Friday, September 21, 2012

ഹസാരെയുടെ നീക്കം ഞെട്ടിച്ചെന്ന് കെജ്രിവാള്‍


രാഷ്ട്രീയപാര്‍ടിയായി മാറണോ എന്ന തര്‍ക്കത്തെ തുടര്‍ന്ന് ഹസാരെ സംഘം നെടുകെ പിളര്‍ന്നതിനുപിന്നാലെ പരസ്പരം പഴിചാരി നേതാക്കള്‍ രംഗത്തെത്തി. തന്നെയും കൂട്ടരെയും പരസ്യമായി കൈയൊഴിഞ്ഞ അണ്ണ ഹസാരെയുടെ നടപടി ഞെട്ടിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഹസാരെ കൈയൊഴിഞ്ഞ സാഹചര്യത്തില്‍ തന്നെ പിന്തുണയ്ക്കുന്നവരുമായി ഭാവി നടപടി ചര്‍ച്ചചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, കെജ്രിവാളിന്റെ ചിന്താഗതിയാണ് അടിമുടി മാറിയതെന്നും ഹസാരെ സംഘം രാഷ്ട്രീയപാര്‍ടിയായി മാറേണ്ട സാഹചര്യമില്ലെന്നും കിരണ്‍ബേദി തുറന്നടിച്ചു. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് വന്‍ മാധ്യമപ്രാധാന്യം നേടി പതിനെട്ടുമാസം മുമ്പ് രൂപംകൊണ്ട ഹസാരെ സംഘം നിലവില്‍ കെജ്രിവാളും ഹസാരെയും നയിക്കുന്ന രണ്ട് സംഘങ്ങളായി പിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം മുതിര്‍ന്ന സംഘാംഗങ്ങള്‍ ഒമ്പതുമണിക്കൂറോളം നടത്തിയ ചര്‍ച്ചയ്ക്ക്ശേഷമാണ് സംഘടന പിളര്‍ന്നതായി പ്രഖ്യാപനമുണ്ടായത്. കെജ്രിവാളിന്റെ പുതിയ സംഘടന തന്റെ ചിത്രമോ പേരോ ഉപയോഗിക്കരുതെന്ന് ഹസാരെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇരുവിഭാഗവും വ്യാഴാഴ്ച അനുയായികളുടെ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്തു.

deshabhimani 210912

No comments:

Post a Comment