Saturday, September 22, 2012

തൊഴില്‍ദാനപദ്ധതിയുടെ പേരില്‍ പണപ്പിരിവ്; ഹരിതസേനയ്ക്കെതിരെ ആക്ഷേപം


കല്‍പ്പറ്റ: ഒരു ലക്ഷം പ്രത്യേക തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ ഹരിതസേനയുടെ പണപ്പിരിവ്. കര്‍ഷക കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്താണ് പണം പിരിക്കല്‍. വ്യാഴാഴ്ച കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ ഏഴുന്നൂറിലേറെപേര്‍ പങ്കെടുത്തു. 50 രൂപ വീതമാണ് ഓരോരുത്തരില്‍നിന്നും പിരിച്ചത്. വെള്ളിയാഴ്ച മാനന്തവാടിയിലും ശനിയാഴ്ച ബത്തേരിയിലും കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. 25 രൂപ ഹരിതസേന അംഗത്വത്തിനും 25 രൂപ കണ്‍വന്‍ഷന്റെ ചെലവിലേക്കുമാണ് പിരിക്കുന്നത്. തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായവരെ കാര്‍ഡ് അയച്ചാണ് കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചത്.

1994ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക തൊഴില്‍ദാന പദ്ധതി തുടക്കത്തിലേ പാളുകയായിരുന്നു. പണം അടച്ച് പദ്ധതിയില്‍ അംഗങ്ങളായവര്‍ വഞ്ചിതരായി. ഈ പ്രശ്നം സംഘടന ഏറ്റെടുക്കയാണെന്നും ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്യുമെന്നും അറിയിച്ചാണ് ആളുകളെ കണ്‍വന്‍ഷന് എത്തിച്ചത്. കണ്‍വന്‍ഷന് എത്തിയവരോട് ആദ്യം സംഘടനയില്‍ അംഗങ്ങളാകണമെന്ന് ആവശ്യപ്പെട്ടു. 25 രൂപ ഫീസ് അടച്ച് അംഗമായവരില്‍നിന്നും കണ്‍വെന്‍ഷന്‍ ചെലവിലേക്കായും 25 രൂപവീതം പിരിച്ചു. അംഗത്വഫീസിന് രശീതി നല്‍കിയെങ്കിലും ചെലവിലേക്കായി പിരിച്ച തുകയ്ക്ക് രേഖകളൊന്നും നല്‍കിയില്ല. പണപ്പിരിവിനെതിരെ കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍തന്നെ പരാതിപ്പെട്ടു. ഓരോപഞ്ചായത്തില്‍ നിന്നുമെത്തിയവരെ ചേര്‍ത്ത് പഞ്ചായത്തുതല കമ്മിറ്റിയും രൂപീകരിച്ചു.

ദിവസങ്ങള്‍ക്ക്മുമ്പ് ഹരിതസേനാ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കര്‍ഷക കണ്‍വന്‍ഷന്റെ കാര്യം അറിയിച്ചത്. കാരാപ്പുഴ പദ്ധതി ടൂറിസത്തിന് വിട്ടുകൊടുക്കുന്നതിനെതിരെയുള്ള സമരങ്ങളെകുറിച്ച് ആലോചിക്കാനാണ് കണ്‍വന്‍ഷന്‍ എന്നാണ് മാധ്യമങ്ങളെ അറിയിച്ചത്. പ്രത്യേക തൊഴില്‍ദാന പദ്ധതി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതും പണപ്പിരിവും മറച്ചുവെച്ചു. എന്നാല്‍ കണ്‍വെന്‍ഷനില്‍ കാരാപ്പുഴപ്രശ്നം പരാമര്‍ശിച്ചതേയില്ല. പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായവരുടെ വിലാസം വിവരാവകാശപ്രകാരം സംഘടിപ്പിച്ചാണ് കാര്‍ഡ് അയച്ചത്. പദ്ധതി അംഗങ്ങള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ക്കാണ് കാര്‍ഡ് അയച്ചത്. എന്നാല്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് ഹരിതസേന ജില്ലാസെക്രട്ടറി ജോസ് പുന്നയ്ക്കല്‍ പറഞ്ഞു. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ആവശ്യമാണ്. അംഗതമെടുത്തവര്‍ക്ക് റസീപ്റ്റ് നല്‍കിയിട്ടുണ്ട്. തൊഴില്‍ദാന പദ്ധതിലെ സര്‍ക്കാര്‍ വഞ്ചനയ്ക്കെതിരെ കേസ് ഫയല്‍ചെയ്യുന്നതിന്റെ ആദ്യപടിയായാണ് കണ്‍വെന്‍ഷനുകള്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 220912

1 comment:

  1. ഒരു ലക്ഷം പ്രത്യേക തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ ഹരിതസേനയുടെ പണപ്പിരിവ്. കര്‍ഷക കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്താണ് പണം പിരിക്കല്‍. വ്യാഴാഴ്ച കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ ഏഴുന്നൂറിലേറെപേര്‍ പങ്കെടുത്തു. 50 രൂപ വീതമാണ് ഓരോരുത്തരില്‍നിന്നും പിരിച്ചത്. വെള്ളിയാഴ്ച മാനന്തവാടിയിലും ശനിയാഴ്ച ബത്തേരിയിലും കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. 25 രൂപ ഹരിതസേന അംഗത്വത്തിനും 25 രൂപ കണ്‍വന്‍ഷന്റെ ചെലവിലേക്കുമാണ് പിരിക്കുന്നത്. തൊഴില്‍ദാന പദ്ധതിയില്‍ അംഗങ്ങളായവരെ കാര്‍ഡ് അയച്ചാണ് കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചത്.

    ReplyDelete