Saturday, December 29, 2012

ഷഫീഖ് അമരാവതിയെ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം


ദേശാഭിമാനി കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടറും ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ കൊച്ചി യൂണിറ്റ് സെക്രട്ടറിയുമായ ഷഫീഖ് അമരാവതിയെ ഗുണ്ടാസംഘം ആക്രമിച്ചതില്‍ പ്രതിഷേധം വ്യാപകം. ഗുണ്ടകളെ ഉടന്‍ പിടികൂടണമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുകയാണെന്നും ഇതിനെതിരെ പൊലീസ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

ജോലികഴിഞ്ഞ് രാത്രി വളരെ വൈകി വീട്ടിലേക്കു പോകുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടാകുന്നു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ആദ്യമായല്ല. ഷഫീഖ് അമരാവതിയെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി, സെക്രട്ടറി എം എസ് സജീവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

സിറ്റി പൊലീസ് കമീഷണര്‍, തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ എന്നിവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി പരാതി നല്‍കി. സംഭവത്തില്‍ സിപിഐ എംദേശാഭിമാനി കൊച്ചി യൂണിറ്റ് ലോക്കല്‍ സെക്രട്ടറി കെ കെ സോമന്‍, ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് എസ് മനോജ്, സെക്രട്ടറി പി വി ജീജോ എന്നിവരും പ്രതിഷേധിച്ചു. കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയും ദേശാഭിമാനി കൊച്ചി യൂണിറ്റ് ജേണലിസ്റ്റ്, നോണ്‍ ജേണലിസ്റ്റ് യൂണിയനുകളും പ്രതിഷേധം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ജോലികഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഷഫീഖിനെ വാഴക്കാല മൊറാര്‍ജി ഗ്രൗണ്ടിനു സമീപം പതിനഞ്ചോളം പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു. നടന്നുപോവുകയായിരുന്ന ഷഫീഖിനെ കാറിന് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞാണ് മര്‍ദിച്ചത്. പരിക്കേറ്റ ഷഫീഖ് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. തൃക്കാക്കര പൊലീസ് മൊഴിയെടുത്തു.

deshabhimani

No comments:

Post a Comment