Friday, September 21, 2012

ജനശ്രീ മിഷന് സര്‍ക്കാര്‍ 14 കോടി രൂപ നല്‍കുന്നു


കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംഘടനയായ "ജനശ്രീ മിഷന്‍" തട്ടിക്കൂട്ടിയ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 14 കോടി രൂപ നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) മുഖേന ലഭിക്കുന്ന ഫണ്ട് വകമാറ്റിയാണ് നല്‍കുന്നത്. സംസ്ഥാന കൃഷിവകുപ്പും മൃഗസംരക്ഷണവകുപ്പുമാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ഇതിനുള്ള ഉത്തരവിറക്കിയത്. കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനാണ് ജനശ്രീ ചെയര്‍മാന്‍.

ജനശ്രീ പ്രോജക്ട് ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് ഓഫ് അഗ്രികള്‍ചര്‍ ആന്‍ഡ് അലൈഡ് സെക്റ്റേഴ്സ് ഇന്‍ കേരള-അഗ്രികള്‍ചര്‍, ഇതില്‍ത്തന്നെ സപ്പോര്‍ട്ട് ഫോര്‍ മാര്‍ക്കറ്റിങ്, അഗ്രി എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയ്നിങ് എന്നിങ്ങനെ മൂന്ന് പദ്ധതികളുടെ പേരിലാണ് കൃഷിവകുപ്പ് തുക അനുവദിച്ചത്. ജൈവശ്രീ പ്രോജക്ട് ഫോര്‍ പ്രൊമോഷന്‍ ഓഫ് സെല്‍ഫ് സഫിഷ്യന്റ് വില്ലേജസ്, ക്ഷീര സമൃദ്ധി- ജനശ്രീ ഡെയറി പ്രോജക്ട് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ഡെയറി യൂണിറ്റ്സ് ബൈ ഫാര്‍മേഴ്സ് എന്നീ പേരുകളില്‍ മൃഗസംരക്ഷണവകുപ്പും തുക നല്‍കും. ആദ്യ മൂന്ന് പദ്ധതികള്‍ക്ക് യഥാക്രമം 1.46 കോടി, 84 ലക്ഷം, 11 ലക്ഷം എന്നിങ്ങനെ 2.41 കോടി രൂപയാണ് കൃഷിവകുപ്പ് നല്‍കുക. മൃഗസംരക്ഷണവകുപ്പ് രണ്ട് പദ്ധതികള്‍ക്കുമായി 11.95 കോടി യും നല്‍കും. ആകെ 14.36 കോടി രൂപ.

സ്വാശ്രയ വില്ലേജുകള്‍ സ്ഥാപിക്കാനെന്നപേരില്‍ ജൈവശ്രീ പ്രോജക്ട് ഫോര്‍ പ്രൊമോഷന്‍ ഓഫ് സെല്‍ഫ് സഫിഷ്യന്റ് വില്ലേജസ് എന്ന പദ്ധതിയുടെ മറവില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേനയാണ് ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത്- 10.175 കോടി രൂപ. കര്‍ഷകര്‍ക്ക് ഡെയറി ഫാം ഉണ്ടാക്കാനെന്ന പേരിലുള്ള ക്ഷീരസമൃദ്ധി പദ്ധതിക്ക് 1.78 ലക്ഷം നല്‍കും. ഓരോ പദ്ധതിക്കും ജനശ്രീ വെവ്വേറെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇതില്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ വിഹിതം എന്ന പേരിലാണ് ഫണ്ട് അനുവദിച്ചത്. ആര്‍കെവിവൈയുടെ സംസ്ഥാനതല അനുമതി കമ്മിറ്റി മെയ് 19ന് ചേര്‍ന്നാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് കാര്‍ഷികോല്‍പ്പാദന വകുപ്പ് കമീഷണര്‍ സുബ്രതാ ബിശ്വാസ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പദ്ധതിയുടെ നടത്തിപ്പിനായി കൃഷി, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍മാര്‍ ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നും ഉത്തരവിലുണ്ട്.

deshabhimani 210912

1 comment:

  1. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംഘടനയായ "ജനശ്രീ മിഷന്‍" തട്ടിക്കൂട്ടിയ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 14 കോടി രൂപ നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) മുഖേന ലഭിക്കുന്ന ഫണ്ട് വകമാറ്റിയാണ് നല്‍കുന്നത്. സംസ്ഥാന കൃഷിവകുപ്പും മൃഗസംരക്ഷണവകുപ്പുമാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി ഇതിനുള്ള ഉത്തരവിറക്കിയത്. കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനാണ് ജനശ്രീ ചെയര്‍മാന്‍.

    ReplyDelete