Saturday, September 22, 2012

ഡിവൈഎഫ്ഐ നേതാവിനെ ജയിലില്‍ അടച്ചത് ഗൂഢാലോചന: സിപിഐ എം


ഡിവൈഎഫ്ഐ അഞ്ചല്‍ ഏരിയസെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എം സജാദിനെ രാഷ്ട്രീയപ്രേരിതമായി ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടച്ച പൊലീസ്നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൊട്ടാരക്കര സബ്കോടതിയില്‍ കേസ് സംബന്ധമായി എത്തിയ സജാദിനെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. എന്‍ഡിഎഫുകാര്‍ കൊലപ്പെടുത്തിയ തടിക്കാട്ടെ സിപിഐ എം നേതാവ് എം എ അഷ്റഫിന്റെ ഭാര്യാസഹോദരനാണ് സജാദ്. അഷ്റഫ് സംഭവത്തിലെ ദൃക്സാക്ഷിയായിരുന്ന സജാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതികളായ അഞ്ചുപേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഒന്നാംപ്രതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിടികിട്ടാപ്പുള്ളിയായി കഴിയുകയായിരുന്നു. അഞ്ചുപേര്‍ ശിക്ഷിക്കപ്പെട്ടതിനുശേഷമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നാംപ്രതിയെ അറസ്റ്റ്ചെയ്ത് ജയിലില്‍ അടച്ചത്. എന്‍ഡിഎഫുകാരനായ ഒന്നാംപ്രതിയെ ജാമ്യത്തില്‍ ഇറക്കാനും ഒളിവില്‍ കഴിയാനും സഹായിച്ചത് മുസ്ലിംലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. വെറുതെവിട്ടവരെ കുറ്റക്കാരാണെന്നു കാണിച്ച് അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

ഒന്നാംപ്രതിയുടെ വിചാരണയും അപ്പീല്‍വാദവും നടക്കുമ്പോള്‍ പ്രധാന സാക്ഷിയായ സജാദിന്റെ സാന്നിധ്യം അനിവാര്യമായ സാഹചര്യത്തിലാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടച്ചത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു കാരണമായി പൊലീസ് പറയുന്ന കേസുകളില്‍ പലതും സജാദ് തടിക്കാട് വാര്‍ഡ് അംഗവും ഇടമുളയ്ക്കല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാനുമായിരുന്ന കാലത്ത് രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണ്. സ്വകാര്യ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനും പരിസരം മലിനമാക്കുന്ന ഡെയറിഫാമിനുമെതിരായ ജനകീയപ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ സജാദിനെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ്ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 220912

1 comment:

  1. ഡിവൈഎഫ്ഐ അഞ്ചല്‍ ഏരിയസെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ എം സജാദിനെ രാഷ്ട്രീയപ്രേരിതമായി ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടച്ച പൊലീസ്നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete