Tuesday, December 25, 2012

ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ പൂട്ടിയിട്ട് സര്‍ക്കാരിന്റെ പ്രതികാരം


സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നവരെ മര്യാദ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഒന്‍പത് മെട്രോ ട്രെയിന്‍ സ്റ്റേഷനുകള്‍ പൂട്ടിയിട്ടാണ് സര്‍ക്കാര്‍ പ്രതികാരം തീര്‍ത്തത്. പ്രധാനകേന്ദ്രമായ കൊണാട്ട് പ്ലേസിലെ ഭൂഗര്‍ഭ സ്റ്റേഷനായ രാജീവ് ചൗക്ക് മെട്രോ അടച്ചിട്ടതാണ് ഡല്‍ഹിയുടെ താളം തെറ്റിച്ചത്. പ്രതിദിനം അഞ്ചു ലക്ഷം പേര്‍ രാജീവ് ചൗക്കില്‍നിന്ന് മെട്രോ ട്രെയിന്‍ കയറുന്നുണ്ട്. തിങ്കളാഴ്ച മെട്രോ സ്റ്റേഷനിലേക്കോ സ്റ്റേഷനില്‍നിന്ന് പുറത്തേക്കോ യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, രാജീവ് ചൗക്ക് വഴി കടന്നുപോകുന്ന മെട്രോ ട്രെയിനുകളില്‍ മാറിക്കയറുന്ന ആളുകള്‍ക്കുവേണ്ടി ട്രെയിന്‍ നിര്‍ത്തി. രാജീവ് ചൗക്കില്‍ ഇറങ്ങേണ്ടവര്‍ അടുത്ത രാമകൃഷ്ണ ആശ്രം മാര്‍ഗ്, ന്യൂഡല്‍ഹി സ്റ്റേഷനുകളിലിറങ്ങി മറ്റ് വാഹനങ്ങളില്‍ കൊണാട്ട്പ്ലേസിലെത്തി. രാജീവ്ചൗക്കിനു പുറമെ പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയറ്റ്, ഉദ്യോഗ്ഭവന്‍, റേസ് കോഴ്സ് റോഡ്, ഖാന്‍ മാര്‍ക്കറ്റ്, ബാരക്കമ്പ റോഡ്, മണ്ഡി ഹൗസ്, പ്രഗതി മൈതാന്‍ എന്നീ മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു.

നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലും അതിനടുത്തുള്ള നിരവധി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും എത്തേണ്ട ജീവനക്കാര്‍ സാധാരണ പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടറിയറ്റ്, ഉദ്യോഗ്ഭവന്‍ എന്നീ മെട്രോ സ്റ്റേഷനുകളില്‍ ഇറങ്ങിയശേഷം നടന്നാണ് ഓഫീസിലെത്തുന്നത്. തിങ്കളാഴ്ച ഇവരെല്ലാം ദൂരെയുള്ള മെട്രോ സ്റ്റേഷനുകളിലിറങ്ങി മറ്റ് വാഹനങ്ങളില്‍ കയറിയാണ് ഓഫീസുകളിലെത്തിയത്. ഇത് റോഡില്‍ അസാധാരണമായ തിരക്ക് സൃഷ്ടിച്ചു. ഇതിനു പുറമെ ഇന്ത്യാ ഗേറ്റ്, രാജ്പഥ്ഭഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത് ഗതാഗതക്കുരുക്കും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ഐടിഒ ജങ്ഷനില്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കായിരുന്നു. പ്രഗതി മൈതാന്‍, നിസാമുദീന്‍ ബ്രിഡ്ജ്, ശാന്തിപഥ്, ചാണക്യപുരി, മദര്‍ തെരേസ ക്രസന്റ് റോഡ്, മഥുരാ റോഡ്, ഖാന്‍ മാര്‍ക്കറ്റ്, ബാരക്കമ്പ റോഡ് തുടങ്ങിയ മേഖലകളിലും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ സന്ദര്‍ശനം പ്രമാണിച്ച് റോഡുഗതാഗതത്തില്‍ നിയന്ത്രണമുണ്ടായിരുന്നു. അത് പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തുറക്കുന്നതിനു പകരം മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ട് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. ദിവസം 30 ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോയെ ആശ്രയിക്കുന്നത്.

deshabhimani 251212

No comments:

Post a Comment