Wednesday, December 26, 2012
വാള്‍മാര്‍ട്ട് ഓഫീസ് തുറക്കുന്നതിനെതിരെ ചെന്നൈയില്‍ ഉപരോധം
ചില്ലറവ്യാപാരരംഗത്തെ ബഹുരാഷ്ട്ര കുത്തകയായ വാള്‍മാര്‍ട്ട് ഓഫീസ് തുറക്കുന്നതിനെതിരെ ചെന്നൈയില്‍ സിപിഐ എം, സിപിഐ ആഭിമുഖ്യത്തില്‍ ശക്തമായ ഉപരോധം. സമരത്തില്‍ പങ്കെടുത്ത സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ ഉള്‍പ്പടെ രണ്ടായിരത്തോളം പേരെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസും സമരഭടന്മാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
ചെന്നൈ നഗരത്തില്‍ തിരുവേര്‍ക്കാട്ടിലും അണ്ണാനഗറിലും വാള്‍മാര്‍ട്ട് ഓഫീസ് തുറക്കാനൊരുങ്ങുകയാണ്. ഇതില്‍ പ്രതിഷേധിച്ച് നിര്‍ദ്ദിഷ്ട വാള്‍മാര്‍ട്ട് ഓഫീസുകളിലേക്ക് റാലിയായി എത്തിയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ സൗന്ദര്‍രാജന്‍ എംഎല്‍എ, കെ ബാലകൃഷ്ണന്‍ എംഎല്‍എ, സിപിഐ നേതാക്കള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. തമിഴ്നാട്ടില്‍ ഒരിടത്തും വാള്‍മാര്‍ട്ടിന്റെ സ്ഥാപനങ്ങള്‍ തുറക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, പ്രത്യക്ഷ വിദേശനിക്ഷേപത്തിനുള്ള(എഫ്ഡിഐ) 12 നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം. ഇതിന്റെ ഭാഗമായി, രത്നാകര്‍ ബാങ്കിലെ വിദേശനിക്ഷേപം 43 ശതമാനത്തില്‍നിന്ന് 55 ശതമാനമാക്കുന്നതിനുള്ള നിര്‍ദേശം അംഗീകരിച്ചു. 300 കോടി രൂപയ്ക്കുള്ള വിദേശനിക്ഷേപമാണ് ഇതുമൂലം വരിക. സ്വീഡന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര ഫര്‍ണിച്ചര്‍ കമ്പനിയായ ഐകെഇഎയ്ക്ക് 4200 കോടി രൂപയുടെ നിക്ഷേപത്തിനുള്ള അംഗീകാരം വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്ഐപിബി) നല്‍കി. എന്നാല്‍ ഈ അനുമതി വിദേശനിക്ഷേപ അപേക്ഷ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകരിക്കണം. 1200 കോടിയില്‍ കൂടുതലുള്ള നിക്ഷേപനിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ സമിതിയുടെ അനുമതി ലഭിക്കണമെന്ന് വ്യവസ്ഥയുണ്ട്. 10,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഐകെഇഎ അപേക്ഷ നല്‍കിയിരുന്നത്. 10,500 കോടി രൂപയുടെയും നിക്ഷേപത്തിന് അംഗീകാരം ലഭ്യമാക്കാന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ശക്തമായി വാദിച്ചു. എഫ്ഐപിബി തീരുമാനം തിരുത്തി ഐകെഇഎയുടെ മുഴുവന്‍ തുകയ്ക്കുമുള്ള വിദേശനിക്ഷേപ അപേക്ഷ അംഗീകരിക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍(ഡിഐപിപി) ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്ഐപിബി ധനമന്ത്രാലയത്തിനു കീഴിലാണ്. 31ന് ഈ നിര്‍ദേശം വീണ്ടും എഫ്ഐപിബിക്കു മുമ്പാകെ വരും. ഫര്‍ണിച്ചറിനുപുറമെ ടെക്സ്റ്റൈല്‍സ്, ഇലക്ട്രോണിക്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ-പാനീയങ്ങള്‍ എന്നിവയും വില്‍ക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ക്കായി ഐകെഇഎ അപേക്ഷിച്ചിട്ടുണ്ട്. 44 രാജ്യങ്ങളിലായി 336 വന്‍കിട ഫര്‍ണിച്ചര്‍ വില്‍പ്പനശാലകളുള്ള വന്‍കിട കമ്പനിയാണ് ഐകെഇഎ.
അതേസമയം, ആഗോള സാമ്പത്തികമാന്ദ്യം പരിഗണിച്ച് കയറ്റുമതി മേഖലയ്ക്ക് വാണിജ്യമന്ത്രാലയം കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് ശതമാനം പലിശ സബ്സിഡി 2014 മാര്‍ച്ച് വരെ നീട്ടി. വിദേശ കമ്പനികള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കി കയറ്റുമതി ചെയ്യുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ശതമാനം പലിശ സബ്സിഡി നല്‍കും. 2013 ജനുവരി മുതല്‍ മാര്‍ച്ച് വരെ അധികമായി നടത്തുന്ന കയറ്റുമതിക്ക് പ്രത്യേക ആനുകൂല്യം നല്‍കും. ഈ ആനുകൂല്യങ്ങളോടെ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് വാണിജ്യമന്ത്രി അവകാശപ്പെട്ടു. 2012 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 5.95 ശതമാനത്തിന്റെ കുറവുണ്ടായി.
deshabhimani 271212
Subscribe to:
Post Comments (Atom)
No comments:
Post a Comment