Monday, December 31, 2012

ഭൂരഹിത ആദിവാസി പുനരധിവാസപദ്ധതി സര്‍ക്കാറിന്റെ പാട്ടഭൂമിതന്നെ വിലകൊടുത്ത് വാങ്ങാന്‍ നീക്കം


കല്‍പ്പറ്റ: ഭൂരഹിത ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ പാട്ടഭൂമി തന്നെ വാങ്ങാന്‍ നീക്കം. പാരിസണ്‍സ് എസ്റ്റേറ്റിന്റെ കൈവശമുള്ള തവിഞ്ഞാല്‍ പഞ്ചായത്തിലെ ഭൂമിയാണ് വിലകൊടുത്തു വാങ്ങാന്‍ നീക്കം നടത്തുന്നത്. ഒരു ജനപ്രതിനിധിയും യുഡിഎഫിലെ ഏതാനും ഉന്നതരുമാണ് ഇതിനുപിന്നില്‍. ഈ എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമിയില്‍ ഏറെയും മറുപാട്ടത്തിലുള്ളതാണ്.

ഭഗവതി എസ്റ്റേറ്റിന്റെ പക്കലായിരുന്ന പാട്ടഭൂമി ആദ്യം അസംബ്രൂക്ക് കമ്പനിക്ക് കൈമാറി. പിന്നീടാണ് പാരിസണ്‍സ് കമ്പനിയുടെ കൈവശത്തിലെത്തിയത്. 99 വര്‍ഷത്തെ പാട്ടക്കരാറില്‍ സര്‍ക്കാറില്‍നിന്നും ജന്മിമാരില്‍നിന്നും പാട്ടക്കരാര്‍ വ്യവസ്ഥയില്‍ വാങ്ങിയ ഭൂമി പിന്നീട് മറുപാട്ടം നല്‍കുകയായിരുന്നു. ജില്ലയില്‍ ആയിരം ഏക്കര്‍ ഭൂമി വിലകൊടുത്ത് വാങ്ങി ആയിരം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണംചെയ്യാന്‍ 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് ബജറ്റില്‍ 50 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയതോടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. മേപ്പാടിയിലെ എളമ്പിലേരി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനമായതായിരുന്നെങ്കിലും അതും നിലച്ചു. കോട്ടപ്പടി വില്ലേജില്‍ 70 ഏക്കര്‍ സ്വകാര്യതോട്ടം മാത്രമാണ് ഇനിയും സ്ഥിരീകരിക്കാനായത്. ഈ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധിയും ഏതാനും യുഡിഎഫ് നേതാക്കളും ഇടപെട്ട് സര്‍ക്കാറിന്റെ പാട്ടഭൂമി തന്നെ കച്ചവടമാക്കാന്‍ നീക്കം നടത്തുന്നത്. ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഈ ഭൂമി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സര്‍ക്കാറിന്റെ തന്നെ പാട്ടഭൂമിയാണിതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തിരുത്തിക്കാനും സമ്മര്‍ദം ഉണ്ട്.

ഡിസംബറിന് മുമ്പ് ആദിവാസികള്‍ക്ക് വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രിയും പട്ടികവര്‍ഗ ക്ഷേമമന്ത്രിയും പലവട്ടം പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുനടപടിയും പുരോഗമിച്ചിട്ടില്ല. കണ്ടെത്തിയ ഭൂമിപോലും ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ നടപടിയില്ല. 15086 ഭൂരഹിത ആദിവാസികളില്‍നിന്ന ഭൂമിക്കുവേണ്ടി അപേഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ തരംതിരിവുപോലും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ ഇതിനകം കണ്ടെത്തിയ നാനൂറ് ഏക്കറോളം നിക്ഷിപ്ത വനഭൂമി ഭൂരഹിതര്‍ക്ക് കൊടുക്കാനായിരുന്നു ആദ്യതീരുമാനം. പിന്നീട് ഇതില്‍ മാറ്റം വരുത്തി. ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് അനുകൂലമായി ആര്‍ഡിഒ കോടതി വിധിയുണ്ടായ കേസില്‍ ഭൂമി വീണ്ടെടുത്ത് കൊടുക്കാന്‍ കഴിയാത്തവര്‍ക്കായി ഇപ്പോള്‍ നിക്ഷിപ്ത വനഭൂമി നീക്കിവെച്ചിരിക്കുകയാണ്.

deshabhimani 311212

No comments:

Post a Comment