Friday, September 21, 2012

ജനശ്രീക്ക് 14 കോടി അനുവദിച്ചത് രാഷ്ട്രീയ അഴിമതി: ഐസക്


ജനശ്രീക്ക് മൂന്നു പദ്ധതികളിലായി യുഡിഎഫ് സര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ചത് സ്വജനപക്ഷപാതവും രാഷ്ട്രീയ അഴിമതിയുമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരിക്കുന്ന പാര്‍ടിയുടെ പോഷകസംഘടനയ്ക്ക് മാനദണ്ഡമില്ലാതെ പണം അനുവദിച്ചത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സന്നദ്ധ സംഘടനയെന്ന നിലയിലാണ് പണം അനുവദിച്ചതെന്ന് വാദിക്കാമെങ്കിലും ഫണ്ടിനായി സന്നദ്ധ സംഘടനകളില്‍ നിന്ന് പദ്ധതികള്‍ ക്ഷണിച്ചിട്ടില്ല. രഹസ്യമായി അപേക്ഷ വാങ്ങിയാണ് പണം അനുവദിച്ചത്. കന്നുകുട്ടി പരിപാലനമടക്കമുള്ള മൃഗസംരക്ഷണ പദ്ധതികള്‍ക്കാണ് 11.6 കോടി രൂപയും അനുവദിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ ഈ മേഖലയില്‍ വിജയകരമായ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ ഈ വര്‍ഷം പഞ്ചായത്തുകള്‍ക്ക് പണം ഇല്ലാതിരിക്കെയാണ് ജനശ്രീക്ക് പണം നല്‍കുന്നത്. വലിയ കളവിന്റെ ചെറിയ ഭാഗം മാത്രമാണിത്. ഫണ്ട് ലഭ്യമാക്കാന്‍ ജനശ്രീ വിവിധ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നും പണം ആവശ്യപ്പെട്ടു. ഇത് സൂക്ഷ്മ വായ്പാ പദ്ധതിയെ തകര്‍ക്കും. ജനശ്രീ രക്ഷാധികാരിയായ എ കെ ആന്റണി ഇതിനെ ന്യായീകരിക്കുന്നോ എന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗവും ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളുടെ ഏകോപന സമിതിയുമായ കുടുംബശ്രീയെ തകര്‍ക്കുന്നതില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ യോജിക്കുന്നില്ല. കോണ്‍ഗ്രസിലും വിഭിന്ന അഭിപ്രായമാണുള്ളത്- ഐസക് പറഞ്ഞു.

കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കം ചെറുക്കണം: കെ കെ ശൈലജ

തൃശുര്‍: കാര്‍ഷിക, മൃഗസംരക്ഷണ പദ്ധതികള്‍ ജനശ്രീക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കുടുംബശ്രീയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനയായ ജനശ്രീക്കുവേണ്ടി കേരളത്തിലെ ഏറ്റവും വിപുലമായ സ്ത്രീശാക്തീകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ കാര്‍ഷിക മേഖലയില്‍ നടത്തിയ ഇടപെടല്‍ വഴി നെല്ല്, പച്ചക്കറി ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനയുണ്ടായി. ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനത്തിലും സ്ത്രീ ശാക്തീകരണത്തിലും കുടുംബശ്രീ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയെ നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ ബജറ്റിലും ഫണ്ട് വകയിരുത്തി. നാലു ശതമാനം പലിശയ്ക്ക് വായ്പയും ലഭ്യമാക്കി. മറ്റു രാജ്യങ്ങളിലെ പ്രതിനിധികള്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനം പഠിക്കാനെത്തുന്നുണ്ട്.

ഇത്തരത്തില്‍ ലോകശ്രദ്ധ നേടിയ പ്രസ്ഥാനത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ കാണുന്നത്. എം എം ഹസന്‍ നേതൃത്വം നല്‍കുന്ന ജനശ്രീയ്ക്ക് സര്‍ക്കാര്‍ഫണ്ട് നല്‍കുന്നതിനു പിന്നില്‍ വന്‍ അഴിമതിയാണ് ലക്ഷ്യം. ഇതിനെതിരെ മഹിളാ അസോസിയേഷന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ അണിനിരത്തി കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

deshabhimani 210912

1 comment:

  1. ജനശ്രീക്ക് മൂന്നു പദ്ധതികളിലായി യുഡിഎഫ് സര്‍ക്കാര്‍ 14 കോടി രൂപ അനുവദിച്ചത് സ്വജനപക്ഷപാതവും രാഷ്ട്രീയ അഴിമതിയുമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete