Wednesday, May 18, 2011

ഉമ്മന്‍ചാണ്ടി ചതിച്ചു, അപമാനിച്ചു: പിള്ള

ഉമ്മന്‍ചാണ്ടി തന്നോട് കടുത്ത വഞ്ചനയും ചതിയും കാട്ടിയതായി ആര്‍ ബാലകൃഷ്ണപിള്ള. 2004-06ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഒന്നരക്കൊല്ലം നേരിടേണ്ടിവന്ന അപമാനവും വേദനകളും ഒരിക്കലും മറക്കാനാകില്ല. മാധ്യമം ആഴ്ചപ്പതിപ്പിലെ "മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍" എന്ന ആത്മകഥാ പരമ്പരയുടെ പുതിയ അധ്യായത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പിള്ള തുറന്നടിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പിള്ളയുടെ കടന്നാക്രമണം എന്നതും ശ്രദ്ധേയം.

"ഒരു വഞ്ചനയുടെ കഥ" എന്ന തലക്കെട്ടില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ , കമ്യൂണിസ്റ്റ് ഭരണത്തില്‍ പോലും തനിക്കെതിരെ ഇത്ര നീതികേട് ഉണ്ടായിട്ടില്ലെന്ന് പിള്ള പറയുന്നു. തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതിനുപിന്നിലെ കള്ളക്കളികള്‍ വിവരിക്കുന്ന പിള്ള ചതിയും ഒളിപ്രയോഗങ്ങളും ഉണ്ടായിട്ടും യുഡിഎഫില്‍ തുടര്‍ന്നതിന്റെ സാഹചര്യവും വിശദീകരിക്കുന്നു. ആ കാലഘട്ടം വേദനയോടെയല്ലാതെ ഓര്‍ത്തെടുക്കാനാകില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എന്നെയും ടി എം ജേക്കബിനെയും ഉള്‍പ്പെടുത്തിയില്ലെങ്കിലും താന്‍ സഭയ്ക്കുള്ളില്‍ പരമാവധി ആത്മസംയമനം പാലിച്ചു. ജേക്കബ് പലപ്പോഴും പ്രകോപിതനായി യുഡിഎഫിനെതിരെ ആഞ്ഞടിച്ചു. മുന്നണിയുടെ ഭാഗമായി ജയിച്ചുവന്നശേഷം എതിരെ പ്രസംഗിക്കുന്നത് അധാര്‍മികമാണെന്ന് പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജേക്കബ് അനുസരിച്ചില്ല.

തന്റെ പാര്‍ടിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഉമ്മന്‍ചാണ്ടി പാലിച്ചില്ല. അതിനുമുമ്പുള്ള എ കെ ആന്റണി മന്ത്രിസഭയുടെ കാലത്ത് ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരിക്കെ മുന്നണിയോഗത്തില്‍ നല്‍കിയ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രിയായപ്പോള്‍ ജലരേഖയായത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പുനഃസംഘടനയിലും അപമാനിച്ചു. ആന്റണി മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി മുന്നണി കണ്‍വീനറുമായിരിക്കെ പിഎസ്സിയില്‍ ഒഴിവു വന്നു. മുന്നണിയോഗത്തില്‍ പിഎസ്സി അംഗത്വം വേണോ, ദേവസ്വംബോര്‍ഡ് വേണോ എന്നു ചോദിച്ചു. എന്‍എസ്എസ് നേതൃത്വവുമായി ആലോചിച്ച ശേഷം ദേവസ്വംബോര്‍ഡ് അംഗത്വം ആവശ്യപ്പെട്ടു. അതു തത്വത്തില്‍ അംഗീകരിച്ചു. പിഎസ്സി അംഗങ്ങളുടെ ഒഴിവിലേക്ക് ഗൗരിയമ്മയുടെ പാര്‍ടിവരെ പരിഗണിക്കപ്പെട്ടു. ഒടുവില്‍ ദേവസ്വംബോര്‍ഡ് നിയമന സമയമായി. താന്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെട്ട അവസ്ഥയിലും. അപമാനം സഹിച്ചുനില്‍ക്കുന്ന തന്നോടും പാര്‍ടിയോടും ഇക്കാര്യത്തിലെങ്കിലും നീതികാട്ടും എന്നു വിശ്വസിച്ചു. പക്ഷേ, പാര്‍ടിയെ അവഗണിച്ച് ദേവസ്വംബോര്‍ഡ് പുനഃസംഘടിപ്പിച്ചു. വാഗ്ദാനലംഘനത്തിന് വിശദീകരണവുമുണ്ടായില്ല. അന്ന് ജി രാമന്‍നായര്‍ പ്രസിഡന്റും പുനലൂര്‍ മധു, എം ബി ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളായി രൂപീകരിച്ച ദേവസ്വംബോര്‍ഡ് കുപ്രസിദ്ധമായ ഭരണസമിതിയായി മാറിയതും ഒടുവില്‍ ആ സമിതിക്കെതിരെ അന്വേഷണകമീഷനെ വയ്ക്കേണ്ടിവന്നതും പിള്ള ചൂണ്ടിക്കാട്ടി. എന്‍എസ്എസ് ഇതര സമുദായനേതാക്കളാണ് ആ ബോര്‍ഡ് രൂപവല്‍ക്കരണത്തിന് പിന്നിലെന്നും ബോര്‍ഡംഗങ്ങള്‍ അതേ നേതാക്കളെ തിരിഞ്ഞുകുത്തിയെന്നും പിള്ള പറഞ്ഞു.

2006ലെ കൊട്ടാരക്കര തെരഞ്ഞെടുപ്പുപരാജയംവരെ ഈ വഞ്ചന നീളുന്നു. ആ സര്‍ക്കാര്‍ തന്റെ പാര്‍ടി പ്രതിനിധികള്‍ വഹിച്ചിരുന്ന ഔദ്യോഗിക പദവികള്‍ തിരിച്ചെടുത്തു. ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ , അംഗത്വങ്ങള്‍ എല്ലാം എടുത്തുകളഞ്ഞു. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പോലും നിഷ്കരുണം തിരിച്ചെടുത്തെന്ന് പിള്ള കുറ്റപ്പെടുത്തി. ഈ വിധ ചതിപ്രയോഗങ്ങളെല്ലാം ഉണ്ടായിട്ടും യുഡിഎഫില്‍ തുടര്‍ന്നു. തനിക്കെതിരായ വേലത്തരങ്ങളെല്ലാം മറക്കാന്‍ ശ്രമിച്ചെന്നും പിള്ള എഴുതുന്നു.

പരോള്‍ ലഭിച്ചിട്ടും പുറത്തിറങ്ങിയില്ല; മകന് പിള്ളയുടെ അസഭ്യവര്‍ഷം

മകന്‍ ഗണേശ്കുമാറിനും ജയില്‍ ജീവനക്കാര്‍ക്കും ആര്‍ ബാലകൃഷ്ണപിള്ളയുടെ അസഭ്യവര്‍ഷം. പരോള്‍ ലഭിച്ച് പുറത്തിറങ്ങാനൊരുങ്ങവെ ക്രുദ്ധനായ പിള്ള ജയില്‍ സൂപ്രണ്ടിനെയും വാര്‍ഡന്‍മാരെയും വഴക്കുപറഞ്ഞശേഷം മകന്‍ ഗണേശ്കുമാറിനെ മറ്റുള്ളവര്‍ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുകയായിരുന്നു. തന്നെ കൊണ്ടുപോകാന്‍ എത്തിയ ഡ്രൈവര്‍ മനോജിനെയും പാര്‍ടി സംസ്ഥാന സെക്രട്ടറി വേണുഗോപാലന്‍നായരെയും ചീത്തവിളിച്ച് ആട്ടിപ്പായിച്ചു. മകന്റെ അപേക്ഷയില്‍ ലഭിച്ച പരോള്‍ വേണ്ടെന്നുപറഞ്ഞ് പിള്ള ജയിലിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം ഗണേശ്കുമാര്‍ ജയിലിലെത്തിയപ്പോഴും അസഭ്യവര്‍ഷത്തോടെ മടക്കിയയച്ചിരുന്നു. മകന്റെ കനിവില്‍ പരോള്‍ വേണ്ടെന്ന് ആക്രോശിച്ചായിരുന്നു ചൊവ്വാഴ്ച വൈകിട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പിള്ളയുടെ അഴിഞ്ഞാട്ടം.

ചട്ടപ്രകാരം പരോള്‍ അനുവദിച്ചപ്പോള്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥകളുടെ പേരില്‍ ജയില്‍ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥം ലഭിച്ച പരോളിലെ കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ പരിധി വിട്ടുപോകരുത്, മാധ്യമങ്ങളെ കാണാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളാണ് പിള്ളയുടെ സമനില തെറ്റിച്ചത്. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സുപ്രീംകോടതിക്കുമുന്നില്‍ തങ്ങള്‍ കുറ്റക്കാരാകുമെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണമൊന്നും പിള്ളയെ ശാന്തനാക്കിയില്ല. വീട്ടിലേക്കുപോകാന്‍ ബാഗ് ഉള്‍പ്പെടെ എടുത്ത് ജയില്‍ ഗേറ്റിന് അടുത്തെത്തിയ പിള്ള തിരികെ ജയിലിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെ ആട്ടിപ്പായിച്ചത്

deshabhimani 180511

3 comments:

  1. ഉമ്മന്‍ചാണ്ടി തന്നോട് കടുത്ത വഞ്ചനയും ചതിയും കാട്ടിയതായി ആര്‍ ബാലകൃഷ്ണപിള്ള. 2004-06ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഒന്നരക്കൊല്ലം നേരിടേണ്ടിവന്ന അപമാനവും വേദനകളും ഒരിക്കലും മറക്കാനാകില്ല. മാധ്യമം ആഴ്ചപ്പതിപ്പിലെ "മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍" എന്ന ആത്മകഥാ പരമ്പരയുടെ പുതിയ അധ്യായത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പിള്ള തുറന്നടിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പിള്ളയുടെ കടന്നാക്രമണം എന്നതും ശ്രദ്ധേയം.

    ReplyDelete
  2. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി. ഉപാധികളൊന്നുമില്ലാതെയാണ് അനുവദിച്ചത്. കഴിഞ്ഞദിവസം പരോള്‍ അനുവദിക്കാന്‍ തീരുമാനമായെങ്കിലും ഉപാധികള്‍ അംഗീകരിക്കാന്‍ പിള്ള തയ്യാറായിരുന്നില്ല.ഭാര്യയുടെ ചികില്‍സക്കായി പത്തു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സത്യപ്രതിജ്ഞാചടങ്ങില്‍ സംബന്ധിക്കുന്നതിനാണ് പിള്ള പരോള്‍ ആവശ്യപ്പെട്ടിരുന്നത്.പുറത്തിറങ്ങിയ പിള്ള യുഡിഎഫ് നേതാക്കളെ കാണാനായി പോയി.പത്തനംതിട്ട, കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ യുഡിഎഫില്‍ ചില അട്ടിമറികള്‍ നടന്നിട്ടുണ്ട്. അതിനെക്കുറിച്ചും കൊട്ടാരക്കരയില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയെക്കുറിച്ചും അന്വേഷിക്കുമെന്നും പിള്ള പറഞു.

    ReplyDelete
  3. തന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് കൊണ്ടാകാം ആര്‍ ബാലകൃഷ്ണപിള്ള തനിക്കെതിരെ പരാതി ഉയര്‍ത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആത്മകഥയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പിള്ള ഉന്നയിച്ച കടുത്ത ആക്ഷേപങ്ങളെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി ആരുടെയൊക്കെ ആത്മകഥ വരാനിരിക്കുന്നു എന്നറിയില്ല. അന്നത്തെ സാഹചര്യങ്ങളില്‍ ബാലകൃഷ്ണപിള്ളയെ മന്ത്രിസഭയില്‍ എടുക്കാന്‍ കഴിഞ്ഞില്ല.

    ReplyDelete