Friday, September 21, 2012

വയനാട് പാക്കേജ് കടലാസിലൊതുങ്ങി


കല്‍പ്പറ്റ: വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യയും രൂക്ഷമായ വയനാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വെളിച്ചം കണ്ടില്ല. കുട്ടനാട് പാക്കേജിന്റെ മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ധനസഹായം അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. സെപ്തംബര്‍ ആദ്യവാരം കേന്ദ്രമന്ത്രി ശരദ്പവാറും സംഘവും ജില്ലയിലെത്തി സ്ഥിതിഗതികള്‍ പഠിച്ച ശേഷം വയനാട് പാക്കേജ് നടപ്പാക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, ഇതുവരെ പദ്ധതിക്ക് അന്തിമ രൂപമായില്ല. കേന്ദ്രഭരണം പ്രതിസന്ധിയിലായതോടെ പവാറിന്റ സന്ദര്‍ശനവും അനിശ്ചിതത്വത്തിലായി.

വയനാട് പാക്കേജിന്റെ ഭാഗമായി ജില്ലാ പ്ലാനിങ് ഓഫീസ് വിവിധ വകുപ്പുകളുമായി ആലോചിച്ച് 2154.49 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ഇത് മുഖ്യമന്ത്രി കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രസംഘം വയനാട് സന്ദര്‍ശിച്ച് സംസ്ഥാനം സമര്‍പ്പിച്ച പദ്ധതിക്ക് പണം അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, എമര്‍ജിങ് കേരളയുടെ തിരക്കില്‍ വയനാട് പാക്കേജ് സര്‍ക്കാര്‍ വിസ്മരിച്ചു. പദ്ധതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ വകുപ്പ് തലവന്മാരും കൈമലര്‍ത്തുകയാണ്. പദ്ധതി സംബന്ധിച്ച് വകുപ്പുകള്‍ക്ക് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 25 കോടി രൂപ വയനാട് പാക്കേജിന് നീക്കിവച്ചിരുന്നു. കൃഷി, മൃഗസംരക്ഷണ, ക്ഷീരവകുപ്പുകള്‍ മുഖേന പദ്ധതി നടപ്പാക്കുന്നതായി അധികൃതര്‍ പറയുമ്പോഴും കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നിര്‍ദേശങ്ങളൊന്നും പദ്ധതിയിലില്ല. ഏതാനും കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ നേട്ടത്തിനുതകുന്ന പച്ചക്കറിക്കൃഷി, വന്‍കിടക്കാര്‍ക്ക് സഹായകരമായ സൂക്ഷ്മ കൃഷി എന്നിവയാണ് പദ്ധതിയിലുള്ളത്.

എമര്‍ജിങ് കേരളയിലും വയനാടിന്റെ കാര്‍ഷിക പ്രതിസന്ധി പരിഹാരിക്കാവുന്ന ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. പകരം ഭൂമാഫിയയെ സഹായിക്കാന്‍ കാരാപ്പുഴ പദ്ധതി പ്രദേശത്ത് റിസോര്‍ട്ട് നിര്‍മിക്കാനാണ് നിര്‍ദേശിച്ചത്. ഇഞ്ചി സംസ്കരിക്കാനുള്ള യൂണിറ്റ് ജില്ലയില്‍ തുടങ്ങുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പായില്ല. വയനാട് പാക്കേജിന്റെ പേരില്‍ ചിലര്‍ക്ക് സബ്സിഡി നല്‍കി താല്‍ക്കാലിക നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. യുഡിഎഫ് അധികാരമേറ്റ ശേഷം വയനാട്ടില്‍ മാത്രം 30 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിലക്കയറ്റത്തിലും വരള്‍ച്ചയിലും തകര്‍ച്ചയിലായ വയനാട്ടിലെ സ്ഥിതി സര്‍ക്കാരിന്റെ അനാസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും.
(പി ഒ ഷീജ)

deshabhimani 210912

No comments:

Post a Comment