Saturday, September 22, 2012

ജനങ്ങളുടെ ജീവനോപാധി കേന്ദ്രം തകര്‍ത്തു: സിപിഐ എം


ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയതില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി പ്രതിഷേധിച്ചു. വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം അവഗണിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഈ നയപ്രഖ്യാപനത്തോടെ ഭൂരിപക്ഷം ജനങ്ങളുടെ ജീവനോപാധിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തകര്‍ത്തതെന്ന് പിബി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. രാഷ്ട്രതാല്‍പ്പര്യത്തിന് എതിരായ ഈ തീരുമാനം റദ്ദാക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും പിബി പറഞ്ഞു.

ഏകബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കുന്നതിന് മുന്നോട്ടുവച്ച നിബന്ധനകളില്‍പോലും വെള്ളം ചേര്‍ത്താണ് ബഹുബ്രാന്‍ഡില്‍ വിദേശനിക്ഷേപം അനുവദിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. വാള്‍മാര്‍ട്, ടെസ്കോ, കെയര്‍ഫോര്‍ പോലുള്ള ബഹുരാഷ്ട്രകുത്തകകളുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണ് വിദേശനിക്ഷേപത്തിന്റെ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. അടിസ്ഥാന നിക്ഷേപം 550 കോടി രൂപയായിരിക്കണമെന്ന നിബന്ധന ഇത്തരം വന്‍ കമ്പനികളെ സഹായിക്കാനാണ്. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ മാത്രമേ വിദേശ ചില്ലറവില്‍പ്പന ശാലകള്‍ തുറക്കാന്‍ കഴിയൂ എന്ന നിബന്ധന അപ്രസക്തമാണ്. കാരണം വന്‍നഗരങ്ങളില്‍ കടകള്‍ തുറക്കാന്‍ മാത്രമേ ബഹുരാഷ്ട്രകുത്തകകള്‍ക്ക് താല്‍പ്പര്യമുണ്ടാകൂ. എന്നാല്‍, പത്ത് ലക്ഷത്തിലധികം ജനവാസമുള്ള നഗരങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ വിദേശഭീമന്മാര്‍ക്ക് ഇഷ്ടമുള്ള നഗരങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാമെന്ന് ചട്ടം വ്യക്തമാക്കുന്നു. ഫലത്തില്‍ വിദേശ സൂപ്പര്‍മാര്‍ക്കറ്റുകള്‍ രാജ്യത്തിന്റെ എതുഭാഗത്തും സ്ഥാപിക്കാന്‍ കഴിയുന്ന അവസ്ഥയാണിപ്പോള്‍.

നിക്ഷേപത്തിന്റെ 50 ശതമാനം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ചെലവാക്കണമെന്ന നിബന്ധന, കര്‍ഷകര്‍ക്ക് കോള്‍ഡ്സ്റ്റോറേജുകളും മറ്റും സ്ഥാപിക്കാന്‍ ഉപയോഗിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍, ബഹുരാഷ്ട്രകുത്തകകളായ ചില്ലറവില്‍പ്പനക്കാര്‍ നടത്തുന്ന സംഭരണം ഒരു തരത്തിലും ചെറുകിട കര്‍ഷകരെ സഹായിക്കില്ലെന്നാണ് അന്താരാഷ്ട്ര അനുഭവം പഠിപ്പിക്കുന്നത്. രാജ്യതാല്‍പ്പര്യം അവഗണിച്ചും വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യമാണ് നിബന്ധനകളില്‍പോലും വെള്ളം ചേര്‍ക്കാന്‍ കാരണം. നേരത്തെ എകബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനയില്‍ വിദേശ നിക്ഷേപം 51 ശതമാനത്തിലും കൂടുതലാണെങ്കില്‍ 30 ശതമാനം ഉല്‍പ്പന്നങ്ങളും ഇന്ത്യയുടെ ചെറുകിട വ്യവസായങ്ങളില്‍നിന്നും ഗ്രാമ-കുടില്‍ വ്യവസായങ്ങളില്‍നിന്നും വാങ്ങണമെന്നുമുണ്ടായിരുന്നു. ഇപ്പോള്‍ ഈ നിബന്ധനയിലും വെള്ളം ചേര്‍ത്തു. നിര്‍ബന്ധമായി വാങ്ങണമെന്നതിന് പകരം ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാല്‍ മതിയെന്നാക്കി. ചെറുകിട വ്യവസായങ്ങള്‍ എന്ന പ്രയോഗംതന്നെ അപ്രത്യക്ഷമായതായും പിബി ചൂണ്ടിക്കാട്ടി.

deshabhimani 220912

1 comment:

  1. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയതില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി പ്രതിഷേധിച്ചു. വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം അവഗണിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഈ നയപ്രഖ്യാപനത്തോടെ ഭൂരിപക്ഷം ജനങ്ങളുടെ ജീവനോപാധിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തകര്‍ത്തതെന്ന് പിബി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. രാഷ്ട്രതാല്‍പ്പര്യത്തിന് എതിരായ ഈ തീരുമാനം റദ്ദാക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും പിബി പറഞ്ഞു.

    ReplyDelete