Friday, September 21, 2012

എല്‍ഡി ക്ലര്‍ക്ക് അപേക്ഷ പതിനായിരത്തിലൊതുങ്ങി


വാട്ടര്‍ അതോറിറ്റി സ്പെഷല്‍ റൂളിലൂടെ എല്‍ഡി ക്ലര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയുടെ അടിസ്ഥാന യോഗ്യത ഉയര്‍ത്തിയതോടെ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 145 ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത തസ്തികയിലേക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ 10,119 പേരാണ് പിഎസ്സി മുഖേന അപേക്ഷിച്ചത്. യോഗ്യത എസ്എസ്എല്‍സിയില്‍നിന്ന് ബിരുദമായി ഉയര്‍ത്തിയതിനൊപ്പം സാങ്കേതികയോഗ്യത നിര്‍ബന്ധമാക്കിയതാണ് അപേക്ഷകരുടെ എണ്ണം കുറയാനിടയാക്കിയത്. ബിരുദത്തിനൊപ്പം എല്‍ബിഎസ്, ഐഎച്ച്ആര്‍ഡി എന്നിവയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍നിന്നോ ഉള്ള മൂന്നുമാസത്തെ ഡാറ്റാ എന്‍ട്രി, ഓട്ടോമേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിത യോഗ്യതയായി നിശ്ചയിച്ചിരുന്നു. യോഗ്യത ഒറ്റയടിക്ക് ബിരുദമായി ഉയര്‍ത്തുകയും സാങ്കേതിക പരിജ്ഞാനം അടിസ്ഥാന യോഗ്യതയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം നഷ്ടമായത്. ഇക്കാര്യം അപേക്ഷ ക്ഷണിച്ചവേളയില്‍ "ദേശാഭിമാനി" റിപ്പോര്‍ട്ട് ചെയ്തിരുന്നു. കംപ്യൂട്ടര്‍ സാങ്കേതിക യോഗ്യതയായി സമാന കോഴ്സുകളായ ഡിസിഎ, പിജിഡിസിഎ, വേഡ് പ്രോസസിങ് തുടങ്ങിയവയൊന്നും പിഎസ്സി അംഗീകരിച്ചിട്ടില്ല. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ സമാനയോഗ്യതയും അധിക യോഗ്യതയും നേടിയ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുണ്ട്. ഇവരുടെയെല്ലാം അവസരം നഷ്ടമാവുകയായിരുന്നു. നിരവധി ഉദ്യോഗാര്‍ഥികള്‍ പുതിയ നിബന്ധനക്കെതിരെ പിഎസ്സിയോട് പരാതിപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

ജൂലൈ 16ന് അപേക്ഷ ക്ഷണിച്ചപ്പോള്‍ 102 ഒഴിവുകളും പ്രതീക്ഷിക്കുന്ന 43 ഒഴിവുകളുമാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. ആഗസ്ത് 22 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. മറ്റു കംപ്യൂട്ടര്‍ യോഗ്യതയുള്ളവരുടെ അപേക്ഷയും പിഎസ്സി അംഗീകരിക്കാനിടയുണ്ടെന്ന പ്രചാരണം അവസാന ദിവസങ്ങളിലുണ്ടായി. ഇതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകളില്‍ ഭൂരിഭാഗവും നിശ്ചിത യോഗ്യത ഇല്ലാത്തവരാണെന്നാണ് സൂചന. ഇതുകൂടി ചേര്‍ന്നാണ് അപേക്ഷ പതിനായിരത്തിലെത്തിയത്. ഇത്തരം അപേക്ഷ പിഎസ്സി നിരസിക്കാനാണ് സാധ്യത. മൂന്നുവര്‍ഷമാണ് ലിസ്റ്റിന്റെ കാലാവധി. സാധുവായ അപേക്ഷകളില്‍ 70-80 ശതമാനമാണ് പരീക്ഷ എഴുതാന്‍ സാധ്യത. ഇവരില്‍ താരതമ്യേന കുറഞ്ഞ തയ്യാറെടുപ്പ് നടത്തിയവര്‍ക്കു പോലും ഇടം നേടാനായേക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്സി അവസരം നിഷേധിച്ചതായി കാണിച്ച് ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ബിരുദം അടിസ്ഥാന യോഗ്യതയായ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് സംസ്ഥാനത്ത് നാലുലക്ഷത്തിലേറെ പേര്‍ അപേക്ഷ നല്‍കിയിരുന്നു. എസ്എസ്എല്‍സിയാണ് എല്‍ഡി ക്ലര്‍ക്ക് തസ്തികയ്ക്ക് പിഎസ്സി നിശ്ചയിച്ച അടിസ്ഥാന യോഗ്യത. ഇത് പ്ലസ്ടുവായി ഉയര്‍ത്താന്‍ തീരുമാനിച്ചെങ്കിലും പ്രാബല്യത്തിലായില്ല. വാട്ടര്‍ അതോറിറ്റിയില്‍ അടിസ്ഥാന യോഗ്യത ബിരുദമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ശമ്പളസ്കെയിലില്‍ കാര്യമായ മാറ്റമൊന്നുമില്ല. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഹയര്‍സെക്കന്‍ഡറിയായിരുന്നു യോഗ്യത. ഇത് ബിരുദവും സാങ്കേതിക യോഗ്യതകളുമാക്കി ഉയര്‍ത്തിയതോടെ ഈ തസ്തികയിലും അപേക്ഷകര്‍ കുറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ 174 പേര്‍. തിരുവനന്തപുരത്ത് 524 അപേക്ഷ ലഭിച്ചു.
(പി പി സതീഷ് കുമാര്‍)

deshabhimani 210912

No comments:

Post a Comment