Friday, September 21, 2012

എസ്എസ്എ ഡയറക്ടര്‍ രാജിവച്ചു


മുസ്ലിംലീഗിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ സര്‍വശിക്ഷ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ഡോ. കെ എം രമാനന്ദന്‍ രാജിവച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹം രാജിക്കത്ത് വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയത്. എസ്എസ്എയില്‍ ലീഗുകാര്‍ നടത്തുന്ന അനധികൃത ഇടപെടലില്‍ മനം മടുത്താണ് രമാനന്ദന്റെ രാജി. അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ എസ്എസ്എ ഡയറക്ടറെ അധിക്ഷേപിക്കുന്ന തരത്തില്‍ വിദ്യാഭ്യാസമന്ത്രിയും ലീഗ് അനുഭാവികളായ സംഘടനാപ്രതിനിധികളും പരാമര്‍ശം നടത്തിയിരുന്നു. സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും പ്രതിഛായ മോശപ്പെടുത്താന്‍ എസ്എസ്എ ഡയറക്ടര്‍ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു പരാമര്‍ശം. ഇതില്‍ മനംമടുത്ത ഡയറക്ടര്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഏറ്റവും അടുത്തവരോട് വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം സര്‍വശിക്ഷ അഭിയാന്‍ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള നീക്കം സജീവമായിരുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള പരിശീലകരെ സ്ഥലംമാറ്റുകയും ജീവനക്കാരെ പിന്‍വലിക്കുകയും ചെയ്തു. ഇക്കാര്യം പ്രോജക്ട് ഡയറക്ടര്‍ പലതവണ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. യഥാസമയം ഫണ്ട് അനുവദിക്കാത്തതും എസ്എസ്എയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ചില നേതാക്കളുടെ ഇടപെടല്‍ ഡയറക്ടര്‍ തടഞ്ഞത് ലീഗിനെ പ്രകോപിപ്പിച്ചിരുന്നു. എസ്എസ്എയില്‍ ഒരു പ്രവര്‍ത്തനവും സുഗമമായി നടത്താനും കഴിഞ്ഞില്ല. ഡയറക്ടറെ പുകച്ചുചാടിച്ച് എസ്എസ്എയെ തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ലീഗ് നടത്തിയത്. അതേസമയം, രാജി സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തിപരമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രമാനന്ദന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

സര്‍ക്കാര്‍ കോടതിയില്‍ ഒത്തുകളിച്ചു: എം എ ബേബി

കൊടുമണ്‍: രണ്ടായിരത്തോളം അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സ്കൂള്‍ മുതലാളിമാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ ഒത്തുകളിച്ചെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തുടച്ചുനീക്കുമെന്നും കെഎസ്കെടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊടുമണ്ണില്‍ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനംചെയ്ത് അദ്ദേഹം പഞ്ഞു.

ഇടതുപക്ഷം കേരളം ഭരിച്ച ഘട്ടങ്ങളില്‍ ആകെ 67 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയത്. അത് വ്യക്തമായ മാനദണ്ഡങ്ങളുടെയും സച്ചാര്‍ കമീഷന്‍, പാലോളി കമീഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമായിരുന്നു. അന്ന് മറ്റ് സ്കൂള്‍ മാനേജ്മെന്റുകള്‍ അംഗീകാരത്തിനായി സമീപിച്ചെങ്കിലും സര്‍ക്കാര്‍ നിരസിച്ചു. അവര്‍ കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗം കോടതി അംഗീകരിക്കുകയായിരുന്നു. ഹയര്‍സെക്കന്‍ഡറിയില്‍ ഈ വര്‍ഷം 16000ത്തോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഏകജാലക സമ്പ്രദായത്തെ അട്ടിമറിച്ചതിന്റെ ഫലമാണിത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഏകജാലകത്തെ തകര്‍ത്തതെന്ന് ബേബി പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എ എന്‍ സലീം അധ്യക്ഷനായി.

deshabhimani 210912

No comments:

Post a Comment