Friday, September 21, 2012

രാജ്യത്തിന്റെ രോഷം


കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി താക്കീതു നല്‍കി. ഡീസല്‍വില വര്‍ധനയ്ക്കും ഓഹരിവില്‍പ്പനയ്ക്കും ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിനുമെതിരെ ആസേതുഹിമാചലം ജനരോഷമിരമ്പി. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ഉള്‍പ്പെടെ എട്ട് പാര്‍ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധദിനം ബന്ദായി മാറി.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും തമിഴ്നാട്ടില്‍ ഡിഎംകെയും ഹരിയാണയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത് യുപിഎ സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പായി. പ്രധാന നഗരത്തിലെല്ലാം കടകമ്പോളങ്ങള്‍ അടച്ചിട്ട് ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വ്യാപാരി സമൂഹം ശക്തമായി പ്രതിഷേധിച്ചു. ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് 75 ലക്ഷം ചരക്ക് യാത്രാ വാഹനങ്ങള്‍ വ്യാഴാഴ്ച റോഡിലിറങ്ങിയില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളും പലയിടത്തും അടഞ്ഞുകിടന്നു.

ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരന്ന സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി, സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ്, ജെഡിഎസ് നേതാവ് ദേവഗൗഡ, ടിഡിപി നേതാവ് ചന്ദ്രബാബുനായിഡു തുടങ്ങിയവര്‍ അറസ്റ്റ് വരിച്ചു. ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, ബിജെഡി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ കരോള്‍ബാഗ്, ഖാന്‍മാര്‍ക്കറ്റ്, കൊണോട്പ്ലേസ് തുടങ്ങിയ പ്രധാന കമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. വ്യാപാരികള്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ധര്‍ണ നടത്തി. ഇടതുപക്ഷ, ബിജെപി നേതാക്കള്‍ ധര്‍ണയില്‍ സംസാരിച്ചു. ഒട്ടോറിക്ഷാ തൊഴിലാളികളും പലയിടത്തും സമരത്തില്‍ പങ്കെടുത്തു. യുപിയില്‍ റോഡ്- ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

സമാജ്വാദി പാര്‍ടി പ്രവര്‍ത്തകരാണ് അലഹബാദ്, ലഖ്നൗ, കാണ്‍പൂര്‍ എന്നീ നഗരങ്ങളില്‍ ട്രെയിന്‍ തടഞ്ഞത്. മധ്യപ്രദേശില്‍ ഗ്വാളിയോറില്‍ സിപിഐ എം പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാക്ക് പിക്കറ്റ് ചെയ്തു. ഇവര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ജസ്വീന്തര്‍സിങ്, രാംവിലാസ് ഗോസ്വാമി എന്നിവരടക്കം 125 പേരെ പൊലീസ് അറസ്റ്റുചെയ്തു. പഞ്ചാബിലെ അമൃതസര്‍, ജലന്തര്‍, ലുധിയാന, ഹരിയാണയിലെ അംബാല, മഹേന്ദ്രഗഡ് തുടങ്ങിയ നഗരങ്ങളില്‍ കടകള്‍ അടഞ്ഞുകിടന്നു.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പും ഭീഷണിയുമുണ്ടായിട്ടും പ്രക്ഷോഭം പൂര്‍ണവിജയമായി. കൊല്‍ക്കത്തയില്‍ സിപിഐ എം പിബി അംഗങ്ങളായ ബിമന്‍ബസുവിന്റെയും സൂര്യകാന്തമിശ്രയുടെയും നേതൃത്വത്തില്‍ പ്രകടനം നടന്നു. ത്രിപുരയിലും ബന്ദ് പൂര്‍ണമായിരുന്നു. ഒഡീഷയില്‍ ബിജെഡി സെപ്തംബര്‍ 17നു തന്നെ പ്രതിഷേധദിനമായി ആചരിച്ചിരുന്നു. എങ്കിലും ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയും ഹര്‍ത്താല്‍ നടത്തി. ജമ്മു കശ്മീരില്‍ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.

മഹാരാഷ്ട്രയില്‍ ഗണേശ് ചതുര്‍ഥിയായതിനാല്‍ ഹര്‍ത്താലുണ്ടായിരുന്നില്ല. തമിഴ്നാട്ടില്‍ മൊത്തം ഇരുന്നൂറിടത്തും ചെന്നൈയില്‍ മാത്രം മൂന്നിടത്തും ഇടതുപക്ഷ പാര്‍ടികള്‍ പിക്കറ്റിങ് നടത്തി. ലക്ഷങ്ങള്‍ അറസ്റ്റുവരിച്ചു. ഡിഎംകെയും പണിമുടക്കില്‍ പങ്കെടുത്തു. കര്‍ണാടകത്തില്‍ ബംഗളൂരു നഗരത്തിലും കടകളും വ്യവസായശാലകളും അടഞ്ഞുകിടന്നു. സ്കൂളുകളും കോളേജുകളും പ്രവര്‍ത്തിച്ചില്ല.

മൈസൂരു, ഹാസന്‍, കോലാര്‍, ഹുബ്ലി, ബെല്ലാരി, തുമുക്കുറു തുടങ്ങിയ ജില്ലകളിലും പ്രക്ഷോഭം ശക്തമായിരുന്നു. ദേശീയ പ്രതിഷേധദിനം വന്‍വിജയമാക്കിയ ജനങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിനന്ദിച്ചു. യുപിഎ സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ രോഷം വര്‍ധിക്കുകയാണെന്ന് ജനങ്ങളുടെ ഈ വന്‍പിന്തുണ തെളിയിക്കുന്നതായും പിബി പ്രസ്താവനയില്‍ പറഞ്ഞു. പ്രക്ഷോഭം 238 ട്രെയിനുകളുടെ സര്‍വീസിനെ ബാധിച്ചുവെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
 (വി ബി പരമേശ്വരന്‍)

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ click ചെയ്യുക

കേരളത്തിലും പ്രതിഷേധജ്വാല

തിരു: ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിലും പ്രതിഷേധജ്വാല ഉയര്‍ന്നു. ഇടതുപക്ഷപാര്‍ടികളുടെ ദേശീയ ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ട്രേഡ് യൂണിയനുകളും കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി-യുവജന-മഹിളാ സംഘടനകളും അണിചേര്‍ന്നു.

തിരുവനന്തപുരത്ത് ആര്‍എംഎസ് ഓഫീസിലേക്കും 11 കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ചു ചെയ്തു. ആര്‍എംഎസ് ഓഫീസ് മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദനും കളമശേരിയില്‍ കെ എം സുധാകരനും പള്ളുരുത്തിയില്‍ കടന്നപ്പള്ളി രാമചന്ദ്രനും പറവൂരില്‍ ബാബുപോളും മുളന്തുരുത്തിയില്‍ പി സി തോമസും പെരുമ്പാവൂരില്‍ എന്‍ സി മോഹനും കുന്നത്തുനാട് ഉഴവൂര്‍ വിജയനും വൈപ്പിനില്‍ എസ് ശര്‍മയും പോത്താനിക്കാട് സി എന്‍ മോഹനും കോതമംഗലത്ത് സി എം ദിനേശ്മണിയും കാക്കനാട് ജോര്‍ജ് സ്റ്റീഫനും പഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ 9 നിയോജക മണ്ഡലങ്ങളിലും മാര്‍ച്ചും ധര്‍ണയും നടന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ നടന്ന ധര്‍ണയില്‍ നൂറുകണക്കിന് പ്രവര്‍ത്തകള്‍ പങ്കെടുത്തു. കലവൂര്‍ പോസ്റ്റാഫീസ് മാര്‍ച്ച് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്, ചേര്‍ത്തല ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

deshabhimani 210912

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി താക്കീതു നല്‍കി. ഡീസല്‍വില വര്‍ധനയ്ക്കും ഓഹരിവില്‍പ്പനയ്ക്കും ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിനുമെതിരെ ആസേതുഹിമാചലം ജനരോഷമിരമ്പി. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ഉള്‍പ്പെടെ എട്ട് പാര്‍ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധദിനം ബന്ദായി മാറി.

    ReplyDelete