Tuesday, May 24, 2011

തദ്ദേശഭരണം അവതാളത്തിലാകും

തദ്ദേശഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളെയും നഗരസഭകളെയും വേര്‍തിരിക്കാനുള്ള മുസ്ലിംലീഗ് തീരുമാനം ഗൂഢലക്ഷ്യത്തോടെ. വ്യവസായം, ഐടി വകുപ്പുകളില്‍ ആധിപത്യമുറപ്പിച്ച കുഞ്ഞാലിക്കുട്ടി മുനിസിപ്പല്‍ -കോര്‍പറേഷന്‍ ഭരണവും ഏറ്റെടുത്തതോടെ കെട്ടിടനിര്‍മാണം അടക്കമുള്ള മേഖലകളിലെ നിയന്ത്രണങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തമായി.

തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ കൊണ്ടുവന്ന 73, 74 ഭരണഘടനാ ഭേദഗതികളുടെ ഭാഗമായാണ് എല്ലാ തദ്ദേശസ്ഥാപനവും ഒറ്റ മന്ത്രാലയത്തിനു കീഴിലാക്കിയത്. ഇത് വേര്‍തിരിക്കുന്നതോടെ തദ്ദേശഭരണം കുഴഞ്ഞുമറിയും. ഇപ്പോള്‍ പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും ജില്ലാ ആസൂത്രണസമിതിയുടെ കീഴിലാണ്. പുതിയ സംവിധാനത്തില്‍ ആസൂത്രണസമിതിയുടെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലാകും. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പൊതുവായുള്ള പിന്തുണാ സംവിധാനങ്ങളായ കില, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , ശുചിത്വമിഷന്‍ , കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാവിയും ആശങ്കയിലാണ്. വകുപ്പുകള്‍ വേര്‍തിരിക്കുന്നത് പല പദ്ധതിയുടെയും പ്രവര്‍ത്തനത്തിന് തടസ്സമാകും.

കോര്‍പറേഷനും പഞ്ചായത്തുകളും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതികള്‍ നിരവധിയാണ്. കൊച്ചിയിലെ ജെഎന്‍എന്‍ആര്‍യുഎം പദ്ധതി കോര്‍പറേഷനെയും സമീപത്തെ 11 പഞ്ചായത്തുകളെയും ചേര്‍ത്തുള്ളതാണ്. ഇത്തരം പദ്ധതികള്‍ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നും ചോദ്യമുയരുന്നു. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോ-ഓര്‍ഡിനേഷന്‍ സംവിധാനം തദ്ദേശവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് അടക്കമുള്ള നയപരമായ കാര്യങ്ങള്‍ ഈ സമിതിയാണ് എടുക്കുന്നത്. തദ്ദേശവകുപ്പ് ഇല്ലാതാകുന്നതോടെ കോ-ഓര്‍ഡിനേഷന്‍ സംവിധാനവും അവതാളത്തിലാകും.

കെട്ടിട നിര്‍മാണരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫ്ളാറ്റ് ലോബിയെ അസ്വസ്ഥരാക്കിയിരുന്നു. കെട്ടിടനിര്‍മാണത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ , മതിയായ സുരക്ഷപോലും ഉറപ്പാക്കാതെ വന്‍കിടക്കാര്‍ കെട്ടിടങ്ങള്‍ പണിതുകൂട്ടുന്നത് തടഞ്ഞു. ഈ നിയമം പൊളിക്കാന്‍ കെട്ടിടലോബി കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു നഗരപുനരുദ്ധാരണ മിഷന്‍ (ജെഎന്‍എന്‍ആര്‍യുഎം)അടക്കമുള്ള കേന്ദ്രപദ്ധതികളിലൂടെ കോടിക്കണക്കിനു രൂപ എല്ലാ വര്‍ഷവും നഗരസഭകളിലേക്കും കോര്‍പറേഷനിലേക്കും എത്തുന്നുണ്ട്. ഇവയുടെ കരാര്‍ അടക്കം സ്വന്തമാക്കാന്‍ വന്‍ ലോബി ലീഗ് നേതൃത്വത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
(ആര്‍ സാംബന്‍)

deshabhimani 240511

1 comment:

  1. തദ്ദേശഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളെയും നഗരസഭകളെയും വേര്‍തിരിക്കാനുള്ള മുസ്ലിംലീഗ് തീരുമാനം ഗൂഢലക്ഷ്യത്തോടെ. വ്യവസായം, ഐടി വകുപ്പുകളില്‍ ആധിപത്യമുറപ്പിച്ച കുഞ്ഞാലിക്കുട്ടി മുനിസിപ്പല്‍ -കോര്‍പറേഷന്‍ ഭരണവും ഏറ്റെടുത്തതോടെ കെട്ടിടനിര്‍മാണം അടക്കമുള്ള മേഖലകളിലെ നിയന്ത്രണങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തമായി.

    ReplyDelete