Friday, December 28, 2012

ഉഡുപ്പി ക്ഷേത്രത്തിലേക്ക് സിപിഐ എം മാര്‍ച്ച്; ലാത്തിച്ചാര്‍ജ്


കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാരെ ഉരുട്ടുന്ന "മടേ സ്നാ" എന്ന അനാചാരം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വരലക്ഷ്മി ഉള്‍പ്പെടെ പത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മംഗളൂരു, കുന്താപുര എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച രണ്ട് പദയാത്രകള്‍ ഉഡുപ്പി അജ്ജറക്കാട് മൈതാനിയില്‍ സംഗമിച്ചു.അനാചാരം നിലനില്‍ക്കുന്ന ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഉച്ചയോടെ പ്രതിഷേധറാലി സംഘടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ റാലിയില്‍ അണിനിരന്നു.സംസ്കൃതകോളേജിനു സമീപം റാലിയെ പൊലീസ് തടഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി റാലി ഉദ്ഘാടനംചെയ്തു. എം എ ബേബി മടങ്ങിയശേഷം പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പ്രകോപനമില്ലാതെ പൊലീസ് നടത്തിയ അക്രമത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സിഐടിയു നേതാവുമായ വരലക്ഷ്മി, ഹൊര്‍സൂരിലെ മഹേഷ്, സമാശേഖര്‍, ജഗദീഷ്, മൈസൂരുവിലെ സഞ്ജയ്, മംഗലാപുരത്തെ നിധിന്‍, ഹംസ, ബല്‍ത്തങ്ങാടിയിലെ പ്രശാന്ത്, ഈശ്വരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉഡുപ്പി, മണിപ്പാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീറാം റെഡ്ഡി, സെക്രട്ടറിയറ്റ് അംഗങ്ങളായ മാരുതി മാന്‍പടെ, വരലക്ഷ്മി, ജി എന്‍ നാഗരാജ്, പിന്നോക്കജാതി ജാഗൃത വേദികെ സംഘ പ്രസിഡന്റ് കെ എസ് ശ്രീറാം, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ഭഭരദ്വാജ്, ദളിത് നേതാവ് ഗോപാലകൃഷ്ണ അര്‍ണഹള്ളി, മംഗളൂരു ജില്ലാ സെക്രട്ടറി ബി മാധവ, ഉഡുപ്പി ജില്ലാ സെക്രട്ടറി കെ ശങ്കര്‍, ശ്രീയാന്‍ എന്നിവര്‍ സംസാരിച്ചു.

ത്വക്രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കര്‍ണാടകത്തിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരുടെ ഉച്ചിഷ്ട ഇലയില്‍ ദളിതരടക്കമുള്ള പിന്നോക്കജാതിക്കാരെ ഉരുട്ടിക്കുന്നത്. ഇതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കേസ് ഹൈക്കോടതിയിലെത്തി. മടേ സ്നാനയ്ക്കു പകരം പൂജചെയ്ത ഇലയില്‍ ഉരുളുന്ന "യദേ സ്നാന"നടത്താന്‍ അനുമതി നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍, സുപ്രീംകോടതി വിധി സ്റ്റേചെയ്തതോടെ കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പിക്ഷേത്രമുള്‍പ്പെടെ കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇത്തവണ മടേ സ്നാന ആചരിച്ചു. ക്ഷേത്രങ്ങളില്‍ ഉയര്‍ന്നജാതിക്കാര്‍ക്കും കീഴ്ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തിയില്‍ ഭക്ഷണം വിളമ്പുന്നതാണ് കര്‍ണാടകത്തിലെ മറ്റൊരു ദുരാചാരം. ഇതിനതിരെയും സിപിഐ എം നിരന്തര സമരത്തിലാണ്,
(അനീഷ് ബാലന്‍)

deshabhimani 281212

No comments:

Post a Comment