Wednesday, May 4, 2011

പലിശനിരക്ക് ഉയരും

പണപ്പെരുപ്പം തടയാനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തിയതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ ഉയരും. 2011-12 വര്‍ഷത്തേയ്ക്കുള്ള വളര്‍ച്ചാ ലക്ഷ്യം എട്ടു ശതമാനത്തിലേയ്ക്കു നിജപ്പെടുത്തിയ റിസര്‍വ് ബാങ്ക്, രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കാനും സര്‍ക്കാരിന് ഉപദേശം നല്‍കിയിട്ടുണ്ട്.

റിസര്‍വ് ബാങ്കില്‍നിന്നെടുക്കുന്ന വായ്പയ്ക്ക് ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കായ റിപ്പോ 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 7.25 ശതമാനമാക്കാന്‍ ഇന്നലെ ചേര്‍ന്ന വാര്‍ഷിക അവലോകന യോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനു ശേഷം ഇത് ഒന്‍പതാം തവണയാണ് റിസര്‍വ് ബങ്ക് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തുന്നത്.  സേവിംഗ്‌സ് ബാങ്ക് പലിശനിരക്ക് മൂന്നര ശതമാനത്തില്‍നിന്ന് നാലു ശതമാനമാക്കാനും ആര്‍ ബി ഐ തീരുമാനിച്ചിട്ടുണ്ട്. പണപ്പെരുപ്പം തടയാനുള്ള നടപടികളുടെ ഭാഗമായുള്ള നിരക്കു മാറ്റം കാര്യമായ ഗുണമൊന്നും ചെയ്തില്ലെന്ന് നേരത്തെ തന്നെ വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കണക്കിലെടുക്കാതെയാണ്, വ്യക്തഗത വായ്പാനിരക്കുകളില്‍ വന്‍ വര്‍ധനയ്ക്ക് ഇടവയ്ക്കുന്ന ഇപ്പോഴത്തെ നിരക്കു വര്‍ധന.

കുതിച്ചുയരുന്ന പണപ്പെരുപ്പം രാജ്യത്തെ ഗുരുതരമായ സാമ്പത്തിക കുഴപ്പത്തിലേയ്ക്ക് നയിക്കുകയാണെന്ന് വിലയിരുത്തിയാണ് ആര്‍ ബി ഐ ഹ്രസ്വകാല നിരക്കുകളില്‍ വീണ്ടും വര്‍ധന വരുത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും പണപ്പെരുപ്പ നിരക്കില്‍ കാര്യമായ കുറവൊന്നും ഉണ്ടാവാന്‍ ഇടയില്ലെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. സാമ്പത്തിക സ്ഥിതി ഇത്തരത്തില്‍ തുടരുന്ന ഘട്ടത്തില്‍, 2011-12 വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വളര്‍ച്ചാനിരക്കായ 9 ശതമാനത്തിലെത്തുക എളുപ്പമല്ലെന്നും ആര്‍ ബി ഐ വിലയിരുത്തി.

രാജ്യാന്തര വിപണിയിലെ വില വര്‍ധനയ്ക്ക് അനുസരിച്ച് ആഭ്യന്തര വിപണിയില്‍ ഇന്ധന വില വര്‍ധിപ്പിക്കണമെന്നും ആര്‍ ബി ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ വിലയില്‍ അടിയന്തര വര്‍ധന വരുത്തണം. വിലക്കയറ്റത്തെ ഇതു രൂക്ഷമായ ബാധിക്കുമെങ്കിലും വില വര്‍ധന ഒഴിവാക്കരുതെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറയുന്നത്. പണപ്പെരുപ്പം തടയാന്‍ ആര്‍ ബി ഐ നിര്‍ദേശിക്കുന്ന നടപടികള്‍ അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. നിരക്കു വര്‍ധന സ്വാഗതാര്‍ഹമാണെന്നാണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ അഭിപ്രായപ്പെട്ടത്.

റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയതോടെ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് വിവിധ ബാങ്കുകള്‍ പ്രതികരിച്ചു. ഭവന, വായ്പാ, കമ്പനി വായ്പകളുടെ നിരക്ക് ഉയരും. നിരക്കുകള്‍ അര ശതമാനം വരെ ഉയരാനാണ് സാധ്യത. അതേസമയം പണപ്പെരുപ്പം തടയുന്നതിന്റെ പേരില്‍ ഇത്തരം നടപടികളിലേയ്ക്ക് കടക്കുന്നത് സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വ്യവസായ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. നിരാശാജനകമായ നടപടിയാണ് ആര്‍ ബി ഐയുടേതെന്ന് ഫിക്കി ഡയറക്ടര്‍ ജനറല്‍ രാജീവ് കുമാര്‍ പറഞ്ഞു.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നടത്തേണ്ട നിക്ഷേപമായ കരുതല്‍ ധന അനുപാതത്തിന്റെ തോതില്‍ ആര്‍ ബി ഐ മാറ്റമൊന്നും വരുത്തിയിട്ടില്ല. അത് ആറു ശതമാനമായി തുടരും. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു. നിക്ഷേപത്തിന്റെ ഒരു ശതമാനം വരെ ബാങ്കുകള്‍ക്ക് 8.25 ശതമാനം നിരക്കില്‍ ഹ്രസ്വകാല വായ്പയെടുക്കാവുന്ന പുതിയ സംവിധാനം റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

ജനയുഗം 040511

1 comment:

  1. പണപ്പെരുപ്പം തടയാനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തിയതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ ഉയരും. 2011-12 വര്‍ഷത്തേയ്ക്കുള്ള വളര്‍ച്ചാ ലക്ഷ്യം എട്ടു ശതമാനത്തിലേയ്ക്കു നിജപ്പെടുത്തിയ റിസര്‍വ് ബാങ്ക്, രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കാനും സര്‍ക്കാരിന് ഉപദേശം നല്‍കിയിട്ടുണ്ട്.

    ReplyDelete