Wednesday, May 18, 2011

ജേക്കബ് വിഴുങ്ങുമോ, ആ അഴിമതി ആരോപണങ്ങള്‍

യുഡിഎഫ് മന്ത്രിസഭയിലെ ചില ഘടകകക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞചെയ്യുന്നത് പെണ്‍വാണിഭം, അനധികൃത സ്വത്തുസമ്പാദനം, അഴിമതി തുടങ്ങിയ കേസുകളും ആരോപണങ്ങളും പേറി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ടി എം ജേക്കബ് എന്നിവര്‍ വിജിലന്‍സ് അന്വേഷണത്തിന്റെയും കോടതിനടപടികളുടെയും ഊരാക്കുടുക്കിലാണ്.

പെണ്‍വാണിഭം, കേസ് അട്ടിമറിക്കാന്‍ മൊഴിമാറ്റിക്കല്‍ - ജുഡീഷ്യറിയെ സ്വാധീനിക്കല്‍ , ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഇരകളെ വിലയ്ക്കെടുക്കല്‍ , കോടികളുടെ അനധികൃത സ്വത്തുസമ്പാദനം എന്നിങ്ങനെ പോകുന്നു കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ . കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചനപദ്ധതിയുടെ മറവില്‍ നടന്ന വന്‍വെട്ടിപ്പില്‍ നാലാംപ്രതിയാണ് ജേക്കബ്. പി കെ കുഞ്ഞാലിക്കുട്ടി:  ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട മൂന്ന് കേസ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പുനരന്വേഷിക്കുന്നു. 1. അനധികൃത സ്വത്തുസമ്പാദനം 2. ലൈംഗികപീഡനത്തിനിരയായ റജീനയുടെ മൊഴിമാറ്റിയതുസംബന്ധിച്ച ഗൂഢാലോചന 3. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ കള്ള ഒപ്പിട്ട കേസ് ടി എം ജേക്കബ് $ 1995ല്‍ ടി എം ജേക്കബ് ജലവിഭവമന്ത്രിയായിരിക്കെ കുരിയാര്‍കുറ്റി- കാരപ്പാറ ജലവൈദ്യുതപദ്ധതിക്ക് ടെന്‍ഡര്‍ നല്‍കാതെ കരാര്‍ നല്‍കി സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. മൂന്ന് വകുപ്പാണ് കേസിലുള്ളത്. 1. ക്രിമിനല്‍ ഗൂഢാലോചന 2. സര്‍ക്കാരിനെ കബളിപ്പിക്കല്‍ 3. അവിഹിത പണസമ്പാദനം

വനിതാമന്ത്രിയില്ല; മുരളിക്ക്ഹൈക്കമാന്‍ഡ് കനിയണം

മുന്‍ കെപിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ മുരളീധരനും യുഡിഎഫിലെ ഏക വനിതയായ ജയലക്ഷ്മിയും മന്ത്രിസഭയില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കനിയണം. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ പട്ടികയില്‍ ഇരുവരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

കെ മുരളീധരനെ മന്ത്രിസഭയിലെടുത്താല്‍ വീണ്ടും വിഭാഗീയത മൂര്‍ച്ഛിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പട്ടികവര്‍ഗത്തില്‍നിന്നുള്ള ജയലക്ഷ്മിക്ക് കാര്യശേഷി പോരത്രേ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടെന്നതും ഇവരുടെ അയോഗ്യതയായി ചൂണ്ടിക്കാട്ടുന്നു. കരുണാകരന്റെ മകനെന്ന പരിഗണനയും മുരളിക്ക് നല്‍കിയിട്ടില്ല. മുരളീധരന് പകരം വി എസ് ശിവകുമാറിനെയാണ് പരിഗണിച്ചത്. ജി കാര്‍ത്തികേയന്‍ , എന്‍ ശക്തന്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍നിന്ന് പട്ടികയിലുള്ള മറ്റ് രണ്ട് പേരുകാര്‍ .

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ആര്യാടന്‍ മുഹമ്മദ്, കെ ബാബു, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ , കെ പി അനില്‍കുമാര്‍ എന്നിവരാണ് കെപിസിസിയുടെ ലിസ്റ്റിലുള്ളവര്‍ . ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തനായ കെ സി ജോസഫും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. വി ഡി സതീശനെ സ്പീക്കറാക്കാനാണ് നിര്‍ദേശം.

ജേക്കബ് വിഴുങ്ങുമോ, ആ അഴിമതി ആരോപണങ്ങള്‍

സൈന്‍ബോര്‍ഡ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടി 500 കോടിയുടെ തിരിമറി നടത്തിയെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയത് ടി എം ജേക്കബ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ , ജേക്കബ് 2005 ജൂലൈ 19ന് നിയമസഭയില്‍ നടത്തിയ പ്രസംഗം ഇന്നും രേഖകളില്‍ ഒളിമങ്ങാതെ കിടക്കുന്നു. നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയിലായിരുന്നു ജേക്കബിന്റെ വെളിപ്പെടുത്തല്‍.

"ഉമ്മന്‍ചാണ്ടിയെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ ഇത് തെളിയിച്ചുതരാം. ഞാന്‍ വെറുതെ പറയുകയല്ല"- ജേക്കബിന്റെ വെല്ലുവിളി അന്ന് സഭയെ അക്ഷരാര്‍ഥത്തില്‍ നടുക്കി. "ഉമ്മന്‍ചാണ്ടിക്ക് ഒരൊറ്റ അജന്‍ഡ മാത്രമേയുള്ളൂ. പോകുന്ന പോക്കില്‍ എത്രകണ്ട് വാരിയെടുക്കാം, എത്രകണ്ട് ഈ സംസ്ഥാനത്തെ തകര്‍ക്കാം, ഈ സംസ്ഥാനത്തെ കൊള്ളയടിക്കാം"- ജേക്കബ് ആഞ്ഞടിച്ചു.

അഴിമതിക്കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കല്‍ , 500 കോടി നഷ്ടംവന്നെന്ന ഐജി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തല്‍ , കെപിസിസി ഭാരവാഹിയെ ഇടനിലക്കാരനാക്കി കോഴ വാങ്ങല്‍ , സ്മാര്‍ട്ട് സിറ്റിയില്‍ റാന്നിക്കാരനായ ഏജന്റുവഴി പണംവാങ്ങല്‍ തുടങ്ങി എണ്ണമറ്റ ആരോപണങ്ങളും അന്ന് ജേക്കബ് ഉമ്മന്‍ചാണ്ടിക്കെതിരെ നിരത്തി. കൂടാതെ, ലോട്ടറി, ചന്ദനം, മദ്യം, സിവില്‍സപ്ലൈസ്, വൈദ്യുതി, ടൂറിസത്തിന്റെ മറവില്‍ ഭൂമി തട്ടിപ്പ്, എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച, പട്ടയ തട്ടിപ്പ് തുടങ്ങി ഒട്ടേറെ വിഷയങ്ങളും ജേക്കബ് നിയമസഭയില്‍ ഉന്നയിച്ചു. സ്മാര്‍ട്ട്സിറ്റിക്കുവേണ്ടി ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കാനുള്ള കരാറിലും സുനാമിഫണ്ടിലും ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയതായും ജേക്കബ് വെളിപ്പെടുത്തി.

സംസ്ഥാനസര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടം വരുത്തിയ സൈന്‍ബോര്‍ഡ് ഇടപാടിനെക്കുറിച്ചും സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കുന്നതിനു പിന്നിലെ 300 കോടിയുടെ അഴിമതിയെപ്പറ്റിയും നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ജേക്കബ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ചു. സൈന്‍ബോര്‍ഡ് കേസ് തേച്ചുമാച്ച് കളയാന്‍ ഉമ്മന്‍ചാണ്ടി നടപടികള്‍ സ്വീകരിച്ചതായും ജേക്കബ് ആരോപിച്ചു.

"പലരുടെയും കേസുകള്‍ പിന്‍വലിക്കുന്നുണ്ട്. അത് ഗവണ്‍മെന്റ് വക്കീല്‍ അവിടെ സബ്മിറ്റ് ചെയ്യണം. എന്നിട്ട് ജഡ്ജി അത് പരിശോധിക്കണം. ജഡ്ജി വേണം അത് പിന്‍വലിക്കാന്‍ , അല്ലാതെ നിങ്ങള്‍ കൊടുത്ത ഉത്തരവ് കേള്‍ക്കാന്‍ അവിടെ വിജിലന്‍സ് ജഡ്ജിയെ ഇരുത്തിയിരിക്കുകയല്ല. ഉമ്മന്‍ചാണ്ടി അത് മനസ്സിലാക്കണം. നിങ്ങള്‍ക്ക് അഹങ്കാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണ്, ധാര്‍ഷ്ട്യമാണ്, നിങ്ങള്‍ക്ക് അഹങ്കാരമാണ്, നിങ്ങള്‍ക്ക് ഗര്‍വാണ്. ഞാന്‍ , ഞാന്‍ , ഞാന്‍ എന്നുള്ള ഭാവം, ഇതല്ലേ ഉമ്മന്‍ചാണ്ടി നിങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്" -അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ടി എം ജേക്കബ് ആഞ്ഞടിച്ചു.

deshabhimani 180511

1 comment:

  1. "ഉമ്മന്‍ചാണ്ടിയെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ ഇത് തെളിയിച്ചുതരാം. ഞാന്‍ വെറുതെ പറയുകയല്ല"- ജേക്കബിന്റെ വെല്ലുവിളി അന്ന് സഭയെ അക്ഷരാര്‍ഥത്തില്‍ നടുക്കി. "ഉമ്മന്‍ചാണ്ടിക്ക് ഒരൊറ്റ അജന്‍ഡ മാത്രമേയുള്ളൂ. പോകുന്ന പോക്കില്‍ എത്രകണ്ട് വാരിയെടുക്കാം, എത്രകണ്ട് ഈ സംസ്ഥാനത്തെ തകര്‍ക്കാം, ഈ സംസ്ഥാനത്തെ കൊള്ളയടിക്കാം"- ജേക്കബ് ആഞ്ഞടിച്ചു.

    ReplyDelete