Saturday, September 22, 2012

ഭൂമാഫിയയുടെ കച്ചവടം ലക്ഷ്യം കണ്ടു; ശ്രീചിത്തിരയ്ക്ക് ഗ്ലെന്‍ലെവല്‍ ഏറ്റെടുക്കും


അഴിമതി ആരോപണം മന്ത്രിയും വിഴുങ്ങി, ശ്രീചിത്തിരയ്ക്ക് പേര്യയിലെ സ്വകാര്യതോട്ടം തന്നെ. ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ശാഖ തുടങ്ങാന്‍ പേര്യയിലെ ഗ്ലെന്‍ലെവല്‍ എസ്റ്റേറ്റില്‍ നിന്ന് 75 ഏക്കര്‍ ഭൂമി വിലയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ ഒരുവര്‍ഷം മുമ്പേ കച്ചവടം ഉറപ്പിച്ചവരുടെ ശ്രമം ലക്ഷ്യം കണ്ടു. കോടികളുടെ കമീഷനാണ് ഇടപാടില്‍ മറയുന്നത്. മന്ത്രി ജയലക്ഷ്മിയുടെ എതിര്‍പ്പും തോട്ടത്തിലെ മിച്ചഭൂമി പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ അവഗണിച്ചു. നേരത്തെതന്നെ ഈ ഭൂമി വാങ്ങാനുള്ള നീക്കം അവസാനഘട്ടത്തിലെത്തിയതായിരുന്നു. ജില്ലയിലെ ജനപ്രതിനിധികളും ഭരണകക്ഷിയിലെ ചില പ്രമുഖ നേതാക്കളും കച്ചവടവും കമ്മീഷനും ഉറപ്പിച്ചു. വിവരം പുറത്തായതോടെ മന്ത്രി പി കെ ജയലക്ഷ്മി ഇതില്‍ ഇടപെട്ടു. ഗ്ലെന്‍ ലെവല്‍ വാങ്ങാനുള്ള നീക്കത്തില്‍ അഴിമതിയുണ്ടെന്നും സ്വകാര്യതോട്ടം പദ്ധതിക്കായി ഏറ്റെടുക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇവര്‍ കുറിപ്പ് നല്‍കി. ഇതോടെ ഭൂമിവാങ്ങാനുള്ള നടപടികളുടെ വേഗം കുറഞ്ഞു. പിന്നീട് സര്‍ക്കാരിന്റെതന്നെ കൈയിലുള്ള പ്രിയദര്‍ശിനി തേയില എസ്റ്റേറ്റിന്റെ ലക്കിടിയിലെ നൂറേക്കര്‍ സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ആദിവാസി കോണ്‍ഗ്രസിനെ സമരത്തിനിറക്കി. ഇവര്‍ ഭൂമിയില്‍ കുടില്‍കെട്ടി. ആദിവാസി ക്ഷേമത്തിനുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മറ്റുസ്ഥലങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ബോധപൂര്‍വം വൈകിപ്പിച്ചു.

ലക്കിടിയിലെ ഭൂമി ഏറ്റെടുക്കുന്നതില്‍ ആദിവാസി സംഘടനകളുടെ നിലപാടറിയാന്‍ മുഖ്യമന്ത്രി സംഘടനാനേതാക്കളുടെ യോഗം വിളിച്ചു. യോഗത്തില്‍ ഇവര്‍ എതിര്‍ത്തതിനാല്‍ ഭൂമി ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചു. യോഗവും തീരുമാനവുമെല്ലാം നാടകമായിരുന്നു. ഗ്ലെന്‍ലെവല്‍ ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗം മാത്രമായിരുന്നു ഇത്. വയനാട് എംപി ഉള്‍പ്പെടെയുള്ളവരാണ് നേരത്തെമുതല്‍ ഗ്ലെന്‍ലെവല്‍ ഏറ്റെടുപ്പിക്കാന്‍ ശ്രമം നടത്തിയത്. ജില്ലയിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനില്‍നിന്നാണ് ഈ ഭൂമി വാങ്ങുന്നത്. മന്ത്രിസഭാംഗംതന്നെ ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും പകരം ഭൂമി കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കഴിഞ്ഞവര്‍ഷം സ്വാതന്ത്ര്യദിനപരേഡില്‍ പതാകയുയര്‍ത്തിക്കൊണ്ടാണ് ശ്രീചിത്തിരയ്ക്ക് സര്‍ക്കാര്‍ ഭൂമിതന്നെ കണ്ടെത്തും എന്ന് പ്രഖ്യാപിച്ചത്. ഈ നിലപാട് മന്ത്രി മാറ്റി. ഗ്ലെന്‍ലെവല്‍ വാങ്ങാനുള്ള തീരുമാനത്തോട് മന്ത്രി ജയലക്ഷ്മി പ്രതികരിച്ചിട്ടില്ല. അഴിമതി ആരോപണവും പ്രതിഷേധവുമെല്ലാം ഒറ്റയടിക്ക് വിഴുങ്ങി. ഗ്ലെന്‍ലെവലില്‍ 50 ഏക്കറോളം സ്ഥലം സര്‍ക്കാര്‍ നേത്തെ മിച്ചഭൂമിയായി പ്രഖ്യാപിച്ചതാണ്. സ്ഥലം ഏറ്റെടുക്കാന്‍ ഹൈക്കോടതിയുടെ അനുകൂല വിധിയുമുണ്ട്. ഇതെല്ലാം ഒഴിവാക്കിയാണ് 75 ഏക്കര്‍ സ്ഥലം ഇവരില്‍നിന്നും വിലയ്ക്ക് എടുക്കുന്നത്.

deshabhimani 220912

No comments:

Post a Comment