Tuesday, May 24, 2011

വലതില്‍ വല്ലാത്ത പൊല്ലാപ്പ്

കരുണാകരന്റെ ചിത്രം ഓടയില്‍ എറിഞ്ഞവരും മന്ത്രിമാരായി: മുരളി

തന്നെ മന്ത്രിസഭയിലുള്‍പ്പെടുത്താതെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ രണ്ടാംഘട്ട സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. തിരുവനന്തപുരത്തുണ്ടായിരുന്ന മുരളി വൈകിട്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെയാണ് തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടേക്ക് പോയത്. ഉച്ചയ്ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ മുരളിക്ക് വന്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് നേതൃത്വം കരുണാകരനോട് കാട്ടിയ അനാദരവിനെതിരെ ശക്തമായി പ്രതികരിച്ച മുരളി യുഡിഎഫ് സര്‍ക്കാരിന്റെ പോക്ക് സുഗമമാകില്ലെന്ന മുന്നറിയിപ്പാണ് നല്‍കിയത്. മുരളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിലും സത്യപ്രതിജ്ഞക്ക് വിളിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തിരുവനന്തപുരം, തൃശൂര്‍ , കോഴിക്കോട്, പാലക്കാട്, തൊടുപുഴ തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളില്‍ പ്രകടനമുണ്ടായി. കൊച്ചിയില്‍ പ്രകടനവും ശയനപ്രദക്ഷിണവും നടന്നു.

സത്യപ്രതിജ്ഞ നടക്കുന്ന വിവരം തന്നെ ആരും അറിയിച്ചിട്ടില്ലെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗികമായി ക്ഷണക്കത്തോ പാസോ കിട്ടിയില്ല. ഞായറാഴ്ച രാത്രിയും കാത്തു. എന്നിട്ടും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളോ യുഡിഎഫ് നേതൃത്വമോ അറിയിച്ചില്ല. കെ കരുണാകരനെ അപമാനിച്ചവരെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ മടിച്ചില്ല. കരുണാകരന്റെ നാമധേയത്തിലുള്ള പാര്‍ടി ഓഫീസുകളില്‍നിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ ഓടയിലെറിഞ്ഞവരെയും മന്ത്രിമാരാക്കി. ശക്തമായ പ്രതിഷേധം ഉണ്ടെങ്കിലും യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കും- മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന ശക്തമായ ആക്ഷേപം നിലനില്‍ക്കെയാണ് മുരളിയെ ഒഴിവാക്കിയത്. കരുണാകരന്റെ മക്കളില്‍ ഒരാള്‍ക്കു മാത്രം മത്സരിക്കാമെന്നായിരുന്നു കെപിസിസി നിലപാട്. അന്നും മുരളിയെ മന്ത്രിയാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷ നല്‍കിയിരുന്നു.

ലീഗ് കല്‍പ്പിക്കുന്നു; കോണ്‍ഗ്രസ് അനുസരിക്കുന്നു


മത-സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങി കോണ്‍ഗ്രസ് സംസ്ഥാനരാഷ്ട്രീയത്തില്‍ അസുഖകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ഘടകകക്ഷികള്‍ , പ്രത്യേകിച്ച് മുസ്ലിംലീഗ് തീരുമാനിക്കുകയും കോണ്‍ഗ്രസ് അനുസരിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍ . സമ്മര്‍ദതന്ത്രത്തിലൂടെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം ഘടകകക്ഷി പ്രഖ്യാപിക്കുന്നിടത്തോളം എത്തി കാര്യങ്ങള്‍ . 20 മന്ത്രിമാരെന്ന് മുഖ്യമന്ത്രി അറിയിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് 21 മന്ത്രിമാരുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ലീഗ് മന്ത്രിമാരുടെ വകുപ്പുകളും അവര്‍ പ്രഖ്യാപിച്ചു. വകുപ്പുകള്‍ കൈകാര്യംചെയ്യുന്നവരെ ഘടകകക്ഷിയാണ് തീരുമാനിക്കുന്നതെങ്കിലും മുഖ്യമന്ത്രിയാണ് വകുപ്പ് നിര്‍ണയിച്ചു നല്‍കുന്നത്. ഈ പതിവും ലീഗ് ലംഘിച്ചു. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് ലീഗിന് ഇതിനുള്ള ധൈര്യം നല്‍കിയത്.

ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് ലീഗിന്റെ നീക്കങ്ങള്‍ . കോട്ടയത്ത് ശനിയാഴ്ച വൈകിട്ട് ഉമ്മന്‍ചാണ്ടിയും ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിപദത്തെച്ചൊല്ലി കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു ധ്രുവങ്ങളിലാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കം കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം മൂര്‍ച്ഛിപ്പിച്ചു. സമുദായപരിഗണനകളില്‍ തട്ടി പ്രമുഖ നേതാക്കളെല്ലാം തെറിച്ചു. മന്ത്രിസ്ഥാനം കിട്ടിയവര്‍ വകുപ്പ് പിടിക്കാനുള്ള കുതന്ത്രങ്ങളിലുമാണ്. സമ്മര്‍ദങ്ങള്‍ അതിജീവിക്കാനുള്ള ശേഷി നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പ്രധാന വകുപ്പുകളെല്ലാം ഘടകകക്ഷികള്‍ക്ക് കൊടുക്കേണ്ടിവന്നു. അതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധികാരാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും. ലീഗിന്റെ ഏത് ആവശ്യവും സാധിപ്പിച്ചുകൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി.

സമ്മര്‍ദങ്ങളും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും കടുത്ത പ്രതിസന്ധികളിലേക്കാണ് യുഡിഎഫിനെ നയിക്കുന്നത്. മന്ത്രിമാരുടെ എണ്ണം 20 ആയിരിക്കുമെന്നും പാര്‍ലമെന്ററികാര്യമന്ത്രിയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നുമാണ് സത്യപ്രതിജ്ഞ നിശ്ചയിച്ച യുഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ പറഞ്ഞത്. 21-ാമത്തെ മന്ത്രി തന്റെ പാര്‍ടിക്കായിരിക്കുമെന്ന് കെ എം മാണിയും അവകാശപ്പെട്ടിരുന്നു. ഈ മന്ത്രി താന്‍തന്നെയെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്. സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ , പാര്‍ലമെന്ററികാര്യമന്ത്രി എന്നിവയില്‍ പിന്നീട് തീരുമാനമെന്ന് ശനിയാഴ്ച കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിലും ഞായറാഴ്ച ഡല്‍ഹിക്ക് പോകുംവഴി കൊച്ചിയിലും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ലീഗിന് നാലു മന്ത്രിയെന്നും അദ്ദേഹം പറഞ്ഞതാണ്. അതൊന്നും ലീഗിന് ബാധകമായില്ല. മന്ത്രി ഇ അഹമ്മദിന് കേന്ദ്രത്തില്‍ സ്വതന്ത്രപദവി നല്‍കാമെന്ന ഉറപ്പിലാണ് ലീഗ് നാലു മന്ത്രിസ്ഥാനത്തിന് നേരത്തെ വഴങ്ങിയത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ് ഡല്‍ഹിയില്‍ വിലപ്പോയില്ല. അങ്ങനെയാണ് ലീഗ് തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് സ്വയം പ്രഖ്യാപിക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു മന്ത്രിമാരെ വേണമെന്ന് കെ എം മാണിയും ആവശ്യപ്പെട്ടു.
(കെ എം മോഹന്‍ദാസ്)

സമദാനിയെയും കബീറിനെയും തഴഞ്ഞതില്‍ പ്രതിഷേധം


മലപ്പുറം: മന്ത്രിമാരെ നിശ്ചയിച്ച രീതിക്കെതിരെ മുസ്ലിംലീഗില്‍ പ്രതിഷേധം പുകയുന്നു. അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസമദ് സമദാനിയെയും സംസ്ഥാന സെക്രട്ടറി ടി എ അഹമ്മദ് കബീറിനെയും തഴഞ്ഞതാണ് അണികളുടെ പ്രതിഷേധം രൂക്ഷമാക്കിയത്. രാഷ്ട്രീയപാരമ്പര്യവും കഴിവും നോക്കി മന്ത്രിമാരെ നിശ്ചയിച്ചിരുന്ന രീതി ഇത്തവണ ഉണ്ടായില്ലെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ പരാതി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലീഗിലെത്തിയ അലിക്ക് അനര്‍ഹമായ പരിഗണനയാണ് നല്‍കുന്നതെന്ന് ലീഗ് എംഎല്‍എമാര്‍ക്കിടയില്‍ത്തന്നെ വിമര്‍ശം ഉയര്‍ന്നു.

അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി, സെക്രട്ടറിമാരായ കെ എന്‍ എ ഖാദര്‍ , ടി എ അഹമ്മദ് കബീര്‍ എന്നിവര്‍ക്കാണ് പ്രധാന പരാതി. അബ്ദുറഹ്മാന്‍ രണ്ടത്താണിയും മന്ത്രിപദം മോഹിച്ചിരുന്നു. പൊതുസമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും മതിപ്പുള്ള സമദാനിയെയും കബീറിനെയും ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നാണ് ലീഗ് അണികളുടെ വിലയിരുത്തല്‍ . പ്രഭാഷകനും പണ്ഡിതനുമായ സമദാനി മന്ത്രിയാകുമെന്ന് പ്രവര്‍ത്തകര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ , മന്ത്രിസ്ഥാനം നല്‍കിയാല്‍ ഇരുവരും ശോഭിക്കുമെന്നും ഭാവിയില്‍ തനിക്ക് ഭീഷണിയാകുമെന്നും കുഞ്ഞാലിക്കുട്ടി തിരിച്ചറിഞ്ഞാണ് കുഞ്ഞാലിക്കുട്ടി കരുനീക്കിയത്. തന്റെ വിശ്വസ്തരായ പി കെ അബ്ദുറബ്ബിനെയും വി കെ ഇബ്രാഹിംകുഞ്ഞിനെയും കുഞ്ഞാലിക്കുട്ടി മന്ത്രിമാരാക്കുകയുംചെയ്തു. മുനീറിന് മന്ത്രിസ്ഥാനം നല്‍കിയതിലുള്ള പ്രതിഷേധം ചില എംഎല്‍എമാര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒറ്റുകാരനെ മന്ത്രിയാക്കിയെന്നാണ് ഒരു എംഎല്‍എയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മുനീറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് എംഎല്‍എമാര്‍ പറയുന്നു. വിവാദം ഭയന്ന് മുനീറിനെ മന്ത്രിയാക്കിയത് ശരിയായില്ലെന്നാണ് വിമര്‍ശം. ഇന്ത്യാവിഷനിലൂടെ മുനീര്‍ ഉയര്‍ത്തിവിട്ട വിവാദം ചാനല്‍ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി വാദിച്ചവരില്‍ പ്രധാനി അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ്. അതുകൊണ്ടുതന്നെ പ്രത്യുപകാരമായി മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ചത് ലോട്ടറി മാഫിയ: കെ കെ രാമചന്ദ്രന്‍

കല്‍പ്പറ്റ: യുഡിഎഫ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിച്ചത് ലോട്ടറിമാഫിയയാണെന്ന് കരുതുന്നുവെന്ന് മുന്‍മന്ത്രിയും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ . ഈ അവസ്ഥ കോണ്‍ഗ്രസിന് അപമാനമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്വേഷണം നടത്തണമെന്നും രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ ആവശ്യപ്പെട്ടു. വി ഡി സതീശനെ മന്ത്രിയാക്കാത്തതിനു പിന്നില്‍ ലോട്ടറി മാഫിയയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ കഴമ്പുണ്ടെന്ന് കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക പരിശോധിച്ചാല്‍ വ്യക്തമാകും. ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ഡല്‍ഹിബന്ധം എല്ലാവര്‍ക്കുമറിയാം. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ലോട്ടറി മാഫിയാ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധം ഏറെക്കാലമായി കോണ്‍ഗ്രസിനുള്ളില്‍ സംസാരവിഷയമാണ്. ഈ ബന്ധങ്ങളും മന്ത്രിമാരെ തീരുമാനിക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്. കെ മുരളീധരനെ മന്ത്രിയാക്കാത്തതും സത്യപ്രതിജ്ഞയ്ക്കു പോലും വിളിക്കാതിരുന്നതും കെ കരുണാകരനെ അപമാനിക്കലാണ്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല.

2001ല്‍ 62 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇന്ന് 38 എംഎല്‍എമാര്‍ മാത്രം. ഇത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി പ്രസിഡന്റ് തങ്കബാലു രാജിവച്ചു. ഈ മാതൃക ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സ്വീകരിക്കണം. സിപിഐ എമ്മിന്റെ ദയാവായ്പിലാണ് ഇന്ന് യുഡിഎഫ് കേരളം ഭരിക്കുന്നതെന്ന് കെ കെ രാമചന്ദ്രന്‍ പറഞ്ഞു. ഏതുസമയത്തും പൊളിയുമെന്നു കരുതുന്ന ഭരണത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കില്ലെന്ന സ്ഥിതിയുണ്ടാകും. ഇത് ഭരണപ്രതിസന്ധി സൃഷ്ടിക്കും. അഴിമതിക്കാരെ കുത്തിനിറച്ചു തട്ടിക്കൂട്ടിയ മന്ത്രിസഭയുടെ ദോഷം യുഡിഎഫ് അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മാണി വിഭാഗത്തില്‍ അസ്വസ്ഥത പടരുന്നു


കോട്ടയം: മന്ത്രിസ്ഥാനം രണ്ടിലൊതുങ്ങിയതോടെ മാണി വിഭാഗംനേതാക്കള്‍ക്കിടയില്‍ അസ്വസ്ഥത വര്‍ധിക്കുന്നു. സത്യപ്രതിജ്ഞയ്ക്കു മുമ്പെ പി ജെ ജോസഫിനെതിരെ പുതിയ പീഡന ആരോപണവും ഉയര്‍ന്നു. പാര്‍ടിയിലെ ജോസഫിന്റെ എതിരാളികളാണ് ഇതിനു പിന്നിലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. യുഡിഎഫിലെ പ്രബല കക്ഷിയായിട്ടും രണ്ടുമന്ത്രിസ്ഥാനത്തില്‍ ഒതുങ്ങേണ്ടി വന്ന കേരള കോണ്‍ഗ്രസ് എമ്മിന് വരുംനാളുകള്‍ തലവേദനകള്‍ സമ്മാനിക്കുന്നതാണ്. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളത്തുള്ള യുവതിയാണ് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പി ജെ ജോസഫിനെതിരെ പരാതി സമര്‍പ്പിച്ചത്. മന്ത്രിസ്ഥാനം തെറിപ്പിക്കാന്‍ ലക്ഷ്യമിടുന്നവരാണ് ഈ പരാതിക്കുപിന്നിലെന്ന് ആരോപിക്കുന്നു. പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ കേസ് 28ലേക്ക് മാറ്റി.

നിയമസഭാതെരഞ്ഞെടുപ്പിന് വളരെ മുമ്പേ പാര്‍ടിയിലെ ഒരു നേതാവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ തിരക്കഥയാണ് പരാതിക്ക് ആധാരമെന്ന് ജോസഫ് അനുകൂലികള്‍ പറയുന്നു. പാര്‍ടിയിലെ ഒന്നാമന്‍ കെ എം മാണിയും രണ്ടാമന്‍ പി ജെ ജോസഫുമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാണി വിഭാഗത്തിന് രണ്ടു മന്ത്രിസ്ഥാനം മാത്രം ലഭിക്കാനുള്ള സാധ്യത മനസിലാക്കിയവരാണ് ജോസഫിന് എതിരെ നേരത്തെ തന്നെ അപവാദകഥ തയ്യാറാക്കിയതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. ജോസഫ് ഒഴിവാക്കപ്പെട്ടാല്‍ അടുത്ത പരിഗണന കണക്കുകൂട്ടിയാണ് ഇതെന്നും അവര്‍ പറയുന്നു.

നേരത്തെ കെ എം മാണിയുമായുള്ള കൂടിക്കാഴ്ചയില്‍ യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാണി വിഭാഗത്തിന് രണ്ടു മന്ത്രിസ്ഥാനങ്ങള്‍ മാത്രമേ നല്‍കൂവെന്ന് പറഞ്ഞിരുന്നു. എങ്കിലും പ്രതീക്ഷ കൈവെടിയാതെ ചിലര്‍ മന്ത്രിസ്ഥാനം സ്വപ്നം കണ്ടു. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തോടെ ഇതിന് വിരാമമായി. ഇതിനു പിന്നാലെയാണ് ജോസഫിനെതിരെ യുവതിയുടെ പരാതി പുറത്തുവന്നത്. പാര്‍ടിയിലെ പ്രമുഖനായ ഒരു നേതാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന നീക്കങ്ങള്‍ ഇതിനകം നേതൃത്വത്തില്‍ ചര്‍ച്ചയായി. ഇക്കാര്യത്തില്‍ ഇപ്പോള്‍ പരസ്യപ്രസ്താവന വേണ്ടെന്നാണ് തീരുമാനം. സത്യപ്രതിജ്ഞയ്ക്കു ശേഷം ചേരുന്ന പാര്‍ടി സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഈ വിഷയം ഉയര്‍ത്തി ആരോപണം ഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെടാനാണ് തീരുമാനം.

സത്യപ്രതിജ്ഞയ്ക്ക് തണുത്ത പ്രതികരണം


അണികളുടെ ആവേശത്തിമിര്‍പ്പോ നിറപ്പകിട്ടോ ഇല്ലാതെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും പോര്‍വിളി നടത്തുകയും ചെയ്തത് സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു. എം കെ മുനീറിനെ ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചപ്പോള്‍ "കുഞ്ഞാലിക്കുട്ടി പുലിക്കുട്ടി" എന്നായിരുന്നു വിളി.

സത്യപ്രതിജ്ഞാ സമയത്തെ തിരക്ക് പരിഗണിച്ച് വന്‍ പൊലീസ് സന്നാഹം നഗരത്തിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നു. എന്നാല്‍ , പൊലീസിനെ നോക്കുകുത്തിയാക്കുകയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ . രാജ്ഭവനകത്ത് പൊലീസുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും നേരെ ഭീഷണിയും അസഭ്യവര്‍ഷവും ചൊരിഞ്ഞ യുഡിഎഫ് അണികള്‍ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ , സി എന്‍ ബാലകൃഷ്ണന്‍ , എം കെ മുനീര്‍ എന്നിവരുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുമായാണ് എത്തിയത്.

ദേശീയഗാനാലാപനത്തിനിടയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷവുമായി അലറി. നിലമ്പൂരുനിന്നുള്ള പി എസ് ജോയ് എന്ന യൂത്ത് കോണ്‍ഗ്രസുകാരന്‍ ബാരിക്കേഡ് ചാടിക്കടന്ന് മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനൊരുങ്ങി. ഷാഡോ പൊലീസും മറ്റുംചേര്‍ന്ന് ഇയാളെ പിടികൂടി ബാരിക്കേഡിന് പുറത്താക്കി. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒന്നടങ്കം തെറിവിളിയായി. ഇതിനിടെ ഒരുകൂട്ടം യുഡിഎഫുകാര്‍ പൊലീസ് ഉദ്യോസ്ഥരെ മര്‍ദിക്കാനും ശ്രമിച്ചു. യുഡിഎഫുകാരെ നിയന്ത്രിക്കാന്‍ പൊലീസിനാകാതെ വന്നപ്പോള്‍ കലക്ടര്‍ ദിനേശ് അറോറ ഇടപെട്ടാണ് സ്ഥിതി കുറച്ച് ശാന്തമാക്കിയത്. ചടങ്ങിനുശേഷം മന്ത്രിമാര്‍ സെക്രട്ടറിയറ്റിലേക്ക് എത്തുന്നതറിഞ്ഞതോടെ നോര്‍ത്ത് ബ്ലോക്കിലെ കെട്ടിടത്തിലേക്ക് ഖദര്‍ധാരികള്‍ തള്ളിക്കയറി. ഇവരെ നിയന്ത്രിക്കാന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞില്ല. മന്ത്രിസഭായോഗം ചേരുന്ന ഹാളും ഇക്കൂട്ടര്‍ കീഴടക്കി.

മന്ത്രിസഭ: അഭിപ്രായം പിന്നീട്- സുധീരന്‍

തൃശൂര്‍ : യുഡിഎഫിന്റെ പുതിയ മന്ത്രിസഭ സംബന്ധിച്ച് തനിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും പരസ്യപ്രസ്താവനയ്ക്ക് ഇപ്പോഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . തനിക്കുള്ള അഭിപ്രായം അറിയിക്കേണ്ടവരെ പിന്നീട് അറിയിക്കും. കളങ്കിതരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും എല്ലാത്തിനെയുംകുറിച്ച് തനിക്ക് അഭിപ്രായമുണ്ടെന്നായിരുന്നു മറുപടി.

സുപ്രീം കോടതി നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഉപയോഗം സംസ്ഥാനത്ത് കര്‍ശനമായി തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണം. ഇതിന് കൃഷി, റവന്യൂ, പൊലീസ് വകുപ്പുകള്‍ , മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കലക്ടര്‍മാര്‍ അടങ്ങുന്ന നിരോധനസമിതി രൂപീകരിക്കണം. ഇതിന് ബന്ധപ്പെട്ടവരുടെ യോഗം ഉടനെ വിളിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സുധീരന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.



deshabhimani 240511

1 comment:

  1. അണികളുടെ ആവേശത്തിമിര്‍പ്പോ നിറപ്പകിട്ടോ ഇല്ലാതെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും പോര്‍വിളി നടത്തുകയും ചെയ്തത് സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു. എം കെ മുനീറിനെ ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചപ്പോള്‍ "കുഞ്ഞാലിക്കുട്ടി പുലിക്കുട്ടി" എന്നായിരുന്നു വിളി.

    ReplyDelete