Monday, December 24, 2012

പക്ഷാഘാതത്തെ തോല്‍പ്പിച്ച് ബാബുജി എഴുതിയത് 1300 ലേഖനം


കൊച്ചി: പക്ഷാഘാതം തളര്‍ത്തിയ കൈവിരലുകള്‍ കീബോര്‍ഡില്‍ മെല്ലെ തട്ടി ബാലചന്ദ്രന്‍ കുറിച്ചിട്ടത് 1300 ഓളം ലേഖനങ്ങള്‍. മലയാളം വിക്കിയിലെ ലേഖനങ്ങളില്‍ അഞ്ചുശതമാനവും ഇദ്ദേഹത്തിന്റേത്. സര്‍വവിജ്ഞാനകോശം സ്വതന്ത്രമായി വിക്കിയിലേക്ക് പകര്‍ത്തിയതും ഇദ്ദേഹമാണ്. രോഗക്കിടക്കയില്‍നിന്ന് ജീവിതത്തിലേക്കുള്ള യാത്രക്കിടയിലാണ് വടക്കന്‍ പറവൂര്‍ സ്റ്റേഡിയത്തിനടുത്ത് രോഹിണി മന്ദിരത്തില്‍ ബാബുജി എന്ന ജി ബാലചന്ദ്രന്‍ ഇതെല്ലാം ലോകത്തിനായി നല്‍കിയത്. മലയാളം വിക്കിയില്‍ എഴുതി ചരിത്രംകുറിച്ച ബാബുജി, മലയാളം വിക്കിയുടെ പത്താംവാര്‍ഷികാഘോഷത്തില്‍ ഉദ്ഘാടകനായെത്തി വീണ്ടും വിസ്മയമായി.

സൈന്യത്തില്‍ എന്‍ജിനിയറായിരുന്ന ബാബുജിയുടെ ജീവിതം മാറ്റിമറിച്ചത് അവിചാരിതമായി ഉണ്ടായ പക്ഷാഘാതമാണ്. 1993 മുതല്‍ ആ ജീവിതം വീടിനുള്ളില്‍ ഒതുങ്ങി. രാജ്യംമുഴുവന്‍ സഞ്ചരിച്ച് ജോലിചെയ്തിരുന്ന ബാബുജിക്ക് രോഗക്കിടക്കയിലെ ജീവിതം ദുഃസ്സഹമായി. ഹിന്ദി, മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകള്‍ അനായാസം കൈകാര്യംചെയ്തിരുന്ന ഇദ്ദേഹത്തിന് എഴുതണമെന്ന് അതിയായ ആഗ്രഹമുണ്ടായെങ്കിലും കൈകള്‍ വഴങ്ങിയില്ല. പക്ഷെ തോല്‍ക്കാന്‍ ഈ മുന്‍ സൈനികന്‍ തയ്യാറായില്ല. കൈകൊണ്ട് എഴുതാനുള്ള ആഗ്രഹം നടക്കാതായപ്പോള്‍ കംപ്യൂട്ടറില്‍ എഴുതാനായി ശ്രമം. 2008 മുതല്‍ മലയാളം വിക്കിയില്‍ എഴുതിത്തുടങ്ങി. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ മകന്‍ അജിത്താണ് "മലയാളം വിക്കി"യെ പരിചയപ്പെടുത്തിയത്. ഭാര്യ ജഗദമ്മയും മക്കളായ അജിത്തും ഡോ. അജയും സര്‍വപിന്തുണയും നല്‍കിയതോടെ എഴുത്തില്‍ സജീവമായി. നാട്ടറിവുകളും നാട്ടുരീതികളുമാണ് ആദ്യകാലത്തെ രചനാവിഷയങ്ങള്‍. പിന്നീട് സൈന്യത്തെസംബന്ധിച്ചുള്ള വിവരങ്ങളും ചേര്‍ത്ത് വിപുലീകരിച്ചു. എഴുപത്തിയഞ്ചാം വയസ്സിലും മലയാളം വിക്കിയുടെ സജീവ പ്രവര്‍ത്തകനും പ്രചാരകനുമാണ് ബാബുജി.
(അനിത പ്രഭാകരന്‍)

മലയാളം വിക്കി പത്താം പിറന്നാള്‍ ആഘോഷിച്ചു

കൊച്ചി: സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിനുസരിച്ചുള്ള ഉയര്‍ച്ച മലയാളഭാഷയ്ക്ക് ലഭിച്ചിട്ടില്ലെങ്കിലും മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹനാജനകമാണെന്ന് ചലച്ചിത്രനടനും നിര്‍മാതാവുമായ പ്രകാശ് ബാരെ പറഞ്ഞു. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന മലയാളം വിക്കിയുടെ പത്താംവാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം വിക്കിയുടെ പത്താംവാര്‍ഷികാഘോഷം ജി ബാലചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മലയാളം വിക്കിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് കെ വേണു വിക്കിയുടെ ഉപയോക്താവായി. വി കെ ആദര്‍ശ് അധ്യക്ഷനായി. പത്രപ്രവര്‍ത്തകന്‍ എ സഹദേവന്‍ സംസാരിച്ചു. പത്താംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിതകള്‍ മലയാളം വിക്കിയുടെ ഗ്രന്ഥാലയത്തില്‍ ചേര്‍ത്തു. നത ഹുസൈന്‍, കണ്ണന്‍ ഷണ്‍മുഖം, മനോജ് കെ മോഹന്‍, ശിവഹരി നന്ദകുമാര്‍, കെ വി അനില്‍കുമാര്‍, വിശ്വപ്രഭ, ഡോ. അജയ് ബാലചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. കെ ജെ ബിനു, അശോകന്‍ ഞാറയ്ക്കല്‍, സുഹൈറലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കണ്ണൂര്‍ ഗ്രാമചരിത്രം മലയാളം വിക്കിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഗ്രാമങ്ങളുടെ ചരിത്രവും പ്രധാന പുസ്തകങ്ങളും മലയാളം വിക്കിപീഡിയയില്‍ ലഭ്യമാക്കും. മലയാളം വിക്കിപീഡിയയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് ഈ തീരുമാനമുണ്ടായത്. ഗ്രന്ഥശാലകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിക്കി ഗ്രന്ഥാലയങ്ങളുടെ സഹകരണത്തോടെയാണ് ചരിത്രശേഖരണവും സമാഹരണവും. ഇതോടൊപ്പം, പകര്‍പ്പവകാശം ബാധകമല്ലാത്ത പുസ്തകങ്ങളും ഉള്‍പ്പെടുത്തും. നിലവില്‍ നിരവധി പുസ്തകങ്ങള്‍ വിക്കിയില്‍ ലഭ്യമാണ്. ഡിസംബര്‍ 21ന് മലയാളം വിക്കീപീഡിയക്ക് പത്ത് വയസ് പൂര്‍ത്തിയായപ്പോള്‍ ലേഖനങ്ങളുടെ എണ്ണം ഇരുപത്തിയേഴായിരം കവിഞ്ഞു. ഗ്രാമചരിത്രം വിക്കിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ലോകത്ത് എവിടെനിന്നും കണ്ണൂരിന്റെ ചരിത്രം മനസിലാക്കാന്‍ സാധിക്കും. മലയാളം വിക്കിപീഡിയ പത്താം വാര്‍ഷികാഘോഷം കേരള ഫോക്ലോര്‍ അക്കാദമി ചെയമാന്‍ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി വി നാരായണന്‍ അധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് കെ എന്‍ ബാബു സംസാരിച്ചു. രതീഷ് കാളിയാടന്‍, വിജയകുമാര്‍ ബ്ലാത്തൂര്‍, പി വി ജുനൈദ്, വിനയ്രാജ് എന്നിവര്‍ ക്ലാസെടുത്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment