Saturday, December 29, 2012

ലാത്തിച്ചാര്‍ജിനെതിരെ വ്യാപക പ്രതിഷേധം


അനാചാരങ്ങള്‍ക്കെതിരെ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയ സിപിഐ എം പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. "മടേ സ്നാ" ഉള്‍പ്പെടെയുള്ള ജാതീയ അനാചാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് പ്രതിഷേധത്തില്‍ ഉയര്‍ത്തിയത്. സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കുപുറമേ മഠാധിപന്മാരും ദളിത്സംഘടനാ പ്രവര്‍ത്തകരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ അണിനിരന്നു. ബംഗളൂരുവില്‍ കോര്‍പറേഷന്‍ സര്‍ക്കിളില്‍ നടന്ന പ്രതിഷേധത്തില്‍ അഞ്ഞൂറിലേറെപ്പേര്‍ പങ്കെടുത്തു. പ്രക്ഷോഭകര്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുടെ കോലം കത്തിച്ചു.

കര്‍ണാടകത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് ക്ഷേത്രം തകര്‍ക്കാന്‍ വന്നവരെപ്പോലെ സര്‍ക്കാര്‍ നേരിട്ടതെന്ന് പരിപാടി ഉദ്ഘാടനംചെയ്ത് നെടുമാടി വീരഭദ്ര ചെന്നമല്ലി സ്വാമി പറഞ്ഞു. സിപിഐ എം നടത്തുന്നത് സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടമാണ്. ഇതിന് എതിരുനില്‍ക്കുന്നവര്‍ സമൂഹത്തെ പിന്നോട്ടടിപ്പിക്കുകയാണ്- അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പ്രകാശ്, ദളിത്സംഘര്‍ഷ സമിതി നേതാവ് നാഗരാജ്, ഗൗരമ്മ എന്നിവര്‍ സംസാരിച്ചു. കോലാര്‍, റയ്ച്ചുര്‍, ചിക്ക്ബലാപുര്‍, തുംകൂര്‍, ദക്ഷിണകന്നട, ദാര്‍വാഡ്, മൈസൂരു, ബല്ലാരി തുടങ്ങിയ ഒട്ടേറെ ജില്ലകളില്‍ ജില്ലകളും താലൂക്കുകളും കേന്ദ്രീകരിച്ച് പ്രതിഷേധം അലയടിച്ചു. വ്യാഴാഴ്ച നടന്ന മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയും അഞ്ഞൂറോളംപേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

deshabhimani 291212

No comments:

Post a Comment