Monday, May 9, 2011

യുപിയില്‍ കര്‍ഷക പ്രക്ഷോഭം പടരുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യമുന എക്സ്പ്രസ് പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരായ കര്‍ഷകപ്രക്ഷോഭം കൂടുതല്‍ ആഗ്ര, അലിഗഢ് മേഖലകളിലേക്ക് വ്യാപിക്കുന്നു. ആഗ്രയില്‍ ചൗഗാന്‍ ഗ്രാമത്തില്‍ പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് പാത നിര്‍മാണ കമ്പനിയായ ജേപി ഗ്രൂപ്പിന്റെ ക്യാമ്പ് ഓഫീസിന് സമരക്കാര്‍ തീയിട്ടു. ഗ്രേറ്റര്‍ നോയ്ഡയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചവരാണ് അക്രമാസക്തരായതെന്ന് അധികൃതര്‍ പഞ്ഞു.

അതിനിടെ, നോയ്ഡയില്‍ പൊലീസും കര്‍ഷകരുമായി ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ ഒരു കര്‍ഷകന്‍ ഞായറാഴ്ച രാവിലെ മരിച്ചു. ആഗ്രയില്‍ പൊലീസുമായി ഏറ്റുമുട്ടിയ കര്‍ഷകര്‍ വാഹനങ്ങള്‍ തീയിട്ടു. യമുന എക്സ്പ്രസ് പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് മാന്യമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. അക്രമാസക്തരായ ജനക്കൂട്ടം ഹൈവേ നിര്‍മാണത്തിനായി സ്ഥാപിച്ച ടെന്റുകളും അഗ്നിക്കിരയാക്കിയെന്ന് സ്പെഷ്യല്‍ ഡിജിപി ബ്രിജ്ലാല്‍ പറഞ്ഞു. അലിഗഢിലും കര്‍ഷകര്‍ പ്രതിഷേധപ്രകടനം നടത്തി. ഗൗതംബുദ്ധ നഗറിലെ ഭട്ട പര്‍സോള്‍ ഗ്രാമത്തില്‍ ശനിയാഴ്ചത്തെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ കാലു എന്ന കര്‍ഷകനാണ് ഞായറാഴ്ച മരിച്ചത്. മറ്റൊരു കര്‍ഷകന്‍ രാജ്വീറും പൊലീസുകാരായ മന്‍വിര്‍സിങ്, മനോഹര്‍സിങ് എന്നിവരും ശനിയാഴ്ച കൊല്ലപ്പെട്ടു. നോയ്ഡയില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മന്‍വീര്‍സിങ് തെവാത്തിയയെ അറസ്റ്റുചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നോയ്ഡയിലും ആഗ്രയിലും വന്‍ പൊലീസ് സന്നാഹം തുടരുകയാണ്.

യമുന എക്സ്പ്രസ് പാതയ്ക്കും മോട്ടോര്‍റേസിങ് ട്രാക്കിനുമായി യുപി സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം സ്ഥലമെടുക്കുന്നതിനെയാണ് കര്‍ഷകര്‍ എതിര്‍ക്കുന്നത്. മാന്യമായ നഷ്ടപരിഹാരം, സ്ഥലം നഷ്ടമാകുന്നവര്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. മാസങ്ങളായി സമരം നടത്തുന്ന കര്‍ഷകര്‍ യുപി റോഡ്വേയ്സിലെ മൂന്നു ജീവനക്കാരെ വെള്ളിയാഴ്ച ബന്ദികളാക്കിയതോടെയാണ് സംഘര്‍ഷം ശക്തമായത്.

കര്‍ഷകപ്രക്ഷോഭം അടിച്ചമര്‍ത്തല്‍ പ്രതിഷേധാര്‍ഹം: കിസാന്‍സഭ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭൂമിഏറ്റെടുക്കല്‍ പ്രശ്നത്തില്‍ പ്രതിഷേധിച്ച കര്‍ഷകരെ നിഷ്ഠുരമായി അടിച്ചമര്‍ത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ അഖിലേന്ത്യാ കിസാന്‍സഭ പ്രതിഷേധിച്ചു. ഒരുവര്‍ഷത്തിലേറെയായി എക്സ്പ്രസ് പാതയ്ക്കുള്ള സ്ഥലമെടുപ്പിനെ ഈ മേഖലയിലെ കര്‍ഷകര്‍ എതിര്‍ക്കുകയാണ്. തികച്ചും സമാധാനപരമായ സമരത്തെ ഇപ്പോള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചിരിക്കയാണ്. മാന്യമായ നഷ്ടപരിഹാരവും പുനരധിവാസമെന്ന ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ റിയല്‍എസ്റ്റേറ്റ് ലോബിക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. യമുന, ഗംഗാ എക്സ്പ്രസ് പാതകളുടെയും മറ്റ് പദ്ധതികളുടെയും പേരില്‍ ലക്ഷക്കണക്കിന് ഏക്കറാണ് ഏറ്റെടുത്തത്. യുപി സര്‍ക്കാരിന്റെ ഭൂമിഏറ്റെടുക്കല്‍ നയം കര്‍ഷക പ്രതിനിധികളുടെ ആശങ്ക കണക്കിലെടുത്ത് രൂപപ്പെടുത്തിയതല്ല. ഭൂമിഏറ്റെടുക്കല്‍ ഭേദഗതിനിയമവും കേന്ദ്രസര്‍ക്കാരിന്റെ പുനരധിവാസനിയമവും നടപ്പാക്കുന്നതിലെ കാലതാമസം പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. സമരക്കാരുമായി പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്ക് യുപി സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. പകരം പൊലീസിനെ ഉപയോഗിച്ച് സമരത്തെ മൃഗീയമായി അടിച്ചമര്‍ത്തുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് നിലവിലുള്ള സ്ഥിതിക്ക് ഉത്തരവാദികള്‍. കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും പൊലീസിന്റെ മര്‍ദനം അവസാനിപ്പിക്കണമെന്നും അഖിലേന്ത്യാ കിസാന്‍സഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 090511

1 comment:

  1. ഉത്തര്‍പ്രദേശില്‍ ഭൂമിഏറ്റെടുക്കല്‍ പ്രശ്നത്തില്‍ പ്രതിഷേധിച്ച കര്‍ഷകരെ നിഷ്ഠുരമായി അടിച്ചമര്‍ത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ അഖിലേന്ത്യാ കിസാന്‍സഭ പ്രതിഷേധിച്ചു. ഒരുവര്‍ഷത്തിലേറെയായി എക്സ്പ്രസ് പാതയ്ക്കുള്ള സ്ഥലമെടുപ്പിനെ ഈ മേഖലയിലെ കര്‍ഷകര്‍ എതിര്‍ക്കുകയാണ്. തികച്ചും സമാധാനപരമായ സമരത്തെ ഇപ്പോള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചിരിക്കയാണ്. മാന്യമായ നഷ്ടപരിഹാരവും പുനരധിവാസമെന്ന ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ റിയല്‍എസ്റ്റേറ്റ് ലോബിക്ക് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്.

    ReplyDelete