Friday, September 21, 2012

കള്ളുവിപണനം: ഹൈക്കോടതിയുടെ അഭിപ്രായപ്രകടനം വസ്തുത പഠിക്കാതെ- കെ എം സുധാകരന്‍


സംസ്ഥാനത്ത് കള്ളിന്റെ വിപണനം നിരോധിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണമെന്ന ഹൈക്കോടതിയുടെ അഭിപ്രായപ്രകടനം വസ്തുതകള്‍ പഠിക്കാതെയുള്ളതാണെന്ന് കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന്‍ പറഞ്ഞു.

കള്ളുചെത്ത് വ്യവസായം നിരോധിച്ചാല്‍ സംസ്ഥാനത്ത് വീര്യംകൂടിയ വിദേശമദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കും. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വ്യാപകമാവും. കേരളത്തില്‍ വ്യാജമദ്യത്തിന്റെ വ്യാപനത്തിനും വിദേശമദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നതിനും ചാരായ നിരോധം കാരണമായി. മദ്യനിരോധം ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചു പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ എ പി ഉദയഭാനുകമീഷനെ നിയോഗിച്ചിരുന്നു. കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മദ്യനിരോധം അശാസ്ത്രീയവും അപ്രായോഗികവുമാണെന്നു വ്യക്തമാക്കി. ലഹരികൂടിയ മദ്യത്തിന്റെ ഉപഭോക്താക്കളെ ലഹരികുറഞ്ഞ മദ്യത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനായി ആല്‍ക്കഹോള്‍ കുറഞ്ഞ കള്ളിന്റെ ഉപഭോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

കള്ളുവ്യവസായം ചെത്തുതൊഴിലാളി സഹകരണസംഘങ്ങള്‍ രൂപീകരിച്ച് അവയെ ഏല്‍പ്പിക്കുക, സംഘംവഴി ശുദ്ധമായ കള്ള് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക, സര്‍ക്കാര്‍ സഹകരണസംഘങ്ങള്‍ക്ക് സഹായം നല്‍കുക എന്നീ ശുപാര്‍ശകളും ഉദയഭാനു കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതൊന്നും മനസ്സിലാക്കാതെയാണ് കോടതിയുടെ അഭിപ്രായപ്രകടനം. ഇതിനോടു യോജിക്കാന്‍ കഴിയില്ലെന്നും ശക്തമായി എതിര്‍ക്കുന്നെന്നും കെ എം സുധാകരന്‍ പറഞ്ഞു.

deshabhimani 210912

1 comment:

  1. സംസ്ഥാനത്ത് കള്ളിന്റെ വിപണനം നിരോധിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊള്ളണമെന്ന ഹൈക്കോടതിയുടെ അഭിപ്രായപ്രകടനം വസ്തുതകള്‍ പഠിക്കാതെയുള്ളതാണെന്ന് കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കെ എം സുധാകരന്‍ പറഞ്ഞു.

    ReplyDelete