Saturday, December 29, 2012
ഇങ്ങനെ ഭരിച്ചാല്‍ തോറ്റ് തുന്നംപാടും: ലീഗ്
ഈ രീതിയില്‍ ഭരണം തുടര്‍ന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തോറ്റ് തുന്നംപാടുമെന്ന് മുസ്ലിംലീഗ് എംഎല്‍എമാര്‍. മലപ്പുറത്ത് ലീഗ് പാര്‍ലമെന്ററി പാര്‍ടി യോഗത്തിലാണ് മുതിര്‍ന്ന നേതാക്കളെ സാക്ഷിനിര്‍ത്തി എംഎല്‍എമാര്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. വിലക്കയറ്റത്താല്‍ ജനങ്ങളെ അഭിമുഖീകരിക്കാനാകാത്ത സ്ഥിതിയാണ്. വിലകൂടുന്നത് കേന്ദ്രനയങ്ങളാലാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാകില്ല. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. അരിക്കും മറ്റും വിലകൂടുമ്പോള്‍ ബന്ധപ്പെട്ട വകുപ്പ് നോക്കുകുത്തിയായി. ദിവസം കഴിയുന്തോറും സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകലുന്നു. ഈ നില തുടര്‍ന്നാല്‍ 2004 ലോക്സഭാ തെരഞ്ഞെടുപ്പുപോലെ എല്‍ഡിഎഫ് വന്‍ നേട്ടമുണ്ടാക്കും. സര്‍ക്കാരിന് വന്‍കിട പദ്ധതികളില്‍ മാത്രമാണ് താല്‍പ്പര്യം. അത് വിവാദങ്ങളില്‍പ്പെട്ട് എങ്ങുമെത്തുന്നില്ല. സാധാരണക്കാരന് ഗുണംചെയ്യുന്ന പദ്ധതികളില്ല.
മലപ്പുറം ജില്ലയിലെ എംഎല്‍എമാര്‍ ആര്യാടന്‍ മുഹമ്മദിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. സ്വന്തം മണ്ഡലങ്ങളിലെ പദ്ധതികള്‍ക്ക് ആര്യാടന്‍ പാരവയ്ക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു. പരസ്യമായ വിഴുപ്പലക്കല്‍ തെരഞ്ഞെടുപ്പ് സാധ്യതയെ ബാധിക്കുമെന്നും എംഎല്‍എമാര്‍ പറഞ്ഞു. ലീഗ് നേതൃത്വത്തിനെതിരെയും വിമര്‍ശമുണ്ടായി. പല തീരുമാനങ്ങളും എംഎല്‍എമാര്‍ അറിയുന്നില്ലെന്നാണ് പ്രധാന പരാതി. കാര്യങ്ങള്‍ മെച്ചപ്പെടണമെന്നതാണ് ലീഗിന്റെ നിലപാടെന്ന് യോഗത്തിനുശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട്പറഞ്ഞു. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പ്രകടനം വിലയിരുത്തി കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയതായി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കെ എന്‍ എ ഖാദര്‍, എന്‍ എ നെല്ലിക്കുന്ന്, പി ഉബൈദുള്ള, എം പി അബ്ദുസമദ് സമദാനി, എം ഉമ്മര്‍, പി കെ ബഷീര്‍, സി മോയിന്‍കുട്ടി, വി എം ഉമ്മര്‍ എന്നിവരാണ് വിമര്‍ശനത്തിന് മുമ്പിലുണ്ടായിരുന്നത്. മറ്റ് എംഎല്‍എമാരും ആശങ്ക പങ്കുവച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, പി കെ അബ്ദുറബ്ബ്, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
(ആര്‍ രഞ്ജിത്)
deshabhimani 291212
Labels:
മുസ്ലീം ലീഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment