Friday, September 21, 2012

ഗ്രാമങ്ങളില്‍ അപ്രഖ്യാപിത ലോഡ്ഷെഡിങ്


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ ഗ്രാമങ്ങളില്‍ അപ്രഖ്യാപിത ലോഡ് ഷെഡിങ്. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെ അരമണിക്കൂര്‍ ഇടവിട്ടാണ് ലോഡ്ഷെഡിങ്. 200 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവുണ്ടായതിനെ തുടര്‍ന്നാണ് രണ്ടുദിവസമായി ലോഡ്ഷെഡിങ്ങെന്നാണ് അധികൃതരുടെ വിശദീകരണം. ഇതുകൊണ്ട് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ നിലയില്‍ ഒരു യൂണിറ്റ്പോലും അധികം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ലെന്നും തുലാമഴ കൂടി ചതിച്ചാല്‍ കേരളം ഇരുട്ടിലാകുമെന്നും കെഎസ്ഇബി അറിയിച്ചു. എന്നാല്‍, എമര്‍ജിങ് കേരളയുടെ വ്യവസായപ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോള്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന് കളങ്കമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. തുടര്‍ന്നാണ് ഗ്രാമങ്ങളില്‍ അപ്രഖ്യാപിത "കട്ടി"നു നിര്‍ദേശം നല്‍കിയത്.

നിലവില്‍ 43 ശതമാനം മാത്രമേ ഡാമുകളില്‍ വെള്ളമുള്ളൂ. നീരൊഴുക്കിന്റെ അത്രയുംതന്നെ ഉല്‍പ്പാദനത്തിനും ഉപയോഗിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതി ലഭിക്കുന്നില്ല. ഇതോടെ കായംകുളം താപവൈദ്യുത നിലയത്തിനുപുറമെ കൊച്ചിയിലെ ബിഎസ്ഇഎസ് നിലയത്തെയും ആശ്രയിച്ചിട്ടുണ്ട്. യൂണിറ്റിന് 9.8 രൂപയാണ് കൊച്ചി നിലയം ഈടാക്കുന്നത്. ഈ നിരക്കില്‍ 22 ദശലക്ഷം യൂണിറ്റ് വൈദ്യുതി കഴിഞ്ഞ ദിവസം മുതല്‍ വാങ്ങിത്തുടങ്ങി. കായംകുളം നിലയത്തില്‍ യൂണിറ്റിന് 11.78 രൂപയാണ് വില. കൊച്ചിയില്‍നിന്ന് വാങ്ങിയാല്‍ രണ്ടുരൂപ കുറഞ്ഞുകിട്ടുമെങ്കിലും നയാപൈസയും നാഥനുമില്ലാതെ നട്ടംതിരിയുകയാണ് ബോര്‍ഡ്. ബോര്‍ഡ് ചെയര്‍മാനായ ഏലിയാസ് തോമസാകട്ടെ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ എംഡി സ്ഥാനവും ഗതാഗത സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്നു.

ഇടുക്കി സംഭരണിയിലെ ജലം ദീര്‍ഘവീക്ഷണമില്ലാതെ വിനിയോഗിച്ചതാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ തുടക്കം. കഴിഞ്ഞ വേനലില്‍ താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഇടുക്കിയില്‍ അമിതോല്‍പ്പാദനം നടത്തി കുറഞ്ഞ തുകയ്ക്ക് വൈദ്യുതി അന്യസംസ്ഥാനങ്ങള്‍ക്ക് മറിച്ചുവിറ്റതും വിനയായി. കാലവര്‍ഷം കുറഞ്ഞാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു വൈദ്യുതി വില്‍പ്പന. മഴ ചതിക്കുകയും ഡാമുകളില്‍ ജലനിരപ്പ് കുറയുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ആഗസ്തില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി വകയിരുത്തിയത് 390 കോടിയാണ്. ചെലവായതാകട്ടെ 600 കോടി രൂപയും. ഒറ്റമാസത്തെ അധിക ബാധ്യത 210 കോടി രൂപയാണ്. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഓണത്തിനുമുമ്പ് 175 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നല്‍കിയത് 75 കോടി രൂപ മാത്രമാണ്. പ്രതിസന്ധി രൂക്ഷമായിട്ടും വാഗ്ദാനം ചെയ്ത 100 കോടി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

deshabhimani 210912

1 comment:

  1. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ ഗ്രാമങ്ങളില്‍ അപ്രഖ്യാപിത ലോഡ് ഷെഡിങ്. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതല്‍ ഒമ്പത് വരെ അരമണിക്കൂര്‍ ഇടവിട്ടാണ് ലോഡ്ഷെഡിങ്.

    ReplyDelete