാമത്തിലെത്തിയ ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരായ ദുര്‍ഗേഷ് ഭരദ്വാജ്, നിരഞ്ജന് ദാസ് എന്നിവരെയും ഇവരുടെ ഡ്രൈവര്‍ ജിതേന്ദറിനെയുമാണ് കര്‍ഷകര്‍ കഴിഞ്ഞ ദിവസം ബന്ദികളാക്കിയത്.
ഇടത് കാലിന് വെടിയേറ്റ ജില്ലാ മജിസ്ട്രേറ്റ് ദീപക് അഗര്‍വാളിന്റെയും ഇടുപ്പിന് ശക്തമായ അടിയേറ്റ സ്പെഷ്യല്‍ പൊലീസ് സൂപ്രണ്ട് എസ് എന്‍ സിംഗിന്റെയും നിലയില്‍ മാറ്റമില്ലെന്നും എന്നാല്‍ ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആസുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
തങ്ങളുടെ പകുതി ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്നും വികസനത്തിനുശേഷം ബാക്കിവരുന്ന ഭൂമി അവര്‍ക്ക് തിരിച്ചുനല്‍കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. നോയിഡ, ഗ്രേറ്റര്‍ നോയിഡ, യമുന എക്സ്പ്രസ് ഹൈവേ തുടങ്ങിയ പദ്ധതികളില്‍ 25 ശതമാനം സംവരണം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുകൂടാതെ ഭൂരഹിതരാകുന്ന കര്‍ഷകര്‍ക്ക് 120 സ്ക്വയര്‍ മീറ്റര്‍ സ്ഥലവും അഞ്ച് ലക്ഷം രൂപവീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്താന്‍ വിസമ്മതിച്ച കര്‍ഷക നേതൃത്വം ഏത് തരത്തിലുള്ള ചര്‍ച്ചയും മുഖ്യമന്ത്രിയുമായി മാത്രമേയുള്ളൂവെന്ന് അഭിപ്രായപ്പെട്ടു. പതിനായിരത്തോളം കര്‍ഷകരെ അണിനിരത്തി ഫോര്‍മുല വണ്‍ ട്രാക്ക് നശിപ്പിക്കുമെന്നും തടയാന്‍ ശ്രമിച്ചാല്‍ തോക്കുകൊണ്ട് മറുപടി പറയുമെന്നും തൈവാതിയ പറഞ്ഞു.
സമരക്കാരായ ഈ ഗ്രാമത്തിലെതന്നെ കര്‍ഷകര്‍ കഴിഞ്ഞ മാര്‍ച്ച് 26ന് രണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയിരുന്നു.
ഭട്ടാ പര്‍സുല്‍ ഗ്രാമത്തില്‍ കഴിഞ്ഞ 111 ദിവസമായി നടക്കുന്ന കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നത് മന്‍വീര്‍ തൈവാതിയ ആണ്. ഫോര്‍മുല 1 കാറോട്ടവും എക്സ്പ്രസ് ഹൈവേ പദ്ധതിയും തടയുകയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തേണ്ടതിനാല്‍ പദ്ധതികളില്‍ മാറ്റം വരുത്തുകയാണെന്നും തൈവാതിയ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കര്‍ഷകപ്രക്ഷോഭം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. സര്‍ക്കാരിന്റെ ഭൂമിഏറ്റെടുക്കലിനെതിരായ പ്രക്ഷോഭം നോയിഡക്കു പിന്നാലെ ആഗ്രയിലും ശക്തമായി. പൊലീസുമായി ഏറ്റുമുട്ടിയ കര്‍ഷകര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. നോയിഡയില്‍ പൊലീസും കര്‍ഷകരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇവിടെ പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന മന്‍വീര്‍സിങ് തെവാട്ടിയയെ അറസ്റ്റുചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് അലരക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ആഗ്രയിലെ ചൗഗാന്‍ ഗ്രാമത്തില്‍ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. യമുന എക്സ്പ്രസ് വേക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് മാന്യമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. അക്രമസാക്തരായ ജനക്കൂട്ടം ഹൈവേ നിര്‍മാണത്തിനായി സ്ഥാപിച്ച ടെന്റുകള്‍ അഗ്നിക്കിരയാക്കിയെന്ന് സ്പെഷ്യല്‍ ഡിജിപി ബ്രിജ് ലാല്‍ പറഞ്ഞു. ഗൂതംബുദ്ധ നഗറിലെ ഭട്ട പര്‍സോള്‍ ഗ്രമത്തില്‍ ശനിയാഴ്ചത്തെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ കാലു എന്ന കര്‍ഷകനാണ് ഞായറാഴ്ച മരിച്ചത്. മറ്റൊരു കര്ഷകന് രാജ്വീറും പൊലീസുകാരായ മന്‍വിര്‍സിങ്, മനോഹര്‍സിങ് എന്നിവരും ശനിയാഴ്ച കൊല്ലപ്പെട്ടു.
ReplyDelete