Saturday, September 22, 2012

ആഗോളതാപനം: ഏലമലക്കാടുകള്‍ക്ക് ദോഷകരമെന്ന് റിപ്പോര്‍ട്ട്


ആഗോള താപനംമൂലമുള്ള കാലാവസ്ഥാവ്യതിയാനം പശ്ചിമഘട്ടം ഉള്‍പ്പെടുന്ന തെക്കന്‍കേരളത്തെ ദോഷകരമായിബാധിക്കുമെന്ന് ഇന്തോ-ജപ്പാന്‍ സംയുക്ത പഠനറിപ്പോര്‍ട്ട്. പശ്ചിമഘട്ടത്തില്‍ ഏലമലക്കാടുകള്‍കൊണ്ട് സമ്പന്നമായ പീരുമേട്, ഉടുമ്പന്‍ചോല മേഖലകളെയാണ് ആഗോളതാപനം ദോഷകരമായി ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ നൂറ് വര്‍ഷങ്ങളില്‍ ലഭിച്ച മഴയുടെ തോതനുസരിച്ചാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍. പീരുമേട് മേഖലയില്‍ ലഭിച്ചിരുന്ന മഴയുടെ അളവില്‍ 26 ശതമാനമാണ് കുറവുണ്ടായത്. ഇപ്പോള്‍ തെക്കന്‍ കേരളത്തിലെ ജില്ലകളെ ബാധിച്ചിട്ടുള്ള ഈ അപകടം ക്രമേണ വടക്കന്‍ ജില്ലകളെയും പിടികൂടുമെന്നും അടുത്ത 50 വര്‍ഷത്തേക്ക് ഈ അവസ്ഥയില്‍ ഗുണകരമായ മാറ്റം ഉണ്ടാവുമെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലകളുടെ ജൈവ-കാര്‍ഷിക സമ്പത്തിനെ കാലാവസ്ഥാ വ്യതിയാനം ദുര്‍ബലപ്പെടുത്തും. മണ്‍സൂണ്‍ പ്രവാഹത്തിന്റെ വേഗതയിലും ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുന്നതിന്റെ എണ്ണത്തിലുണ്ടായ കുറവുമാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചത്.

മണ്‍സൂണ്‍ കാറ്റിന്റെ വേഗതയെ ആഗോളതാപനം ബാധിച്ചുതുടങ്ങിയിട്ട് 50 വര്‍ഷത്തിലേറെയായി. പ്രവാഹത്തിന്റെ വേഗത 20 ശതമാനം കുറഞ്ഞു. ബാംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രൂപം കൊള്ളുന്ന ന്യൂനമര്‍ദങ്ങളാണ് മണ്‍സൂണിനെ ശക്തിപ്പെടുത്തുന്നത്. എണ്ണമറ്റനിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ന്യൂനമര്‍ദമെന്ന പ്രതിഭാസം ഈ കാലയളവില്‍ മൂന്നോ നാലോ ആയി കുറഞ്ഞു. കാലാവസ്ഥയില്‍ ഗുണകരമല്ലാത്ത മാറ്റമാണ് ആഗോളതാപനം വരുത്തിയിരിക്കുന്നത്. ഒറീസ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുള്‍പ്പെട്ട മേഖലയിലും മഴയുടെ കുറവ് വന്നതായി പഠനം വ്യക്തമാക്കുന്നു. പൂന, ബംഗളൂരു, ന്യൂഡല്‍ഹി തുടങ്ങിയ രാജ്യത്തെ പ്രമുഖ കാലാവസ്ഥാ നിരീക്ഷണ-പഠനകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരാണ് ജാപ്പാനീസ് സംഘത്തോടൊപ്പം ആഗോളതാപനം മൂലം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠനം നടത്തിയത്. കാര്‍ഷിക രാജ്യമായ ഇന്ത്യന്‍ സമ്പദ്ഘടനയെ തകിടം മറിക്കാന്‍ ഇടയായേക്കാവുന്ന ഭീകരമായ കാലാവസ്ഥാ വ്യതിയാനമാണ് ശാസ്ത്രജ്ഞര്‍ മുന്‍കൂട്ടി കണ്ടത്. ഇതിനെ പ്രതിരോധിക്കാന്‍ മഴവെള്ള സംഭരണം ഉള്‍പ്പെടെയുള്ള സാങ്കേതിക വിജ്ഞാനം ആര്‍ജിക്കേണ്ടതുണ്ട്. ഭൂഗര്‍ഭ അറകള്‍ സ്ഥാപിച്ച് അവയില്‍ മഴവെള്ളം സംഭരിക്കുന്നതുള്‍പ്പെടെയുള്ള നൂതനമാര്‍ഗങ്ങളെക്കുറിച്ചുള്ള ഗവേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

deshabhimani 220912

1 comment:

  1. ആഗോള താപനംമൂലമുള്ള കാലാവസ്ഥാവ്യതിയാനം പശ്ചിമഘട്ടം ഉള്‍പ്പെടുന്ന തെക്കന്‍കേരളത്തെ ദോഷകരമായിബാധിക്കുമെന്ന് ഇന്തോ-ജപ്പാന്‍ സംയുക്ത പഠനറിപ്പോര്‍ട്ട്. പശ്ചിമഘട്ടത്തില്‍ ഏലമലക്കാടുകള്‍കൊണ്ട് സമ്പന്നമായ പീരുമേട്, ഉടുമ്പന്‍ചോല മേഖലകളെയാണ് ആഗോളതാപനം ദോഷകരമായി ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ നൂറ് വര്‍ഷങ്ങളില്‍ ലഭിച്ച മഴയുടെ തോതനുസരിച്ചാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍. പീരുമേട് മേഖലയില്‍ ലഭിച്ചിരുന്ന മഴയുടെ അളവില്‍ 26 ശതമാനമാണ് കുറവുണ്ടായത്. ഇപ്പോള്‍ തെക്കന്‍ കേരളത്തിലെ ജില്ലകളെ ബാധിച്ചിട്ടുള്ള ഈ അപകടം ക്രമേണ വടക്കന്‍ ജില്ലകളെയും പിടികൂടുമെന്നും അടുത്ത 50 വര്‍ഷത്തേക്ക് ഈ അവസ്ഥയില്‍ ഗുണകരമായ മാറ്റം ഉണ്ടാവുമെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലകളുടെ ജൈവ-കാര്‍ഷിക സമ്പത്തിനെ കാലാവസ്ഥാ വ്യതിയാനം ദുര്‍ബലപ്പെടുത്തും. മണ്‍സൂണ്‍ പ്രവാഹത്തിന്റെ വേഗതയിലും ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുന്നതിന്റെ എണ്ണത്തിലുണ്ടായ കുറവുമാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചത്.

    ReplyDelete