മര്‍ദനം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള സിപിഐ എം പ്രവര്‍ത്തകരെ യുഡിഎഫ് സംഘം ആക്രമിച്ചു
പെര്‍ള: പെര്‍ള ടൗണില്‍ സ്ത്രീകളുള്‍പ്പെടെ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അക്രമികള്‍ ക്രൂരമായി മര്‍ദിച്ചു. പെര്‍ളയിലെ സിപിഐ എം പ്രവര്‍ത്തകരായ രമേശിന്റെ ഭാര്യ ശ്രുതി (22), പ്രകാശിന്റെ ഭാര്യ വത്സല (28), കുമാരന്റെ മകന് സ്മിതില്‍ (25) എന്നിവരെ പരിക്കുകളോടെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും എന്മകജെ പഞ്ചായത്ത് പ്രസിഡന്റുമായ സോമശേഖരയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ഞായറാഴ്ച രാവിലെ പത്തരയോടെ പെര്‍ള ടൗണിനടുത്തുള്ള വീടിനടുത്ത് നില്‍ക്കവെയാണ് ശ്രുതിയെയും ഇളയമ്മ വത്സലയെയും കോണ്‍ഗ്രസുകാര്‍ ആക്രമിച്ചത്. വാഹനത്തിലെത്തിയ കോണ്‍ഗ്രസ്- മുസ്ലിംലീഗ് നേതാക്കളായ സോമശേഖര, അനന്തനായിക്, അബ്ദുള്ള കുറടുക്ക, ഇബ്രാഹിം, രാധാകൃഷ്ണ നായിക് എന്നിവര്‍ അസഭ്യം വിളിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളിക്കേട്ട് ഓടിയെത്തിയ ശ്രുതിയുടെ അനുജന് സ്മിതിലിനെയും അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. യുഡിഎഫ് ക്രിമിനലുകളുടെ വളഞ്ഞിട്ടുള്ള ആക്രമണത്തില്‍ മൂന്നു പേര്‍ക്കും ശരീരമാസകലം പരിക്കേറ്റു. ആക്രമികള്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയാണ് മര്‍ദിച്ചത്. പരിക്കേറ്റ് അവശരായി നിലത്തുവീണ മൂവരേയും പിന്നീട് കുമ്പള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്മിതിലും ശ്രുതിയും വത്സലയും കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ രോഷം തീര്‍ക്കാനായിരുന്നു യുഡിഎഫ് സംഘത്തിന്റെ ആക്രമണം.
ഇതിനിടെ പെര്‍ള മലങ്കരയിലെ നാരായണയുടെ മകന് വസന്തനെ (18) ലീഗുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുവന്ന തൊപ്പി ധരിച്ചതിന് റോഡില്‍ തടഞ്ഞ് നിര്‍ത്തി ലീഗുകാര്‍ മര്‍ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എന്മകജെ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ചത്തെ സംഭവം. വിജയാഹ്ലാദത്തിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. മണ്ഡലത്തില്‍ ജയിച്ചെങ്കിലും തങ്ങള്‍ ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫിന് പിറകില്‍ മൂന്നാം സ്ഥാനത്ത് പോയത് യുഡിഎഫിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപന ദിവസം ഇതേ സംഘം എല്‍ഡിഎഫ് ബാഡൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തിരുന്നു. സിപിഐ എം പ്രവര്‍ത്തകനായ ബസ് ക്ലീനറെ ബസില്‍ നിന്നിറക്കി മര്‍ദിച്ചു. സിപിഐ എം എന്മകജെ ലോക്കല്‍ സെക്രട്ടറി രാമകൃഷ്ണയുടെ പെര്ളയിലേയും ലോക്കല്‍ കമ്മിറ്റി അംഗം ചെനിയപ്പ പൂജാരിയുടെയും ബദിരംപ്പള്ളയിലെയും കടകള്‍ ഇവര്‍ തകര്‍ത്തു. പെര്‍ള അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയും സിപിഐ എം പ്രവര്‍ത്തകരുടെയും കടകളും ഇവര്‍ ആക്രമിക്കുകയുണ്ടായി. അക്രമികള്‍ക്ക് ബദിയഡുക്ക പൊലീസിലെ ചിലരുടെ സഹായം ലഭിക്കുന്നതായി ആക്ഷേപമുണ്ട്. സഹകരണ ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന് , സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ , പി രഘുദേവന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
യുഡിഎഫ് അക്രമം അവസാനിപ്പിക്കണം: സിപിഐ എം
കാസര്‍കോട്: എന്മകജെ പഞ്ചായത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദിവസം മുതല്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന കോണ്‍ഗ്രസ്- ലീഗ് അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം യുഡിഎഫിനായിരിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രവര്‍ത്തകരെ അക്രമിക്കുന്നതിന് പുറമെ സിപിഐ എം ഓഫീസുകളും പ്രവര്‍ത്തകരുടെ കടകളും മറ്റും തകര്‍ക്കുകയാണ് യുഡിഎഫ് ക്രിമിനലുകള്‍ . അക്രമം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്കി.
കണ്ണാടിപ്പറമ്പില്‍ ലീഗ്- പോപ്പുലര്‍ ഫ്രണ്ട് ഭീകരത
കണ്ണൂര്‍ : നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് മാതോടത്ത് മുസ്ലിംലീഗ്- പോപ്പുലര്‍ ഫ്രണ്ട് ഭീകരത. ശനിയാഴ്ച രാത്രി നൂറ്റമ്പതോളം പേരടങ്ങിയ സായുധസംഘം നടത്തിയ മിന്നലാക്രമണത്തില്‍ സിപിഐ എം അനുഭാവിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മാതോടം എല്‍ പി സ്കൂളിന് സമീപത്തെ കെ പ്രജിത്തിന്്(25) നേരെയാണ് വധശ്രമം. തലയ്ക്ക് ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് പ്രജിത്ത്്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തിട്ടില്ല. ഗള്‍ഫിലായിരുന്ന പ്രജിത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് സന്തോഷിന്റെ സഹോദരനാണ്. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. 19ന് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ആക്രമണം.
ശനിയാഴ്ച രാത്രി പത്തോടെ വാരംറോഡ് ജങ്ഷന് കേന്ദ്രീകരിച്ചാണ് അക്രമിസംഘം എത്തിയത്. ഇരുമ്പുവടിയും ഇടിക്കട്ടയും വിറകുകൊള്ളികളുമായി കൊലവിളി നടത്തുകയായിരുന്നു. പൊലീസ് എത്താതിരിക്കാന്‍ മാര്‍ഗതടസ്സമുണ്ടാക്കി. വീട്ടിനടുത്തുളള കടയില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന ഡിവൈഎഫ്ഐ വില്ലേജ് ജോയിന്റ് സെക്രട്ടറി എ അജിത്തിനേയും ആക്രമിച്ചു. ബഹളം കേട്ട് എത്തിയപ്പോഴാണ് പ്രജിത്തിനെ ആക്രമിച്ചത്. അടിയേറ്റ് ബോധരഹിതനായി വീണ പ്രജിത്തിനെ ആദ്യം കണ്ണൂര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും തുടര്‍ന്ന് എ കെ ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ധരാത്രിയോടെ അടിയന്തര ശസ്ത്രക്രിയക്കാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമിസംഘം മാതോടം ചവിട്ടടിപ്പാറ ലക്ഷംവീട് കോളനിയിലെ വയപ്രം ഭഗവതി ക്ഷേത്രം ഉത്സവത്തിനായി സ്ഥാപിച്ച ഗേറ്റും തകര്‍ത്തു. മാതോടം കള്ളുഷാപ്പിനും കോളനിയിലെ ഏതാനും വീടുകള്‍ക്കും കല്ലെറിഞ്ഞു. പ്രദേശത്തെ സിപിഐ എം- ഡിവൈഎഫ്ഐ കൊടിമരങ്ങളും തകര്‍ത്തു.
പോളിങ് ദിവസം മുതല്‍ സംഘര്‍ഷത്തിന് ശ്രമമുണ്ടായിരുന്നു. ഏതാനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. വോട്ടെണ്ണല്‍ദിവസം വാരംകടവിലെ കൊടിമരം തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിച്ചു. സിആര്‍പി എന്ന കെ പി അഷ്റഫ്, സി അഫ്സല് , സി വി ഹാഷിഫ്, എ വി അബ്ദുള്‍ ജബ്ബാര്‍ , കെ കെ അലി, കെ സി സൈനുദ്ദീര് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭീകരത. കാട്ടാമ്പള്ളി, നാറാത്ത്, കൊളച്ചേരി പ്രദേശങ്ങളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു സംഘത്തില്‍ . പ്രജിത്തിനെ സിപിഐ എം നേതാക്കളായ കെ പി സഹദേവന് , എം വി ജയരാജന് , കെ കെ രാഗേഷ്, എം പ്രകാശന് , വി നാരായണന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സംഘര്‍ഷവും അരാജകത്വവും വിതക്കാനുള്ള ശ്രമത്തിനെതിരെ അണിനിരക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ സന്തോഷും സെക്രട്ടറി എന്‍ അജിത്കുമാറും അഭ്യര്‍ഥിച്ചു.
താനൂരില്‍ ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ലീഗ് അക്രമം
താനൂര്‍ : താനൂരിലും പരിസരങ്ങളിലും ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ലീഗ് അക്രമം. താനാളൂര്‍ പഞ്ചായത്തിലാണ് വ്യാപകമായി അക്രമം നടന്നത്. കുണ്ടുങ്ങല്‍ പട്ടര്പറമ്പ്, അരീക്കാട് പ്രദേശങ്ങളില്‍ വൈകിട്ട് ആറോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. താനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ജയന്റെ താമസസ്ഥലമായ കുണ്ടുങ്ങലില്‍ വൈകിട്ട് ആറോടെയാണ് അക്രമം നടത്തിയത്. ഒരുകൂട്ടം ലീഗ് പ്രവര്‍ത്തകര്‍ ഇ ജയന്റെ വീട്ടിലേക്ക് പ്രകടനം നടത്താനൊരുങ്ങിയത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പടക്കമെറിഞ്ഞതോടെ രംഗം സംഘര്‍ഷഭരിതമായി. നടുറോട്ടില്‍ കൊലവിളി നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു സംഘര്‍ഷം. പട്ടരുപറമ്പിലും അരീക്കാട്ടും സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയും പാര്‍ടി ഓഫീസുകള്‍ക്കുനേരെയും കല്ലേറുണ്ടായി. നേതാക്കന്മാരുടെ ഒത്താശയോടെ ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നും പൊലീസ് നടപടി സ്വീകരിക്കണമെന്നും സിപിഐ എം താനൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി
താനൂരിലും പരിസരങ്ങളിലും ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ലീഗ് അക്രമം. താനാളൂര്‍ പഞ്ചായത്തിലാണ് വ്യാപകമായി അക്രമം നടന്നത്. കുണ്ടുങ്ങല്‍ പട്ടര്പറമ്പ്, അരീക്കാട് പ്രദേശങ്ങളില്‍ വൈകിട്ട് ആറോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. താനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ ജയന്റെ താമസസ്ഥലമായ കുണ്ടുങ്ങലില്‍ വൈകിട്ട് ആറോടെയാണ് അക്രമം നടത്തിയത്.
ReplyDelete