Friday, September 21, 2012

കൂടംകുളം സുരക്ഷിതമെന്ന് ഉറപ്പുണ്ടോ: സുപ്രീംകോടതി


കൂടംകുളം ആണവനിലയത്തില്‍ അണുവികിരണ പദാര്‍ഥങ്ങള്‍ ഇല്ലെന്നതിന് എന്താണ് ഉറപ്പെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. പദ്ധതി സംബന്ധിച്ച് പരിസ്ഥിതി ആഘാതപഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ദീപക്മിശ്രയും അടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു. ജനങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഭോപാല്‍ ദുരന്തം ഓര്‍മിപ്പിച്ചു. കൂടംകുളം പദ്ധതിയില്‍ സമാന പ്രശ്നം എങ്ങനെ നേരിടുമെന്ന് സോളിസിറ്റര്‍ ജനറല്‍ രോഹിണ്‍ടണ്‍ നരിമാനോടും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോടും കോടതി ചോദിച്ചു. കൂടംകുളം നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് തടയാതിരുന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സാമൂഹ്യപ്രവര്‍ത്തകന്‍ ജി സുന്ദരയ്യ നല്‍കിയ ഹര്‍ജി പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി.

അറ്റോമിക് എനര്‍ജി റഗുലേറ്ററി അതോറിറ്റി ബോര്‍ഡിന്റെ (എഇആര്‍ബി) സുരക്ഷാ സംബന്ധ ശുപാര്‍ശകള്‍ കൂടംകുളത്ത് പാലിക്കപ്പെട്ടിട്ടില്ലെന്ന് സുന്ദരയ്യ ഹര്‍ജിയില്‍ വ്യക്തമാക്കി. വിഷയത്തില്‍ അടുത്ത വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും. അതിനുശേഷം വേണ്ട നിര്‍ദേശം നല്‍കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

തമിഴ്നാട് തീരത്ത് നാളെ ജലസത്യഗ്രഹം

കൂടംകുളം ആണവനിലയത്തിന് എതിരെയുള്ള പ്രക്ഷോഭത്തിന് ശക്തിപകരാന്‍ തമിഴ്നാട് തീരം മുഴുവന്‍ ശനിയാഴ്ച ജലസത്യഗ്രഹം നടത്താന്‍ ആണവവിരുദ്ധസമര സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പകല്‍ 10 മുതല്‍ രണ്ടുവരെ ചെന്നൈമുതല്‍ കന്യാകുമാരിവരെയുള്ള കടല്‍ത്തീരത്ത് ആണവ വിരുദ്ധസമിതി പ്രവര്‍ത്തകരും മീന്‍പിടിത്തക്കാരും കടലിലിറങ്ങി മനുഷ്യശൃംഖല തീര്‍ക്കും. തുടര്‍ന്ന് വൈകിട്ട് ആറുവരെ നിരാഹാരമനുഷ്ഠിക്കും.

ശനിയാഴ്ചതന്നെ തൂത്തുക്കുടി തുറമുഖം മുക്കുവരുടെ നേതൃത്വത്തില്‍ ഉപരോധിക്കുമെന്നും പീപ്പിള്‍സ് മൂവ്മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി കണ്‍വീനര്‍ എസ് പി ഉദയകുമാര്‍ അറിയിച്ചു. കന്യാകുമാരി, രാമേശ്വരം, ചെന്നൈ തുറമുഖങ്ങളും ഉപരോധിക്കാന്‍ മീന്‍പിടിത്തക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 25ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യാനും നീക്കമുണ്ട്.

deshabhimani 210912

1 comment:

  1. കൂടംകുളം ആണവനിലയത്തില്‍ അണുവികിരണ പദാര്‍ഥങ്ങള്‍ ഇല്ലെന്നതിന് എന്താണ് ഉറപ്പെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. പദ്ധതി സംബന്ധിച്ച് പരിസ്ഥിതി ആഘാതപഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ദീപക്മിശ്രയും അടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു.

    ReplyDelete