Sunday, December 23, 2012

റെയ്സിന കുന്ന് വിറച്ചു

ഡല്‍ഹിയുടെ ചരിത്രത്തിലില്ലാത്ത പ്രതിഷേധ ക്കൊടുങ്കാറ്റില്‍ കേന്ദ്ര ഭരണകൂടം വിറച്ചു. ഡല്‍ഹി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വമേധയാ ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ജനങ്ങള്‍ കേന്ദ്രഭരണം സ്തംഭിപ്പിച്ചുകൊണ്ട് മണിക്കൂറുകളോളം റെയ്സിനക്കുന്നുകളില്‍ നിലകൊണ്ടു. പൊലീസ് പലതവണ കണ്ണീര്‍വാതക ഗ്രനേഡ് ഷെല്ലുകള്‍ പൊട്ടിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിട്ടും ജനങ്ങള്‍ പിരിഞ്ഞുപോയില്ല. പൊലീസ് അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഡല്‍ഹി നഗരത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുക, കൂട്ട ബലാത്സംഗം നടത്തിയ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുക, ബലാത്സംഗത്തിന് വധശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.

രാവിലെ പത്തിന് ആരംഭിച്ച ഉപരോധസമരം രാത്രി ഒമ്പതോടെ അവസാനിച്ചെങ്കിലും ഏറ്റുമുട്ടലുകള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷക്ക് ശക്തമായ നടപടികളെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒരു വിഭാഗം സമരം അവസാനിപ്പിച്ചത്. കൂട്ട ബലാത്സംഗമുണ്ടായ സ്ഥലത്ത് സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയതിന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി ഷിന്‍ഡെ അറിയിച്ചു. രാവിലെ 10ന് ഇന്ത്യാ ഗേറ്റിനു സമീപമാണ് പ്രതിഷേധപരിപാടി തുടങ്ങിയത്. ഇതിനിടെ, സൗത്ത് ബ്ലോക്കിനും നോര്‍ത്ത് ബ്ലോക്കിനും നടുവിലൂടെ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങാന്‍ ശ്രമിച്ച വലിയ ജനക്കൂട്ടത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ജനങ്ങളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ജനക്കൂട്ടം പിരിഞ്ഞുപോയെങ്കിലും അല്‍പ്പനേരം കഴിഞ്ഞ് വീണ്ടും ഒത്തുചേര്‍ന്നു. ഇന്ത്യാഗേറ്റിനു മുന്നിലുണ്ടായിരുന്ന ജനക്കൂട്ടം ഈ വിവരമറിഞ്ഞ് രാഷ്ട്രപതിഭവന്‍ സ്ഥിതിചെയ്യുന്ന റെയ്സിനക്കുന്നിലേക്ക് നീങ്ങാന്‍ തുടങ്ങി. രാവിലെ മുതല്‍ രാത്രിവരെ ആറുതവണ പൊലീസിന്റെ ആക്രമണമുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു റെയ്സിനക്കുന്നില്‍ ഉണ്ടായത്. രാഷ്ട്രപതി ഭവന് മുന്നിലെത്തിയ ജനക്കൂട്ടത്തെ ഒരുവിധം അടിച്ചോടിച്ചശേഷം പൊലീസ് വാഹനങ്ങള്‍ വിലങ്ങനെയിട്ടാണ് രാഷ്ട്രപതി ഭവനിലേക്കുള്ള വഴി പൊലീസ് തടഞ്ഞത്. ജലപീരങ്കികള്‍ ഉപയോഗിച്ച് നിരവധിതവണ ജനങ്ങളെ പിരിച്ചുവിടാന്‍ ശ്രമിച്ചു. ജലപീരങ്കികള്‍ ശൂന്യമായതോടെ ജനങ്ങള്‍ പൊലീസിനെ കൂക്കിവിളിച്ച് വീണ്ടും ഇരച്ചുകയറി. ഡല്‍ഹി പൊലീസിനു പുറമേ ദ്രുതകര്‍മസേന, സിഐഎസ്എഫ് എന്നിവയും ജനങ്ങളെ നേരിടാനെത്തി. വിവിധ സംഘടനകളുടെ ബാനറിലും സ്വതന്ത്രമായും ജനങ്ങള്‍ പ്രതിഷേധത്തില്‍ അണിനിരക്കുകയായിരുന്നു.

സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും വന്‍തോതില്‍ അണിനിരന്നു. ഡല്‍ഹി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രക്ഷോഭകര്‍ പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. രാത്രിവരെ ഉപരോധം നടത്തിയിട്ടും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും സ്ത്രീകളുടെ സുരക്ഷയ്ക്ക് ആവശ്യമായ കര്‍ശന നടപടികളെടുക്കുമെന്ന് പ്രഖ്യാപിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ചയും ഉപരോധസമരം തുടരാനാണ് പ്രക്ഷോഭകര്‍ തീരുമാനിച്ചിരിക്കെയാണ് ഷിന്‍ഡെയുടെ ഉറപ്പുണ്ടായത്. സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച വിജയ് ചൗക്കിലേക്ക് പ്രകടനം നടത്തും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജൊഗീന്ദര്‍ ശര്‍മ, മുന്‍ സേനാ തലവന്‍ ജനറല്‍ വി കെ സിങ്ങ് തുടങ്ങിയവര്‍ പ്രക്ഷോഭകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തി.

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ രംഗത്തുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ നേരിട്ടുകാണുന്നതിന് പ്രധാനമന്ത്രി കാര്യാലയത്തില്‍ അനുവാദം ചോദിച്ച യെച്ചൂരിയെ പ്രധാനമന്ത്രി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു. രാത്രി 8.45 ഓടെ പൊലീസ് സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങിയത് വീണ്ടും സംഘര്‍ഷമുണ്ടാക്കി. പൊലീസ് വലയം ഭേദിച്ച് നിരവധിപേര്‍ രാഷ്ട്രപതിഭഭവന്‍ ഭാഗത്തേക്ക് നീങ്ങിയത് പൊലീസിന് വീണ്ടും തലവേദനയായി. ആയിരത്തില്‍പ്പരം ആളുകള്‍ രാത്രി വൈകിയും സമരരംഗത്ത് ഉറച്ചുനിന്നു.
(വി ജയിന്‍)

റെയ്സിന കുന്ന് വിറച്ചു

"സ്വതന്ത്രമായി സഞ്ചരിക്കാന്‍ പേടിയാകുന്നു" എന്നു പറഞ്ഞുകൊണ്ട് പതിനായിരക്കണക്കിനു സ്ത്രീകളും പ്രക്ഷോഭകരും ഡല്‍ഹിയിലേക്കൊഴുകിയെത്തി. ജനരോഷം അണപൊട്ടിയാല്‍ ഒരു നിയമത്തിനും തടയാനാകില്ലെന്ന് ബോധ്യപ്പെടുത്തി ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ കേന്ദ്രമായ ഡല്‍ഹിയിലെ "റെയ്സിന കുന്ന്" ശനിയാഴ്ച പൂര്‍ണമായും ജനങ്ങളുടെ നിയന്ത്രണത്തിലായി. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭം ശനിയാഴ്ച ഉഗ്രരൂപം പ്രാപിക്കുകയായിരുന്നു. രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്ക്, ആഭ്യന്തരമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്ക് എന്നിവയ്ക്കടുത്ത് രാജ്പഥില്‍ പ്രക്ഷോഭകാരികള്‍ പ്രവേശിച്ചു. യുപിഎ സര്‍ക്കാരിനും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ മുദ്രാവാക്യം മുഴക്കി പ്രക്ഷോഭകര്‍ മുന്നേറിയപ്പോള്‍ പൊലീസ് സന്നാഹം പരാജയപ്പെട്ടു. ബാരിക്കേഡുകള്‍ തകര്‍ത്ത് രാഷ്ട്രപതിഭവനു മുന്നിലെ വന്‍ ഗേറ്റിനുമുന്നിലെത്തിയ ജനക്കൂട്ടം രാഷ്ട്രപതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചും ലാത്തിവീശിയും പൊലീസ് ജനങ്ങളെ നേരിട്ടു. നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡിലേക്ക് ജനങ്ങളെ നീക്കിയശേഷം പൊലീസ് വാഹനങ്ങള്‍ കുറുകെയിട്ട് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാനുള്ള പ്രക്ഷോഭകരുടെ നീക്കത്തെയും പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.

രാജ്പഥിന് ഇരുവശവും വിശേഷ അവസരങ്ങളില്‍ പതാക കെട്ടാന്‍ സ്ഥാപിച്ചിട്ടുള്ള തൂണുകളില്‍ വലിഞ്ഞുകയറിയ പെണ്‍കുട്ടികള്‍ പ്ലക്കാര്‍ഡുകള്‍ വീശി. ശക്തമായ നേതൃത്വം ഇല്ലാത്തതായിരുന്നു ശനിയാഴ്ച നടന്ന പ്രതിഷേധം. പക്ഷേ, വ്യക്തമായ ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ മുന്നോട്ടുവച്ചത്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുക, ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് അതിവേഗം വിചാരണ നടത്തി പരമാവധി ശിക്ഷ നല്‍കുക, ബലാത്സംഗത്തിന് വധശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് വൈസ്രോയിയുടെ ആസ്ഥാനത്തും സ്വതന്ത്ര ഇന്ത്യയില്‍ രാഷ്ട്രപതിഭവനുമുന്നിലും ഇത്തരമൊരു പ്രതിഷേധസമരം നടന്നിട്ടില്ല. രാജ്പഥിനു സമീപമുള്ള ബോട്ട് ക്ലബ് ചരിത്രപ്രസിദ്ധമായ വലിയ ജനമുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. അപ്പോഴൊന്നും രാഷ്ട്രപതിഭവനു മുന്നിലേക്ക് സമരക്കാര്‍ കടന്നിട്ടില്ല. ജനരോഷമുയര്‍ന്നാല്‍ ഒരു ഭരണകൂടത്തിനും പിടിച്ചുനില്‍ക്കാനാകില്ലെന്നുകൂടി മുന്നറിയിപ്പ് നല്‍കുന്നതാണ് ഡല്‍ഹിയിലെ പ്രതിഷേധം.

പെണ്‍കുട്ടി മൊഴി നല്‍കി; വീണ്ടും വെന്റിലേറ്ററില്‍

ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട യുവതി ആശുപത്രിക്കിടക്കയില്‍ പൊലീസിന് മൊഴി നല്‍കി. യുവതിയുടെ ആരോഗ്യനിലയില്‍ ശനിയാഴ്ച പകല്‍ പുരോഗതിയുണ്ടായിരുന്നു. വൈകിട്ടോടെ വീണ്ടും ഗുരുതരമായി. തുടര്‍ന്ന് വെന്റിലേറ്ററിലാക്കി. വ്യക്തവും ശക്തവുമായ മൊഴിയാണ് യുവതി നല്‍കിയതെന്ന് ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഛായാ ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുവതിയുടെയും സുഹൃത്തായ യുവാവിന്റെയും മൊഴികള്‍ ഒരുപോലെയാണ്. തന്റെ സുഹൃത്തുമായി ബസിലുണ്ടായിരുന്നവര്‍ വഴക്കുണ്ടാക്കിയശേഷം തലയ്ക്കടിച്ചു വീഴ്ത്തി. അതിനുശേഷമാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജു എന്ന യുവാവ് കുടുംബവുമായി അടുത്ത ബന്ധമില്ലാത്തയാളാണ്. പ്രതികള്‍ക്കെതിരെ വധശ്രമം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും ഛായാ ശര്‍മ പറഞ്ഞു.

ഷീല ദീക്ഷിതിന്റെ കസേര കുലുങ്ങുന്നു

ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ കസേര ജനരോഷത്തില്‍ തെറിക്കുമോ എന്നാണ് ദേശീയ തലസ്ഥാനം ഉറ്റുനോക്കുന്നത്. സ്ത്രീകള്‍ക്ക് തലസ്ഥാനഗരിയില്‍ സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, അതിനുള്ള ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറുന്ന നിരുത്തരവാദ പ്രസ്താവനകളും നടത്തുകകൂടിയാണ് ഷീലാ ദീക്ഷിത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഡല്‍ഹിയില്‍ നടന്ന വന്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത പതിനായിരങ്ങളുടെ ആവശ്യങ്ങളിലൊന്ന് ഷീല ദീക്ഷിത് രാജിവയ്ക്കുക എന്നതായിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഷീല ദീക്ഷിത് സര്‍ക്കാരിനെ കുരുതികഴിച്ചില്ലെങ്കില്‍ മന്‍മോഹന്‍ സര്‍ക്കാരിന് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് എഐസിസി ബുദ്ധികേന്ദ്രങ്ങള്‍ ചിന്തിക്കുന്നത്. ജനങ്ങളുടെ പ്രക്ഷോഭം നടക്കുന്നതു മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ ആസ്ഥാനത്തിനു മുന്നിലാണ്. എന്നാല്‍, ഡല്‍ഹിയിലെ ക്രമസമാധാനില തകരുന്നതിനും സ്ത്രീകള്‍ക്ക് സുരക്ഷ കിട്ടാത്തതിനും ഉത്തരവാദികള്‍ ഡല്‍ഹി സര്‍ക്കാരാണെന്ന ചിന്താഗതിയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഷീല ദീക്ഷിതിന്റെ രാജികൊണ്ട് തല്‍ക്കാലം ജനരോഷം കെട്ടടങ്ങുമെന്നും കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കുന്നു.

1998ല്‍ സവാളയ്ക്ക് വില അനിയന്ത്രിതമായികൂടിയപ്പോള്‍ അതിനെതിരായ ജനരോഷമാണ് അന്നത്തെ ബിജെപി സര്‍ക്കാരിനെ തെറിപ്പിച്ചത്. പിന്നീട് അധികാരത്തിലെത്തിയ ഷീല ദീക്ഷിത് 10 വര്‍ഷത്തോളം ജനപ്രിയയായി നിന്നു. എന്നാല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ പങ്കാളിയാണെന്ന വിവരം പുറത്തുവന്നതോടെ ഷീല ദീക്ഷിതിന്റെ ജനസ്വാധീനം ക്രമേണ കുറഞ്ഞുവരുന്നതാണ് കണ്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത നഗരം എന്ന കുപ്രസിദ്ധി ഡല്‍ഹിക്ക് ലഭിച്ചതില്‍ ഒരു വനിതാ ഭരണാധികാരികൂടിയായ ഷീല ദീക്ഷിതിന് പ്രധാന ഉത്തരവാദിത്തമുണ്ടെന്ന വിമര്‍ശത്തെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നേതൃമാറ്റം നടത്തി മുഖഛായ വീണ്ടെടുക്കാന്‍ കഴിയുമോ എന്ന പരീക്ഷണമായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചെയ്യുക.

അടുത്ത കാലത്തായി ഷീല ദീക്ഷിത് നടത്തുന്ന പ്രസ്താവനകള്‍ വലിയ ജനരോഷം ക്ഷണിച്ചുവരുത്തുന്നുണ്ട്. ഒരു കുടുംബത്തിന് ഒരു മാസം കഴിഞ്ഞുകൂടാന്‍ 600 രൂപ മതിയെന്ന പ്രസ്താവന ഏറെ വിവാദമുണ്ടാക്കി. ഒരുകാലത്ത് സോണിയ ഗാന്ധിയുടെ വിശ്വസ്തയായിരുന്നു ഷീല ദീക്ഷിത്. ഇപ്പോള്‍ അവര്‍ക്ക് സോണിയയിലുള്ള സ്വാധീനം കുറഞ്ഞുവരികയാണ്. ഷീല ദീക്ഷിതിനുവേണ്ടി കോണ്‍ഗ്രസ് നേതാക്കളാരും രംഗത്തുവരുന്നുമില്ല. ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി വലിച്ചെറിഞ്ഞ സംഭവം അപമാനകരമാണെന്നും അത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും പറഞ്ഞ് ടെലിവിഷന്‍ ചാനല്‍ അഭിമുഖങ്ങളില്‍ ഷീല ദീക്ഷിത് കരഞ്ഞെങ്കിലും ജനങ്ങള്‍ അവര്‍ക്ക് മാപ്പുകൊടുക്കാന്‍ തയ്യാറല്ല. സ്ത്രീകളുടെ സുരക്ഷയ്ക്ക് ബാധ്യതയില്ലെന്ന് പരോക്ഷമായി പറയുന്ന ഒരു മുഖ്യമന്ത്രിയെ സഹിക്കാനാകില്ലെന്ന ജനങ്ങളുടെ നിലപാടിനെ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചേക്കുമെന്നാണ് സൂചന.

deshabhimani 231212

No comments:

Post a Comment