Sunday, May 1, 2011

മെയ് ദിനം തൊഴിലാളി വര്‍ഗ പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനം

സാര്‍വ്വദേശീയതലത്തില്‍ തന്നെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന സംഭവമാണ് ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളിലുണ്ടായത്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. ഇതിനു നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണവും ആ പോരാട്ടത്തിനുശേഷം ഭരണകൂടവും ജുഡീഷ്യറിയും തൊഴിലാളികളെ ഭീകരമായി പീഡിപ്പിച്ച രീതിയും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. അന്നത്തെ തൊഴിലാളികള്‍ക്ക് ദിവസം 20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമായിരുന്നു. ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 ആയിരുന്നു എന്ന് അറിയുമ്പോഴാണ് ഈ പീഡനത്തിന്റെ ഭീകരത നമുക്ക് ബോധ്യമാകുന്നത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടിയുള്ള അന്ന് നടന്ന പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്. തൊഴിലാളികളുടെ ഈ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ അതിന് നേതൃത്വം നല്‍കിയ നേതാക്കളെ കുറ്റ വിചാരണ ചെയ്ത് കൊലപ്പെടുത്തുന്ന സ്ഥിതിയായിരുന്നു തുടര്‍ന്നുണ്ടായത്. അന്നത്തെ അറ്റോണി ജനറല്‍ ഗ്രിന്നല്‍ പറയുന്ന ഭാഗം ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.

"അവര്‍ കുറ്റക്കാരാണെന്ന് വിധിക്കൂ, അവരെ മാതൃകാപരമായി ശിക്ഷിക്കൂ, അവരെ തൂക്കിലിടൂ. ഇതു ചെയ്താല്‍ നിങ്ങള്‍ നമ്മുടെ വ്യവസ്ഥാപിത ചട്ടങ്ങളെ, നമ്മുടെ സമൂഹത്തെ രക്ഷിക്കുകയായിരിക്കും."

ഇങ്ങനെ നേതൃത്വത്തെ തകര്‍ത്ത് വിപ്ലവ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുക എന്ന നയമായിരുന്നു സര്‍ക്കാര്‍ അന്ന് സ്വീകരിച്ചത്. ഇതിന്റെ ഫലമായി അന്ന് അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ് എംഗല്‍, ആല്‍ബര്‍ട്ട് പാഴ്സണ്‍സ്, ആഗസ്റ്റ് സ്പൈസസ് എന്നിവര്‍ തൂക്കിലേറ്റപ്പെട്ടു. ലൂയി ലിങ് ജയിലറയില്‍ വച്ച് കൊല്ലപ്പെട്ടു. ഇങ്ങനെ തൊഴിലാളികള്‍ക്കു നേരെ വെടി ഉതിര്‍ത്തും നേതാക്കളെ തൂക്കിലിട്ടും തൊഴിലാളിവര്‍ഗ പോരാട്ടത്തെ അടിച്ചമര്‍ത്തിക്കളയാമെന്നായിരുന്നു അന്നത്തെ ഭരണാധികാരികള്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍, ആ കണക്കുകൂട്ടലുകളെ മുഴുവനും കാറ്റില്‍പ്പറത്തിക്കൊണ്ട് ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരംപേര്‍ ഉയരുന്നു എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ചിക്കാഗോ സംഭവം ലോകത്തുണ്ടാക്കിയത്. ഇന്നും ലോകത്തെ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് ആവേശമാണ് ചിക്കാഗോ സംഭവം.

മുതലാളിത്തത്തെ വിലയിരുത്തിക്കൊണ്ട് മാര്‍ക്സ് പറഞ്ഞത് അതിനെ തകര്‍ക്കുന്നതിനുള്ള ശക്തി അതിന്റെ ഉള്ളില്‍നിന്നുതന്നെ വളര്‍ന്നുവരുന്നുണ്ട് എന്നതാണ്. മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കുമുള്ള പരിവര്‍ത്തനം ആര്‍ക്കും തടയാനാവുന്ന ഒന്നല്ല. മറിച്ച്, അത് ചരിത്ര സത്യമാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ചെയ്യുന്നത്. ഈ പരിവര്‍ത്തനം എല്ലാ രാജ്യത്തും ഒരേ രൂപത്തിലല്ല നടക്കുന്നത്. ഓരോ രാജ്യത്തെയും വിപ്ലവത്തിന് അതാത് സാഹചര്യത്തിനനുസരിച്ചുള്ള വിപ്ലവ തന്ത്രമാണ് രൂപീകരിക്കപ്പെടേണ്ടത്. സമകാലിക ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മാര്‍ക്സിസത്തിന്റെ അജയ്യതയെയും തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ പ്രാധാന്യത്തെയും മുന്നോട്ടുവയ്ക്കുന്നതാണ്. സോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ന്നതോടെ മാര്‍ക്സിസം കാലഹരണപ്പെട്ടുപോയി എന്ന പ്രചരണം ലോകത്ത് ശക്തമായിരുന്നു. പല കമ്മ്യൂണിസ്റ്റ് പാര്‍ടികളും പേര് മാറ്റുകയോ പിരിച്ചുവിടുകയോ ചെയ്യുന്ന സ്ഥിതി ഉണ്ടായി. സോഷ്യലിസമെന്നത് സ്വപ്നം കാണാന്‍ കൊള്ളാവുന്ന ഒന്നുമാത്രമാണെന്ന പ്രചരണവും ലോകത്ത് വ്യാപകമായി. മുതലാളിത്ത പ്രചരണത്തിന്റെ ഭാഗമായി മുന്നോട്ട് വെക്കപ്പെട്ട ഇത്തരം വ്യാഖ്യാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള നിലപാട് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ സ്വീകരിച്ചു. ലോക സോഷ്യലിസത്തിന് താല്‍ക്കാലികമായ തിരിച്ചടി ഉണ്ടായിട്ടുണ്ടെങ്കിലും മുതലാളിത്തത്തിന്റെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല. അതിനുള്ളിലെ വൈരുധ്യങ്ങള്‍ മൂര്‍ച്ഛിച്ച് സാമ്പത്തിക കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടും. സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിലൂടെയല്ലാതെ ഈ വൈരുധ്യങ്ങള്‍ പരിഹരിക്കാനാവില്ല.

നമ്മുടെ യുഗത്തിന്റെ സ്വഭാവം സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടേത് തന്നെയാണ് എന്ന ശാസ്ത്രീയമായ വസ്തുത കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വെച്ചു. ആഗോളസാമ്പത്തിക പ്രതിസന്ധി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുത്തി. ആഗോള സാമ്പത്തിക പ്രതിസന്ധി എന്നത് മുതലാളിത്തം ചെന്നുപെട്ട അനിവാര്യമായ പ്രതിസന്ധിയാണെന്ന് വിലയിരുത്തുന്നതില്‍ മാര്‍ക്സിസത്തിന്റെ ശാസ്ത്രീയസമീപനം മുറുകെപ്പിടിച്ചവര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം എന്തെന്ന് ബൂര്‍ഷ്വാ-സാമ്പത്തിക നിലപാടുകളില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റാതായവര്‍ക്ക് സാമ്പത്തിക തകര്‍ച്ചയുടെ കാരണം അന്വേഷിച്ച് മൂലധനത്തിലും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും ഒക്കെ എത്തിച്ചേരേണ്ടതായിവരികയും ചെയ്തു. ജാതി-മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന കാഴ്ചപ്പാടുകള്‍ക്കോ അരാഷ്ട്രീയ തലത്തില്‍ നിന്നുകൊണ്ട് പ്രശ്നങ്ങളെ സമീപിക്കുന്നവര്‍ക്കോ ഇത്തരത്തിലുള്ള ശാസ്ത്രീയ വിശകലനം അസാധ്യമായിത്തീരുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകള്‍ മുതലാളിത്തത്തിന്റെ ഉത്ഭവത്തിന്റേയും വളര്‍ച്ചയുടേയും വികാസത്തിന്റേയും മൂലകാരണങ്ങള്‍ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുമ്പോള്‍ മാര്‍ക്സിസം ഈ പ്രശ്നങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ നിര്‍ദ്ധാരണം ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് സമകാലിക ലോകത്തിന്റെ വിശകലനത്തില്‍ മാര്‍ക്സിസത്തിന്റെ അജയ്യത ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്നത്.

തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ ലോകത്ത് അസാധ്യമാണെന്ന് വിധിയെഴുതിയ വലതുപക്ഷ ചിന്തകരുടെയും ബുദ്ധിജീവികളുടെയും കാഴ്ചപ്പാടുകള്‍ അപ്രസക്തമാക്കുന്ന വിധത്തിലാണ് ആഗോള സാമ്പത്തിക നയങ്ങള്‍ക്കെതിരായി ലോകവ്യാപകമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ തെളിയിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്റെ പാതയില്‍ അണിചേര്‍ന്നിരിക്കുകയാണ്. തങ്ങളുടെ ജീവിതത്തിനും ഉപജീവന മാര്‍ഗങ്ങള്‍ക്കും എതിരായി നടക്കുന്ന കടന്നാക്രമണങ്ങളെ തൊഴിലാളികള്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് ലോകത്തുടനീളം നടന്ന പണിമുടക്ക് സമരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, ഗ്രീസ്, സ്പെയിന്‍, പോര്‍ട്ടുഗല്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഇത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. പൊതുഖജനാവില്‍ നിന്ന് പണം നല്‍കി ഒരു പിടി മുതലാളിമാരേയും ധനകാര്യഭീമന്മാരേയും സഹായിക്കുന്ന പദ്ധതികള്‍ക്കെതിരായും ഈ രാജ്യങ്ങളില്‍ പ്രക്ഷോഭം ശക്തമായി. ദക്ഷിണകൊറിയ, കസാക്കിസ്ഥാന്‍, ഇറാന്‍, ജപ്പാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായി. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി പോരാട്ടത്തിന്റെ പാതയില്‍ ജനങ്ങള്‍ വരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്.

അതോടൊപ്പം തന്നെ ലാറ്റിനമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരം നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി മുന്നോട്ട് പോകുന്നതിന് അവിടുത്തെ സര്‍ക്കാരുകള്‍ പരിശ്രമിക്കുന്ന ആവേശകരമായ അനുഭവവും നമ്മുടെ മുമ്പിലുണ്ട്. സ്വകാര്യവല്‍ക്കരണത്തിന്റെ അജണ്ട മുന്നോട്ടുവയ്ക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന വിധമാണ് ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നുപോയ ബാങ്കിംഗ് സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായ അമേരിക്ക പോലും സ്വീകരിച്ച നിലപാട്. സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണ് ഈ സ്വകാര്യ സ്ഥാപനങ്ങള്‍ പോലും സംരക്ഷിക്കപ്പെട്ടത്. സ്വകാര്യവല്‍ക്കരണമെന്ന ആഗോളവല്‍ക്കരണ വക്താക്കളുടെ കാഴ്ചപ്പാടിന്റെ പൊള്ളത്തരമാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കിയത്.

ആഗോള മുതലാളിത്തത്തിന്റെ കാഴ്ചപ്പാടുകള്‍ അതേപോലെ നടപ്പിലാക്കാനാണ് ഇന്ത്യാരാജ്യത്ത് ഇപ്പോള്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്ന ഘട്ടത്തില്‍ ഭരണത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ഉപയോഗിച്ച് അത്തരം നീക്കങ്ങളെ ചെറുക്കുന്നതിന് ഒരു പരിധിവരെ സാധിച്ചു. തൊഴിലാളിവര്‍ഗ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ട് ഇടതുപക്ഷം നടത്തിയ ആ ഇടപെടലായിരുന്നു ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് സഹായകമായ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ജീവിത സുരക്ഷ ഉറപ്പുവരുത്തുന്ന തൊഴിലുറപ്പ് പദ്ധതി പോലുള്ളവ നടപ്പിലാക്കുന്നതിനുള്ള നടപടികളും മുന്നോട്ട് വെച്ചു. പാറ്റന്റ് നിയമ ഭേദഗതിയില്‍ ജനകീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള ഇടപെടല്‍ നടത്തി. വിത്തുബില്‍ പോലുള്ള കാര്‍ഷിക സമ്പദ്ഘടനയെ തകര്‍ക്കുന്ന നിയമനിര്‍മ്മാണത്തെ ചെറുത്തു. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന നടപടിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പോരാടി. തൊഴിലാളിവര്‍ഗ രാഷ്ട്രീയം മുന്നോട്ടുവച്ച ഈ നടപടികളാണ് രാജ്യത്തെ രക്ഷപ്പെടുത്തിയെടുത്തത് എന്ന് ആരും സമ്മതിക്കുന്നതാണ്.

രണ്ടാം യു.പി.എ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാതെയാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ, ആഗോളവല്‍ക്കരണത്തിനെതിരെ ഇടപെടുന്ന ശക്തികളുടെ സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരിലില്ല. അതുകൊണ്ടുതന്നെ അത്തരം നയങ്ങള്‍ തീമഴ പോലെ ഇന്ത്യന്‍ ജനതയുടെ മുകളില്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഈ നയങ്ങള്‍ക്കെതിരായി രാജ്യത്തെ തൊഴിലാളിവര്‍ഗമാകമാനം പ്രക്ഷോഭരംഗത്തേക്ക് കടന്നുവരുന്ന അനുഭവത്തിനും നമ്മുടെ നാട് സാക്ഷ്യം വഹിച്ചു. 2010 സെപ്റ്റംബര്‍ 7-ാം തീയതിയില്‍ നടന്ന പണിമുടക്ക് ഇക്കാര്യമാണ് വ്യക്തമാക്കിയത്. ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആ സമരത്തില്‍ പങ്കാളികളാണ്. അഞ്ച് സുപ്രധാനമായ മുദ്രാവാക്യങ്ങള്‍ ആ പണിമുടക്കില്‍ ഉന്നയിക്കപ്പെട്ടു. വിലക്കയറ്റം തടയുക, മാന്ദ്യം മറികടക്കാന്‍ നടപടി സ്വീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്നതിനും അവകാശങ്ങള്‍ നിഷേധിക്കുന്നതിനും കൂട്ടുനില്‍ക്കാതിരിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രഖ്യാപിക്കപ്പെട്ട സാമൂഹ്യ സുരക്ഷാനിയമം കാര്യക്ഷമമായി നടപ്പിലാക്കുക, പൊതുമേഖലയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആ മുദ്രാവാക്യങ്ങള്‍. ഈ മുദ്രാവാക്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് തൊഴിലാളി വര്‍ഗം ഒന്നടങ്കം സമരരംഗത്തേയ്ക്ക് ഇറങ്ങിയത് എന്ന് കാണാം.

തൊഴിലാളി വര്‍ഗത്തിന്റെ ഈ പണിമുടക്ക് സമരങ്ങള്‍ ഇതാദ്യമായല്ല നടക്കുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പിലാക്കപ്പെട്ട 1991 ന് ശേഷം 13-ാമത് പണിമുടക്കാണ് 2010 സെപ്തംബര്‍ 7 ന് നടന്നത്. മുതലാളിത്തം വിതയ്ക്കുന്ന ദുരിതങ്ങള്‍ക്കെതിരായി തൊഴിലാളികള്‍ എല്ലാ ഭിന്നതകളും മറന്ന് പോരാട്ടത്തിന് ഇറങ്ങുമെന്ന മാര്‍ക്സിന്റെ കാഴ്ചപ്പാട് ഇത്തരം ചരിത്ര സന്ദര്‍ഭങ്ങളില്‍ നടപ്പിലാക്കപ്പെടും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത്. ഈ പണിമുടക്ക് രാജ്യവ്യാപകമായി വമ്പിച്ച വിജയമായി എന്നത് സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായി തൊഴിലാളി വര്‍ഗം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണങ്ങളില്‍ ഒന്നാണ്.

ഇത്തരം പോരാട്ടങ്ങള്‍ ലോകവ്യാപകമായി ഉയര്‍ന്നുവരുമ്പോള്‍ തന്നെ മാര്‍ക്സിസം-ലെനിനിസത്തിന്റെ പ്രാധാന്യം മുന്നോട്ട് വെക്കുന്ന ചര്‍ച്ചകള്‍ക്കും ഈ കാലയളവില്‍ ലോകം സാക്ഷ്യം വഹിച്ചു. 2010 ഡിസംബര്‍ 3-5 തീയതികളില്‍ 12-ാം സാര്‍വ്വദേശീയ സമ്മേളനം ദക്ഷിണാഫ്രിക്കയിലെ ഷ്വെയ്വാനില്‍ വെച്ച് നടക്കുകയുണ്ടായി. "മുതലാളിത്തത്തില്‍ ആഴമേറി വരുന്ന വ്യവസ്ഥാ പ്രതിസന്ധി, പരമാധികാര സംരക്ഷണം, തീവ്രമാകുന്ന സാമൂഹ്യ സഖ്യങ്ങള്‍, സമാധാനത്തിനും പുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടത്തിലും സമ്രാജ്യത്വ വിരുദ്ധ മുന്നണി ശക്തിപ്പെടുത്തുന്നതിലും കമ്മ്യൂണിസ്റ്റുകാരന്റെ കടമകള്‍" എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സമ്മേളന ചര്‍ച്ചകള്‍ നടന്നത്. മുതലാളിത്തത്തിന്റെ പ്രതിസന്ധി മൂന്നാം ലോക രാജ്യങ്ങള്‍ക്കും അധ്വാനിക്കുന്ന ജനങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നതെന്ന് ഈ സമ്മേളനം വിലയിരുത്തി. അതിനെതിരായുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിലൂടെ പുരോഗമന ശക്തികള്‍ വളരുന്നുണ്ട്. എന്നാല്‍ അതിനോടൊപ്പം തന്നെ പ്രതിഷേധങ്ങളെ മുതലെടുത്ത് മുന്നോട്ട് വരാന്‍ വലതുപക്ഷ ശക്തികളും ശ്രമിക്കുന്നുണ്ട്. ഈ സ്ഥിതിവിശേഷത്തെ മുറിച്ച് കടക്കുന്നതിന് തൊഴിലാളി വര്‍ഗത്തിന്റെ വര്‍ഗപരമായ സംഘാടനം അനിവാര്യമാണെന്ന് ആ സമ്മേളനം വിലയിരുത്തി. വര്‍ഗ സമരത്തെ തള്ളിക്കളയുന്നതിന് ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രസക്തി അംഗീകരിക്കാത്ത തെറ്റായ ധാരണകളെ തുറന്ന് കാട്ടി മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും വിലയിരുത്തുകയുണ്ടായി.

ചിക്കാഗോവിലെ തൊഴിലാളി വര്‍ഗം പോരാട്ടം നടത്തുമ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികളുടെ നില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിരന്തരമായ സമരങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. എന്നാല്‍ ഈ ലോകത്ത് സര്‍വ്വതും ഉല്‍പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അധികാരവും ജീവിത സാഹചര്യവും ലഭിക്കുന്നില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നു. ഇതിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇനിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിന് മെയ് ദിനത്തില്‍ നമുക്ക് കഴിയേണ്ടതുണ്ട്. സോഷ്യലിസവും കമ്മ്യൂണിസവും സ്ഥാപിക്കുന്നതിലൂടെ മാത്രമേ വിമോചനം സാധ്യമാവുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം ജനങ്ങളെ പഠിപ്പിക്കുന്നതിനും ഈ അവസരത്തെ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

പിണറായി വിജയന്‍ ചിന്ത 010511

1 comment:

  1. സാര്‍വ്വദേശീയതലത്തില്‍ തന്നെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന സംഭവമാണ് ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളിലുണ്ടായത്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. ഇതിനു നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണവും ആ പോരാട്ടത്തിനുശേഷം ഭരണകൂടവും ജുഡീഷ്യറിയും തൊഴിലാളികളെ ഭീകരമായി പീഡിപ്പിച്ച രീതിയും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. അന്നത്തെ തൊഴിലാളികള്‍ക്ക് ദിവസം 20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമായിരുന്നു. ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 ആയിരുന്നു എന്ന് അറിയുമ്പോഴാണ് ഈ പീഡനത്തിന്റെ ഭീകരത നമുക്ക് ബോധ്യമാകുന്നത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടിയുള്ള അന്ന് നടന്ന പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്. തൊഴിലാളികളുടെ ഈ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ അതിന് നേതൃത്വം നല്‍കിയ നേതാക്കളെ കുറ്റ വിചാരണ ചെയ്ത് കൊലപ്പെടുത്തുന്ന സ്ഥിതിയായിരുന്നു തുടര്‍ന്നുണ്ടായത്. അന്നത്തെ അറ്റോണി ജനറല്‍ ഗ്രിന്നല്‍ പറയുന്ന ഭാഗം ഈ കാര്യം വ്യക്തമാക്കുന്നുണ്ട്.

    "അവര്‍ കുറ്റക്കാരാണെന്ന് വിധിക്കൂ, അവരെ മാതൃകാപരമായി ശിക്ഷിക്കൂ, അവരെ തൂക്കിലിടൂ. ഇതു ചെയ്താല്‍ നിങ്ങള്‍ നമ്മുടെ വ്യവസ്ഥാപിത ചട്ടങ്ങളെ, നമ്മുടെ സമൂഹത്തെ രക്ഷിക്കുകയായിരിക്കും."

    ReplyDelete