Saturday, December 29, 2012

കപിലിന്റെ കമ്പനി ഭൂമി വാങ്ങിക്കൂട്ടിയത് കൃഷിക്കെന്ന പേരില്‍


ക്രിക്കറ്റ് താരം കപില്‍ദേവ് ഡയറക്ടറായുള്ള കമ്പനി എറണാകുളം കടമക്കുടിയിലെ ചരിയംതുരുത്തില്‍ ആദ്യം ഭൂമി വാങ്ങിക്കൂട്ടിയത് വന്‍തോതില്‍ കൃഷി നടത്താനെന്ന പേരില്‍. ജനുവരി ഒന്നിന് സംസ്ഥാനത്ത് ആരംഭിക്കുന്ന ഭൂസമരത്തിലെ എറണാകുളം ജില്ലയിലെ പ്രധാന കേന്ദ്രം ചരിയംതുരുത്താണ്. നൂറിലധികം പേരില്‍നിന്ന് 152 ഏക്കറോളം ഭൂമിയാണ് ചരിയംതുരുത്തില്‍ വാങ്ങിയത്. ഇതില്‍ കരഭൂമി മൂന്നേക്കറോളം മാത്രം. ബാക്കി പൊക്കാളിപ്പാടം. ഉടമകള്‍ക്ക് ഒരുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപവരെ സെന്റിന് നല്‍കിയാണ് ഭൂമി വാങ്ങിയത്. ഒരിക്കല്‍ കപില്‍ദേവ് ഇവിടം സന്ദര്‍ശിച്ചിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. കൃഷിക്കെന്ന പേരില്‍ വാങ്ങിയ ഭൂമിയാണ് പഞ്ചനക്ഷത്ര സൗകര്യത്തില്‍ അലോപ്പതി, ആയുര്‍വേദ ചികിത്സകള്‍ ലഭ്യമാക്കാനും ഹോട്ടല്‍സമുച്ചയം, റിസോര്‍ട്ട് എന്നിവയുണ്ടാക്കാനുമായി മാറ്റിയത്. ഇവിടെ മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി ഹെല്‍ത്ത് പ്രോജക്ട് നടപ്പാക്കുമെന്ന് ഇതിനായി രൂപീകരിച്ച കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, എംഡി, അഞ്ച് ഡയറക്ടര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍. ഇതില്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടറാണ് കപില്‍ദേവ്.

പാലിയത്തച്ചന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിഭൂമിയാണ് ചരിയംതുരുത്തിലേത്. അവര്‍ക്ക് വാരം പാട്ടം നല്‍കിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. ഭൂപരിഷ്കരണ നിയമം വന്നതോടെ ഇവ കര്‍ഷകരുടെ കൈവശമായി. നെല്‍കൃഷിയും ചെമ്മീന്‍കൃഷിയും മാറിമാറി ചെയ്യുന്ന പൊക്കാളിപ്പാടമായിരുന്നു ഇത്. പില്‍ക്കാലത്ത് കൃഷി ചെയ്യാതായ ഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ നോട്ടമിട്ടത്. ആദ്യം നിസ്സാര തുകയ്ക്കായിരുന്നു ഭൂമി വാങ്ങിക്കൂട്ടിയത്. വില പിന്നീട് ലക്ഷങ്ങളിലെത്തി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് പൂര്‍ത്തിയാവുകയും മൂലമ്പിള്ളി-പിഴല, പിഴല-വലിയ കടമക്കുടി, വലിയ കടമക്കുടി-ചാത്തനാട് പാലങ്ങളുടെ നിര്‍മാണ നടപടികള്‍ സജീവമാവുകയും ചെയ്തതോടെയാണ് കമ്പനി ഭൂമി വാങ്ങല്‍ ഊര്‍ജിതമാക്കിയത്. പാലങ്ങള്‍ പൂര്‍ത്തിയായാല്‍ ദേശീയപാത 17ല്‍ പറവൂര്‍ പെരുമ്പടന്ന ജങ്ഷനില്‍നിന്ന് വേഗം കണ്ടെയ്നര്‍ റോഡില്‍ എത്താനാവും. ഗതാഗതസൗകര്യം മെച്ചപ്പെടുന്നതും സ്ഥലത്തിന്റെ ടൂറിസംസാധ്യതകളും കണ്ടറിഞ്ഞാണ് ഭൂമി വാങ്ങിക്കൂട്ടിയത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ ബന്ധമുള്ള ഉന്നതരുടെ ഒത്താശയും ലഭ്യമായി. ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഞാറക്കല്‍ സബ്രജിസ്ട്രാര്‍ ഓഫീസിലാണ് നടത്തിയത്. ചരിയംതുരുത്തിലെ ഭൂമി ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് എറണാകുളം കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉന്നതതലങ്ങളിലുള്ള ഇടപെടല്‍മൂലം ഇത് സ്തംഭിച്ചു.
(അഞ്ജുനാഥ്)

deshabhimani 291212

No comments:

Post a Comment