Monday, May 23, 2011

പിന്തുണ ഇടിഞ്ഞു: സര്‍വേ

മൂന്നാംവര്‍ഷത്തിലേക്ക് കടന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞതായി സര്‍വേ. രാജ്യത്തെ 28 നഗരത്തില്‍ ഒമ്പതിനായിരത്തോളം പേരെ നേരില്‍ കണ്ട് സ്റ്റാര്‍ ന്യൂസ്- എസി നീല്‍സണ്‍ സംഘടിപ്പിച്ച സര്‍വേയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനപ്രീതി 30 ശതമാനത്തിലേക്ക് ഇടിഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്ത് 37 ശതമാനം പേരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുള്ള പിന്തുണ 21 ശതമാനമായും കുറഞ്ഞു. സര്‍ക്കാരിന്റെ പ്രകടനം തീര്‍ത്തും മോശമാണെന്ന് 20 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നല്ലതെന്ന അഭിപ്രായം ന്യൂനപക്ഷത്തിന് മാത്രം.

യുപിഎ സര്‍ക്കാര്‍ വന്നശേഷം വിലക്കയറ്റം രൂക്ഷമായെന്ന് 66 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താണതായി 50 ശതമാനം പേര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ വന്നശേഷം രാജ്യത്തെ ഗ്രാമങ്ങളുടെ അവസ്ഥ ദയനീയമായതായി 42 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ സ്ഥിതി ദയനീയമായതായി 43 ശതമാനം പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം അതിരൂക്ഷമായി തുടരുകയാണെന്നാണ് 51 ശതമാനം പേരും പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന് അടിവരയിടുന്നതാണ് സര്‍വേ ഫലം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തകര്‍ന്നിരുന്നു. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത തോല്‍വിയും കേരളത്തില്‍ തിരിച്ചടിയുമുണ്ടായി. ബംഗാളില്‍ മമത നേട്ടം കൊയ്തെങ്കിലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായില്ല. അസമില്‍ മാത്രമാണ് ആശ്വസിക്കാവുന്ന ജനവിധി.

deshabhimani 230511

1 comment:

  1. മൂന്നാംവര്‍ഷത്തിലേക്ക് കടന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞതായി സര്‍വേ. രാജ്യത്തെ 28 നഗരത്തില്‍ ഒമ്പതിനായിരത്തോളം പേരെ നേരില്‍ കണ്ട് സ്റ്റാര്‍ ന്യൂസ്- എസി നീല്‍സണ്‍ സംഘടിപ്പിച്ച സര്‍വേയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനപ്രീതി 30 ശതമാനത്തിലേക്ക് ഇടിഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്ത് 37 ശതമാനം പേരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ടായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുള്ള പിന്തുണ 21 ശതമാനമായും കുറഞ്ഞു. സര്‍ക്കാരിന്റെ പ്രകടനം തീര്‍ത്തും മോശമാണെന്ന് 20 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നല്ലതെന്ന അഭിപ്രായം ന്യൂനപക്ഷത്തിന് മാത്രം.

    ReplyDelete