Friday, December 28, 2012
വൈസ് പ്രസിഡന്റടക്കം 6 പേരെ സാഹിത്യ അക്കാദമിയില്‍നിന്നു പുറത്താക്കി
വിശ്വമലയാള മഹോത്സവത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിന്റെപേരില്‍ വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്തടക്കം ആറുപേരെ സാഹിത്യഅക്കാദമിയില്‍നിന്ന് പുറത്താക്കി. മഹോത്സവത്തിനെതിരെ സാംസ്കാരികസ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നോമിനികള്‍ പരസ്യമായ നിലപാട് സ്വീകരിച്ചതിനാലാണ് നടപടിയെന്നാണ് സാംസ്കാരികമന്ത്രി കെ സി ജോസഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ബാലചന്ദ്രന്‍ വടക്കേടത്ത് അക്കാദമി ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പ് നടത്തി. ബാലചന്ദ്രനൊപ്പം ഡോ. സത്യജിത്, ഡോ. അജയപുരം ജ്യോതിഷ്കുമാര്‍, ഗിരിജ സേതുനാഥ്, ഡോ. പ്രമീളാദേവി എന്നിവരെ ജനറല്‍ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി.
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ പ്രതിനിധി എന്ന നിലയില്‍ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പിലിനെ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ ഭരണസമിതിയില്‍നിന്നും കേരള സംഗീതനാടക അക്കാദമി പ്രതിനിധി എന്ന നിലയില്‍ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എല്‍ വി ഹരികുമാറിനെ സംഗീതനാടക അക്കാദമി ഭരണസമിതിയില്‍നിന്നും ഒഴിവാക്കിയതായി മന്ത്രി അറിയിച്ചു. സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചതായും മന്ത്രി അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്ത് പെരുമ്പടവം ശ്രീധരന്‍ തുടരും. അക്ബര്‍ കക്കട്ടിലാണ് പുതിയ വൈസ് പ്രസിഡന്റ്. സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍, ജോസ് പനച്ചിപ്പുറം, പ്രൊഫ. ഡി ബഞ്ചമിന്‍, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രൊഫ. സന്തോഷ് ജെ കെ വി, ഇബ്രാഹിം ബേവിഞ്ച, എം ഡി രാജേന്ദ്രന്‍, വിജയലക്ഷ്മി, പി കെ പാറക്കടവ്, ജോണ്‍ സാമുവല്‍, അജിതന്‍ മേനോത്ത്, ജന്നിങ്സ് ജേക്കബ്, വാണിദാസ് എളയാവൂര്‍, ഇന്ദുമേനോന്‍ തുടങ്ങിയവര്‍ അംഗങ്ങളായാണ് അക്കാദമി പുനഃസംഘടിപ്പിച്ചത്. അക്കാദമി നിര്‍വാഹകസമിതി അംഗം കെ രഘുനാഥനും വ്യാഴാഴ്ച വൈകിട്ട് ബാലചന്ദ്രനൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഇവര്‍ക്ക് പിന്തുണയറിയിച്ച് നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും അക്കാദമിയിലെത്തി.
അക്കാദമിയുടെ സ്വയംഭരണാവകാശം തകര്‍ത്ത് തന്നിഷ്ടപ്രകാരം ചിലരെ പുറത്താക്കിയ കെ സി ജോസഫിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു. കെ സി ജോസഫ് "സാംസ്കാരിക കൊലയാളി" ആണെന്നും സാംസ്കാരിക വകുപ്പിനെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെയും പ്രസിഡന്റിന്റെയും പിടിപ്പുകേടുമൂലമാണ് വിശ്വമലയാള സമ്മേളനം പരാജയപ്പെട്ടത്. ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത പ്രസിഡന്റും "ചക്കിക്കൊത്ത ചങ്കരന്‍" എന്ന പോലെ പെരുമാറുന്ന സെക്രട്ടറിയും മന്ത്രിയും ചേര്‍ന്ന് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. അക്കാദമി നടത്തിപ്പ് കുത്തഴിഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചിട്ടില്ല. അവാര്‍ഡ് നിര്‍ണയത്തിലും അഴിമതിയുണ്ടെന്ന് ബാലചന്ദ്രന്‍ പറഞ്ഞു.
deshabhimani 281212
Labels:
വലതു സര്‍ക്കാര്‍,
സാഹിത്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment