Monday, December 24, 2012

ആദ്യ സ്ത്രീനാടകത്തിന് പുനര്‍ജനി


തൃശൂര്‍: സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്ന് ഓര്‍മപ്പെടുത്തി ആദ്യത്തെ സ്ത്രീനാടകത്തിന് വെള്ളിത്തിരയില്‍ പുനര്‍ജനി. 1948ല്‍ സ്ത്രീകളുടെ കമ്യൂണില്‍ രൂപമെടുത്ത സമ്പൂര്‍ണ സ്ത്രീനാടകം "തൊഴില്‍കേന്ദ്രത്തിലേക്ക്" ആണ് അഭ്രപാളിയിലെത്തിയത്. എം ജി ശശി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം തൃശൂര്‍ ശ്രീ തിയറ്ററില്‍ നടന്നു. അറുപത്തിനാലു വര്‍ഷം മുമ്പ് ഈ നാടകത്തില്‍ അഭിനയിച്ച ശ്രീദേവി കണ്ണമ്പിള്ളിയും കാവുങ്കര ഭാര്‍ഗവിയും അന്തര്‍ജനസമാജത്തിന്റെ പ്രമുഖ പ്രവര്‍ത്തകരായിരുന്ന എഴുത്തുകാരി ദേവകി നിലയങ്ങോടും ഗംഗാദേവിയും ചേര്‍ന്ന് നിലവിളക്കുകൊളുത്തി പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. കമ്യൂണ്‍ ജീവിതത്തില്‍ പഠിച്ച പാട്ടുകള്‍ കാവുങ്കര ഭാര്‍ഗവി ചടങ്ങില്‍ പാടി.

പെലോപൊനേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അവസാനശ്രമമായി സൈനികരായ ഭര്‍ത്താക്കന്മാര്‍ക്ക് ലൈംഗികത നിഷേധിച്ച് പ്രതിഷേധമറിയിച്ച സ്ത്രീകളുടെ കഥ പറഞ്ഞ് ഗ്രീക്ക് നാടകം ലിസിസ്ട്രാറ്റയാണ് ഡോക്യുമെന്ററിയില്‍ ആദ്യം സ്ക്രീനിലെത്തുന്നത്. പുരുഷന് തട്ടിക്കളിക്കാനുള്ള പാവയല്ല താനെന്ന പ്രഖ്യാപനവുമായി ഇബ്സന്റെ "ഡോള്‍സ് ഹൗസ്" നാടകത്തിലെ നോറയും തന്റെ ശരീരത്തെ കാമിച്ച 63 പേരുടെ പേരുകള്‍ "സ്മാര്‍ത്ത വിചാര"ത്തിന്റെ ചരിത്രത്തിലേക്കെറിഞ്ഞ താത്രിക്കുട്ടിയും തൊട്ടുപിന്നാലെ വെള്ളിത്തിരയിലെത്തി. പന്ത്രണ്ടുപേരാണ് അഭിനേതാക്കള്‍. പുരുഷന്മാരായി സ്ത്രീകള്‍തന്നെ വേഷമിട്ടു. സ്ത്രീയുടെ പ്രതിഷേധത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കാതെ പോയ ആദ്യ സമ്പൂര്‍ണ സ്ത്രീ നാടകത്തെക്കുറിച്ചും അക്കാലത്തെ രാഷ്ട്രീയ-ചരിത്രത്തിലേക്കും 48 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വെളിച്ചംവീശുന്നു.

deshabhimani 241212

No comments:

Post a Comment