Sunday, May 1, 2011

ചുവപ്പ് ദുര്‍ഗമായി ബര്‍ദ്വമാന്‍

കൊല്‍ക്കത്ത: വിപ്ലവപ്രസ്ഥാനത്തിന്റെ രണഭൂമിയാണ് ലാല്‍ മട്ടീര്‍ ലാല്‍ ദുര്‍ഗയെന്ന ബര്‍ദ്വമാന്‍ ജില്ല. ചുവന്ന മണ്ണിലെ ചുവന്ന ദുര്‍ഗമായ ബര്‍ദ്വമാന്‍ ഒരൊഴുക്കിലും ഗതിമാറാത്ത, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാണ്. കവി കാസി നസ്റുള്‍ ഇസ്ലാമിന്റെയും വിപ്ലവ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന ഹരേകൃഷ്ണ കോനാര്‍ , ബിനോയ് ചൗധരി, സരോജ് മുഖര്‍ജി തുടങ്ങിയവരുടെയും ജന്മംകൊണ്ട് പുകള്‍പെറ്റ ദേശം. കൃഷിയും വ്യവസായവും ധാതുസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ബര്‍ദ്വമാന്‍ വിസ്തീര്‍ണത്തില്‍ ബംഗാളിലെ രണ്ടാമത്തെ ജില്ലയാണ്. വിശാലമായ നെല്‍പ്പാടങ്ങളുടെയും വന്‍ ഇരുമ്പുരുക്കുശാലകളുള്‍പ്പെടെ അനേകം വ്യവസായശാലകളുടെയും കല്‍ക്കരി ഖനികളുടെയും നാടുകൂടിയാണിത്. എണ്ണമറ്റ കര്‍ഷക പോരാട്ടങ്ങളുടെയും തൊഴിലാളി പ്രക്ഷോഭങ്ങളുടെയും കഥകളാണ് ഇതിനു പറയാനുള്ളത്. ഈ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഐ എം ആണ് ഇവിടത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം. നാലുദശകമായി നടന്ന തെരഞ്ഞെടുപ്പുകളില്ലൊം ഇടതുപക്ഷത്തോടാണ് ഇവിടം കൂറുപുലര്‍ത്തിയത്. ഇത്തവണയും വ്യതിയാനം ഉണ്ടാവില്ല.

1977 മുതല്‍ ഇടതുമുന്നണിയെമാത്രം തെരഞ്ഞെടുത്ത മണ്ഡലങ്ങളാണ് 18 എണ്ണവും. പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് 25 നിയമസഭാമണ്ഡങ്ങളാണ് ഈ ജില്ലയിലുള്ളത്. മുമ്പ് 26 ആയിരുന്നു. 1987ലും 91ലും ജില്ലയിലെ എല്ലാ സീറ്റും കരസ്ഥമാക്കിയത് ഇടതുമുന്നണിയാണ്. കോണ്‍ഗ്രസും തൃണമൂലും സഖ്യമായി മത്സരിച്ച 2001ല്‍ അഞ്ചു സീറ്റ് നഷ്ടപ്പെട്ടു. 2006ല്‍ ഇടതുമുന്നണിക്ക് 23 എണ്ണം കിട്ടി. ശരാശരി 55 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ഇവിടെ ലഭിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- തൃണമൂല്‍ സംഖ്യം സംസ്ഥാനത്തിന്റെ പല ഭാഗത്തും നേട്ടമുണ്ടാക്കിയെങ്കിലും ബര്‍ദ്വമാനിലെ മൂന്ന് ലോക്സഭാ സീറ്റിലും സിപിഐ എം ആണ് വിജയിച്ചത്. ഇക്കുറി ഇടതുമുന്നണിയില്‍ സിപിഐ എം 22 സീറ്റിലും ഫോര്‍വേഡ് ബ്ലോക്ക് രണ്ടിലും മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ലോക്ക് ഒരിടത്തുമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഇടതുമുന്നണി സ്ഥാനാര്‍ഥികളില്‍ 18 പേര്‍ പുതുമുഖങ്ങളാണ്. അഞ്ച് വനിതകളും. വ്യവസായമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ നിരുപം സെന്‍ ദക്ഷിണ ബര്‍ദ്വമാനില്‍നിന്ന് മൂന്നാം തവണയാണ് തുടര്‍ച്ചയായി ജനവിധി തേടുന്നത്. ഇടതുമുന്നണിയുടെ പ്രചാരണയോഗങ്ങളിലെല്ലാം വന്‍ജനപ്രവാഹമായിരുന്നു. നാല്, അഞ്ച് ഘട്ടങ്ങളിലാണ് ഇവിടെ തെരഞ്ഞെടുപ്പ്. മെയ് മൂന്നിന് 15 സീറ്റിലേക്കും മെയ് ഏഴിന് 10 സീറ്റിലേക്കും. തെരഞ്ഞെടുപ്പില്‍ ബര്‍ദ്വമാനില്‍ ഇടതുമുന്നണിയുടെ അടിത്തറ കൂടുതല്‍ ഭദ്രമാകുമെന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിപിഐ എം ജില്ലാ സെക്രട്ടറി മദന്‍ ഹാള്‍ദാര്‍ പറഞ്ഞു.
(ഗോപി)

തൃണമൂല്‍ ബംഗാളിന്റെ പുരോഗതി തടയാന്‍ ശ്രമിക്കുന്നു: യെച്ചൂരി

കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പുരോഗതിക്കായി ഇടതുമുന്നണി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയെന്നതുമാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഹൗറയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1977 മുതല്‍ തുടര്‍ച്ചയായി ഏഴു തവണ അധികാരത്തില്‍ വന്ന ഇടതുമുന്നണി സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതിക്കായി ആസൂത്രിതമായ പരിപാടികളാണ് നടപ്പാക്കിയത്. ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനു പകരം ഇടതുമുന്നണി സര്‍ക്കാരിനെ ഏത് മാര്‍ഗമുപയോഗിച്ചും അട്ടിമറിക്കുകയെന്നതായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. പുരൂളിയ ആയുധവര്‍ഷം സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്ന സത്യങ്ങള്‍ ഇത് ഒന്നുകൂടി വ്യക്തമാകുന്നു. നരസിംഹറാവു പ്രധാനമന്ത്രിയും ഇപ്പോഴത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതിരോധമന്ത്രിയുമായിരുന്നപ്പോഴാണ് രാജ്യരക്ഷാ സംവിധാനമാകെ നിശ്ചലമാക്കി ആയുധവര്‍ഷത്തിന് വഴിയൊരുക്കിയത്. രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ശക്തികളോട് കര്‍ശനമായ നിലപാടല്ല കേന്ദ്രസര്‍ക്കാരിനുള്ളത്. തീവ്രവാദികള്‍ , വിഘടനവാദികള്‍ എന്നീ ശക്തികളെ അവര്‍ ഇടതുപക്ഷത്തിനെതിരാണെങ്കില്‍ ഉപയോഗിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. മാവോയിസ്റ്റുകള്‍ ആഭ്യന്തരസുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ , അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തക മാവോയിസ്റ്റുകളുമായി കൈകോര്‍ത്ത് ഒരേവേദിയില്‍ അണിനിരക്കുന്നത് പല തവണ കണ്ടു. മാവോയിസ്റ്റുകളെ പരസ്യമായി അവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു കേന്ദ്രസര്‍ക്കാരിന് എങ്ങനെയാണ് രാജ്യത്തിന്റെ ശത്രുക്കളെ കര്‍ശനമായി നേരിടാന്‍ കഴിയുക?

ബംഗാളിന്റെ സുസ്ഥിരമായ വികസനത്തിനും ജനാധിപത്യപരമായ നിലനില്‍പ്പിനും ഇടതുമുന്നണിതന്നെ അധികാരത്തില്‍ തുടരേണ്ടത് അനിവാര്യമാണ്. ബംഗാളില്‍ ഇടതുമുന്നണി ദുര്‍ബലമായാല്‍ രാജ്യത്താകെ ഇടതുപക്ഷത്തിന്റെ പോരാട്ടം ദുര്‍ബലമാകും. അതിനാല്‍ ഇടതുപക്ഷത്തിന്റെ സമരശക്തി ഉയര്‍ത്തിപ്പിടിക്കാനുള്ള രാഷ്ട്രീയപോരാട്ടമാണ് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പെന്ന് യെച്ചൂരി പറഞ്ഞു.

പൂര്‍വ മേദിനിപ്പുരില്‍ തൃണമൂലിലെ ആഭ്യന്തരകലാപം ഒടുങ്ങുന്നില്ല

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയ നന്ദിഗ്രാം ഉള്‍പ്പെടുന്ന പൂര്‍വ മേദിനിപ്പുരില്‍ ഇപ്പോള്‍ അവര്‍ക്ക് തലവേദനയായി സ്വന്തം ക്യാമ്പിലെ കലാപം. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും സാധാരണ പ്രവര്‍ത്തനംപോലും തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന തൃണമൂല്‍ നേതൃത്വം സ്വന്തം പ്രവര്‍ത്തകര്‍ക്കെതിരെയും അക്രമം തുടങ്ങിയതോടെയാണ് ആഭ്യന്തര സംഘര്‍ഷം ശക്തമായത്.

നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ പോകുന്നുവെന്ന് തെറ്റിദ്ധാരണ പരത്തിയാണ് തൃണമൂലും മാവോയിസ്റ്റുകളും ചേര്‍ന്ന് കലാപത്തിന് തിരികൊളുത്തിയത്. ഇപ്പോള്‍ കര്‍ഷകരെ അവരുടെ ഭൂമിയില്‍നിന്ന് ഇറക്കിവിടാന്‍ തൃണമൂലുകാര്‍ അക്രമം നടത്തുന്നു. ഉത്തര കൊണ്ടായ് മണ്ഡലത്തിലെ സുനിയയില്‍ കര്‍ഷകര്‍ സ്വന്തം ഭൂമി സംരക്ഷിക്കാന്‍ തൃണമൂലിനോട് പൊരുതുകയാണ്. നന്ദിഗ്രാമിലും ഖജൂരിയയിലും സിപിഐ എം പ്രവര്‍ത്തകരെ ആട്ടിയോടിക്കുകയും അവരുടെ വീടും ഭൂമിയും കൈയേറുകയുംചെയ്ത തൃണമൂലിനെതിരെ സുനിയയില്‍ കര്‍ഷകര്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്.

ഖജൂരിയയില്‍ തൃണമൂലിലെ പാര്‍ഥ പ്രതിം ദാസിനെയാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് ആദ്യം പ്രചരിപ്പിച്ചത്. എന്നാല്‍ , നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ അറസ്റ്റിലായി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച് തെരഞ്ഞെടുപ്പു കമീഷന് വിവരം നല്‍കിയത് തൃണമൂലിലെതന്നെ മറ്റൊരു വിഭാഗമാണെന്ന് പാര്‍ഥ പ്രതിം ദാസ് ആരോപിക്കുന്നു. ദാസ് അറസ്റ്റിലായ സമയത്ത് തൃണമൂലിന്റെ സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രണജിത് മണ്ഡലിനെ പ്രഖ്യാപിച്ചു. മോചിതനായ പാര്‍ഥ പ്രതിം ദാസും ഇവിടെ സ്വതന്ത്രനായി പത്രിക നല്‍കി. ഇപ്പോള്‍ ഖജൂരിയയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ രണ്ടു സംഘമായി പിരിഞ്ഞ് ഇരു സ്ഥാനാര്‍ഥികള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നു. പുതിയ മണ്ഡലമായ ചന്ദിപ്പുരില്‍ തൃണമൂലിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മറ്റൊരു തൃണമൂലുകാരന്‍ സ്വതന്ത്രനായി മത്സരിക്കുന്നു. ഇദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് തൃണമൂലിന്റെ നാല് പ്രാദേശിക നേതാക്കളെ മമത ബാനര്‍ജി പുറത്താക്കി. ജില്ലയിലെ ആറ് മണ്ഡലത്തില്‍ തൃണമൂലിലെ തമ്മിലടി ശക്തമാണ്. തൃണമൂല്‍ നേതൃത്വം പല തവണ ഇടപെട്ടിട്ടും പ്രശ്നം പരിഹരിക്കാനാകുന്നില്ല. നന്ദിഗ്രാമില്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ നടത്തിയ തെരഞ്ഞെടുപ്പു റാലി അവരുടെ ആഭ്യന്തരസംഘര്‍ഷത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതായി. നന്ദിഗ്രാമിലെ റാലി വളരെ മോശമായെന്ന്് തൃണമൂല്‍ നേതൃത്വം തന്നെ വിലയിരുത്തി.

ബംഗാള്‍ : നാലാംഘട്ടം പ്രചാരണം ഇന്ന് സമാപിക്കും

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാലു ജില്ലയിലെ 63 മണ്ഡലത്തിലേക്ക്് നടക്കുന്ന നാലാംഘട്ടം വോട്ടെടുപ്പിന്റെ പ്രചാരണം ഞായറാഴ്ച അവസാനിക്കും. ഹൗറ ജില്ലയിലെ പതിനാറും ഹുഗ്ലിയിലെ പതിനെട്ടും പൂര്‍വ മേദിനിപ്പുരിലെ പതിനാറും ബര്‍ദ്വമാന്‍ ജില്ലയിലെ പതിമൂന്നും മണ്ഡലത്തിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ്. ബര്‍ദ്വമാനിലെ 12 മണ്ഡലത്തില്‍ അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഹൂഗ്ലിജില്ലയിലെ സിംഗൂരിലെയും പൂര്‍വ മേദിനിപ്പുരിലെ നന്ദിഗ്രാമിലെയും തെരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്. ദക്ഷിണ ബര്‍ദ്വമാന്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന വ്യവസായമന്ത്രി നിരുപംസെന്‍ സ്ഥാനാര്‍ഥികളില്‍ പ്രമുഖനാണ്. 366 സ്ഥാനാര്‍ഥികളാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ഹൗറ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ - 129. ഹുഗ്ലി- 84, പൂര്‍വ മേദിനിപ്പുര്‍ - 75, ബര്‍ദ്വമാന്‍ - 78 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവര്‍ ഇടതുമുന്നണിക്കുവേണ്ടി പ്രചാരണരംഗത്ത് സജീവമായുണ്ട്. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനുവേണ്ടി മമത ബാനര്‍ജിയാണ് പ്രധാന പ്രചാരക. പുരൂളിയയില്‍ ആയുധവര്‍ഷം നടത്തിയതിനു പിന്നിലെ ഗൂഢാലോചന കോണ്‍ഗ്രസ് നയിച്ച കേന്ദ്രസര്‍ക്കാരിന്റേതായിരുന്നുവെന്ന വെളിപ്പെടുത്തലാണ് നാലാംഘട്ടം പ്രചാരണത്തില്‍ ഏറ്റവും സജീവം.

deshabhimani 010511

2 comments:

  1. വിപ്ലവപ്രസ്ഥാനത്തിന്റെ രണഭൂമിയാണ് ലാല്‍ മട്ടീര്‍ ലാല്‍ ദുര്‍ഗയെന്ന ബര്‍ദ്വമാന്‍ ജില്ല. ചുവന്ന മണ്ണിലെ ചുവന്ന ദുര്‍ഗമായ ബര്‍ദ്വമാന്‍ ഒരൊഴുക്കിലും ഗതിമാറാത്ത, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാണ്. കവി കാസി നസ്റുള്‍ ഇസ്ലാമിന്റെയും വിപ്ലവ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന ഹരേകൃഷ്ണ കോനാര്‍ , ബിനോയ് ചൗധരി, സരോജ് മുഖര്‍ജി തുടങ്ങിയവരുടെയും ജന്മംകൊണ്ട് പുകള്‍പെറ്റ ദേശം. കൃഷിയും വ്യവസായവും ധാതുസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ബര്‍ദ്വമാന്‍ വിസ്തീര്‍ണത്തില്‍ ബംഗാളിലെ രണ്ടാമത്തെ ജില്ലയാണ്. വിശാലമായ നെല്‍പ്പാടങ്ങളുടെയും വന്‍ ഇരുമ്പുരുക്കുശാലകളുള്‍പ്പെടെ അനേകം വ്യവസായശാലകളുടെയും കല്‍ക്കരി ഖനികളുടെയും നാടുകൂടിയാണിത്. എണ്ണമറ്റ കര്‍ഷക പോരാട്ടങ്ങളുടെയും തൊഴിലാളി പ്രക്ഷോഭങ്ങളുടെയും കഥകളാണ് ഇതിനു പറയാനുള്ളത്. ഈ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഐ എം ആണ് ഇവിടത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം. നാലുദശകമായി നടന്ന തെരഞ്ഞെടുപ്പുകളില്ലൊം ഇടതുപക്ഷത്തോടാണ് ഇവിടം കൂറുപുലര്‍ത്തിയത്. ഇത്തവണയും വ്യതിയാനം ഉണ്ടാവില്ല.

    ReplyDelete
  2. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വ്യാപക അക്രമം അഴിച്ചുവിട്ട പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ടത്തില്‍ 85.89 ശതമാനം പോളിങ്. പൂര്‍വ മേദിനിപ്പുര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 88.89 ശതമാനം. ബര്‍ധമാനില്‍ 87.69 ഉം ഹൂഗ്ലിയില്‍ 87.03 ഉം ഹൗറയില്‍ 79.97 ശതമാനവും വോട്ട് രേഖപ്പെടുത്തി. പൂര്‍വ മേദിനിപ്പുര്‍ , ബര്‍ധമാന്‍ ജില്ലകളില്‍ വ്യാപക സംഘര്‍ഷമുണ്ടായി. 98 ബൂത്തില്‍ ഇടതുമുന്നണിയുടെ പോളിങ് ഏജന്റുമാര്‍ പ്രവേശിക്കുന്നതുപോലും ആയുധധാരികളായ തൃണമൂല്‍ അക്രമികള്‍ തടഞ്ഞു. പൂര്‍വ മേദിനിപ്പുരില്‍ 77 ബൂത്തില്‍ ഇടതുമുന്നണിയുടെ പോളിങ് ഏജന്റുമാരെ തൃണമൂല്‍ അക്രമികള്‍ ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. നന്ദിഗ്രാം, ഖജൂരി, ഉത്തര കൊണ്ടൊയ് തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആക്രമണം നടത്തിയത്. ഇടതുപക്ഷ പ്രവര്‍ത്തകരെ വീട്ടില്‍നിന്നിറങ്ങാന്‍പോലും അനുവദിച്ചില്ല. നന്ദിഗ്രാമിലെ ഒരു ബൂത്തില്‍ ഏജന്റിനെ മര്‍ദിച്ചു. ബര്‍ധമാന്‍ ജില്ലയിലെ കേതുഗ്രാം മണ്ഡലത്തിലെ രതന്‍പുരില്‍ സിപിഐ എം മേഖലാ കമ്മിറ്റിയംഗം അന്‍സറുള്‍ ഹഖിനെ തൃണമൂലുകാര്‍ ആക്രമിച്ചു. ഹൂഗ്ലി ജില്ലയിലെ ശ്രീറാംപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ഇടതുമുന്നണി പ്രവര്‍ത്തകരെ ആക്രമിച്ചു. ഹൗറ ജില്ലയിലെ ബാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുല്‍ത്താന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തി. നാലാംഘട്ടം വോട്ടെടുപ്പില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കാനിടയാക്കിയത് തെരഞ്ഞെടുപ്പു കമീഷന്റെ നിഷ്ക്രിയതകൊണ്ടാണെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു പത്രസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചാംഘട്ടം വോട്ടെടുപ്പ് ഏഴിനും ആറാംഘട്ടം പത്തിനും നടക്കും. 13നാണ് വോട്ടെണ്ണല്‍

    ReplyDelete