Friday, December 28, 2012

ബാങ്കുകളിലെ അരലക്ഷം ഒഴിവില്‍ നിയമനമില്ല


താഴെതട്ടിലുള്ള തസ്തികകളില്‍ പതിറ്റാണ്ടായി നിയമനം നടത്താതെ പൊതുമേഖലാ ബാങ്കുകള്‍ കരാര്‍ജീവനക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു. സ്വീപ്പര്‍, മെസഞ്ചര്‍, ഗാര്‍ഡ് തസ്തികകളിലേക്ക് രാജ്യത്തെ മൊത്തം ബാങ്കുകളിലുമായി അമ്പതിനായിരത്തോളം ഒഴിവുണ്ടെന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍മാത്രം നികത്താനുള്ളത് 20,000 ഒഴിവ്. മെസഞ്ചര്‍, സ്വീപ്പര്‍ തസ്തികകളിലേക്ക് 15 വര്‍ഷത്തിനുള്ളില്‍ നിയമനം നടന്നിട്ടുള്ളത് ഏതാനും ശാഖകളില്‍മാത്രം. പുതിയ ശാഖകളിലൊന്നും ഈ തസ്തികയില്‍ ആളെ നിയമിക്കുന്നില്ല. വിരമിക്കലും മരണവുംമൂലമുണ്ടാകുന്ന ഒഴിവുകള്‍ നികത്തുന്നുമില്ല. നവതലമുറ ബാങ്കുകളുടെ ചുവടുപിടിച്ച് ഈ തസ്തികകളിലാകെ പുറംകരാര്‍ നല്‍കുകയാണ് പൊതുമേഖലാ ബാങ്കുകളും. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളടക്കം സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ക്ക് ലഭിക്കേണ്ട നിയമനങ്ങളാണ് തടഞ്ഞിരിക്കുന്നത്. സ്ഥിരം ജീവനക്കാരുടെ അഭാവത്തില്‍ താല്‍ക്കാലിക ജീവനക്കാരെയും ദിവസവേതനക്കാരെയും ഉപയോഗിച്ചാണ് പൊതുമേഖലാ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന താല്‍ക്കാലിക തൊഴിലാളികളും ഇതിലുണ്ട്. ഓഫീസ് പരിസരസംരക്ഷണം, ശുചീകരണം തുടങ്ങിയ ജോലികള്‍ കരാറുകാര്‍ക്ക് പൂര്‍ണമായി കൈമാറിക്കഴിഞ്ഞു.

1970ലെ കരാര്‍നിയമനം (നിയന്ത്രണവും നിരോധനവും) നിയമം അനുശാസിക്കുന്ന ലൈസന്‍സ് തൊഴില്‍വകുപ്പില്‍നിന്ന് വാങ്ങുകപോലും ചെയ്യാതെയാണ് പല കരാറുകാരും പ്രവര്‍ത്തിക്കുന്നത്. ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന കരാര്‍ത്തൊഴിലാളികള്‍ക്ക് മിനിമം വേതനം, ഓഫ് എന്നിവപോലും ലഭിക്കുന്നില്ല. ബാങ്കുകള്‍ നേരിട്ട് നിയമിക്കുന്ന ദിവസക്കൂലിക്കാര്‍ക്കും 12 മണിക്കൂറിലേറെയാണ് ജോലി. ആഴ്ചയിലൊരിക്കല്‍ ലഭിക്കേണ്ട ഓഫുപോലും ലഭിക്കാത്ത ഇവര്‍, ഓവര്‍ടൈം അലവന്‍സിനും അര്‍ഹരല്ല. പരാതിപ്പെടുന്നവര്‍ കടുത്തപീഡനത്തിനും ഇരയാകുന്നു. മിനിമംകൂലി ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ച താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട സംഭവങ്ങള്‍ നിരവധി. സ്വീപ്പര്‍ ജോലിക്കായി കരാറുകാര്‍വഴി നിയമിക്കുന്നവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മറ്റ് ജോലികള്‍ക്കും വിനിയോഗിക്കുന്നു. കരാര്‍പ്രകാരം ഇവര്‍ക്ക് ലഭിക്കുന്നത് തൂപ്പുജോലിക്കുള്ള കൂലിമാത്രവും. ഒരു സ്ഥിരം മെസഞ്ചര്‍പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ശാഖകള്‍ ആയിരക്കണക്കിനാണ്. ബാങ്കിനുള്ളിലേക്കും പുറത്തേക്കും പണം കൊണ്ടുപോകല്‍, ലോക്കല്‍ കത്തിടപാടുകള്‍, വൗച്ചര്‍ നീക്കം, റെക്കോഡ് സൂക്ഷിപ്പ് തുടങ്ങി ഉത്തരവാദിത്തം ഏറെയുള്ള നിരവധി ജോലികള്‍ കരാര്‍പണിക്കെത്തുന്ന സ്വീപ്പര്‍മാരെക്കൊണ്ട് ചെയ്യിക്കുന്നു. എടിഎം കൗണ്ടറുകളുടെ കാവലിന് പുറംകരാര്‍വഴി നിയോഗിക്കപ്പെടുന്ന സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്ക് 3000 മുതല്‍ 5000 രൂപ വരെയാണ് നല്‍കുന്നത്. 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന ഇവര്‍ക്ക് ഓഫും നിഷേധിക്കുന്നു.
(ആര്‍ സാംബന്‍)

deshabhimani 281212

No comments:

Post a Comment