Sunday, September 23, 2012

ജനശ്രീ ഹസ്സന്റെ സ്വകാര്യസ്വത്ത്


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച ജനശ്രീ മിഷന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സ്വത്തെന്ന് റിസര്‍വ് ബാങ്ക് രേഖ. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത രേഖയില്‍ ജനശ്രീ മിഷന്‍ ബാങ്കിങ് ഇതര പണമിടപാടുകള്‍ നടത്തുന്ന ചിട്ടിക്കമ്പനി മാതൃകയിലുള്ള കമ്പനിയാണെന്നും വ്യക്തമാക്കുന്നു. ഈ സ്വകാര്യ ചിട്ടിക്കമ്പനിക്കാണ് കൃഷി-മൃഗസംരക്ഷണവകുപ്പുകള്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്ന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് 14.26 കോടി രൂപ സബ്സിഡി നല്‍കാന്‍ ഉത്തരവിറക്കിയത്.

ഇതേ മാതൃകയില്‍ മറ്റു വകുപ്പുകളില്‍ നിന്നും കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നും കോടികള്‍ തട്ടാനുള്ള അണിയറനീക്കം നടക്കുകയാണ്. 2006ല്‍ രൂപീകരിച്ച ജനശ്രീ മിഷന്റെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ 2010ലാണ് ജനശ്രീ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് രൂപീകരിച്ചത്. 2011 ജനുവരി 31ന് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തു. റിസര്‍വ് ബാങ്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം കമ്പനിക്ക് ഏഴ് ഓഹരി ഉടമകളാണുള്ളത്. ഏഴുപേര്‍ക്കും കൂടിയുള്ള 20 ലക്ഷം ഓഹരിയില്‍ 19,94,000 ലക്ഷം ഓഹരിയും ഹസ്സനാണെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. ഓഹരി ഉടമകളായ മറ്റ് ആറുപേരും കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ ആണ്. എന്നാല്‍, ഇവര്‍ക്കെല്ലാം കൂടി ആകെയുള്ളത് വെറും 6,000 ഓഹരി മാത്രം. ഓരോരുത്തര്‍ക്കും 1000 ഓഹരി വീതം. 19.94 ലക്ഷം ഓഹരിക്കായി ഹസ്സന്‍ മുടക്കിയത് 1,99,40,000 രൂപ. മറ്റ് ആറ് ഓഹരി ഉടമകള്‍ കൂടി 10,000 രൂപ വീതം വെറും 60,000 രൂപ മാത്രം. ഈ ഓഹരി ഉടമകളില്‍ രണ്ടാമനായ ബാലചന്ദ്രന്‍ ഭാരത് സേവക് സമാജ് എന്ന സംഘടന രൂപീകരിച്ചുനടത്തിയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതിനകം വിവാദങ്ങളില്‍ കുടുങ്ങിയ ആളാണ്.

കോണ്‍ഗ്രസ് നേതാക്കളായ ലതിക സുഭാഷും തമ്പാനൂര്‍ രവിയും പി പി മോഹനന്‍, ടി എം രാഘവന്‍, ആര്‍ പ്രഭ എന്നിവരുമാണ് മറ്റ് ഓഹരി ഉടമകള്‍. ഹസ്സന്റെയും തമ്പാനൂര്‍ രവിയുടെയും ലതിക സുഭാഷിന്റെയും ഉള്‍പ്പെടെ മുഴുവന്‍ ഓഹരി ഉടമകളുടെയും തൊഴില്‍ കച്ചവടമാണെന്നാണ് രേഖയിലുള്ളത്. 1956ലെ കമ്പനി ആക്ട് പ്രകാരം കേരള-ലക്ഷദ്വീപ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പ്രകാരം രജിസ്ട്രേഷന്‍ നടത്തിയപ്പോഴും ഇതേ വിവരങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഹസ്സന്‍ തന്നെയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും. ഹസ്സനെ മാറ്റണമെങ്കില്‍ ഓഹരി ഉടമകള്‍ തീരുമാനിക്കണം. എന്നാല്‍, 99.7 ശതമാനം ഓഹരിയും ഹസ്സനായതിനാല്‍ ഒരിക്കലും ഹസ്സനെ മാറ്റാന്‍ കഴിയില്ല. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംരംഭമായതിനാല്‍ ഹസ്സന്റെ കാലശേഷം പൂര്‍ണമായും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കായിരിക്കും അവകാശം.

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പലിശനിരക്കില്‍ വായ്പ നല്‍കുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശ്യമെന്ന് രേഖകളില്‍ സംശയലേശമെന്യേ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംരംഭങ്ങളില്‍ നിന്നുള്ള ഗ്രാന്റും കുറഞ്ഞ പലിശനിരക്കില്‍ ലഭിക്കുന്ന വായ്പയും കൂടുതല്‍ പലിശനിരക്കില്‍ നല്‍കി കോടികള്‍ കൊള്ളയടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 2006ലാണ് ജനശ്രീ സുസ്ഥിര വികസന മിഷന്‍ എന്നപേരില്‍ ഹസ്സന്‍ ഒരു സംഘം രൂപീകരിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലില്ലായ്മ ഇല്ലാതാക്കല്‍, മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നു. ഇതിനായി കോണ്‍ഗ്രസ് പിന്‍ബലത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വയംസംരംഭക ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ചെയ്തു.
(എം രഘുനാഥ്)

ജനശ്രീക്ക് പണം അനുവദിച്ചതിനെ രാഷ്ട്രീയമായി കാണരുതെന്ന് ഹസ്സന്‍

കോഴിക്കോട്: ജനശ്രീ മിഷന്റെ പദ്ധതികള്‍ക്ക് 14 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതിനെ രാഷ്ട്രീയമായി കാണരുതെന്ന് ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം എം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത സംഘടനയാണ് ജനശ്രീ മിഷന്‍. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പ്രോജക്ടാണ് എന്‍ആര്‍എല്‍എം. ഏതു സര്‍ക്കാരിതര സംഘടനയ്ക്കും ഇതില്‍ പദ്ധതികള്‍ സമര്‍പ്പിക്കാം. കുടുംബശ്രീ ഒറ്റ പദ്ധതിപോലും നല്‍കിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നിരവധി സര്‍ക്കാരിതര സംഘടനകളുടെ പദ്ധതികള്‍ക്ക് എന്‍ആര്‍എല്‍എം വഴി അനുമതി ലഭിച്ചിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

deshabhimani 230912

1 comment:

  1. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച ജനശ്രീ മിഷന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സ്വത്തെന്ന് റിസര്‍വ് ബാങ്ക് രേഖ. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത രേഖയില്‍ ജനശ്രീ മിഷന്‍ ബാങ്കിങ് ഇതര പണമിടപാടുകള്‍ നടത്തുന്ന ചിട്ടിക്കമ്പനി മാതൃകയിലുള്ള കമ്പനിയാണെന്നും വ്യക്തമാക്കുന്നു. ഈ സ്വകാര്യ ചിട്ടിക്കമ്പനിക്കാണ് കൃഷി-മൃഗസംരക്ഷണവകുപ്പുകള്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്ന് ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് 14.26 കോടി രൂപ സബ്സിഡി നല്‍കാന്‍ ഉത്തരവിറക്കിയത്.

    ReplyDelete