Saturday, December 29, 2012

യുഎസ് സാമ്പത്തിക പതനം ഒഴിവാക്കാന്‍ അവസാന ശ്രമം


അമേരിക്കയില്‍ ആസന്നമായ സാമ്പത്തിക പതനം ഒഴിവാക്കാന്‍ അവസാന ശ്രമം. ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ പാപ്പരാകുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ പ്രസിഡന്റ് ബറാക് ഒബാമ ഹവായിലെ അവധിക്കാല ആഘോഷം വെട്ടിച്ചുരുക്കി വാഷിങ്ടണില്‍ തിരിച്ചെത്തി. റിപ്പബ്ലിക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തി സമവായത്തിലെത്താനും നിയമപരമായ വായ്പാപരിധി ഉയര്‍ത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് ശ്രമം. എന്നാല്‍, ഇക്കാര്യത്തില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും കടുത്ത അഭിപ്രായഭിന്നതയില്‍ തന്നെയാണ്. സമവായമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും.

നിയമപരമായ വായ്പാപരിധി മറികടക്കുന്നത് തടയാന്‍ കര്‍ക്കശമായ സാമ്പത്തിക നിയന്ത്രണം അമേരിക്കന്‍ ട്രഷറി പ്രഖ്യാപിച്ചു. അസാധാരണമായ നടപടികളാണ് ഇതിനായി സ്വീകരിക്കേണ്ടിവരികയെന്ന് ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്ത്നര്‍ സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ഹാരി റീഡിനയച്ച തുറന്ന കത്തില്‍ വ്യക്തമാക്കി. 20000 കോടി ഡോളറോളം ലാഭിച്ചെടുക്കാനാണ് ലഷ്യമിടുന്നത്. അമേരിക്കയുടെ മൊത്തം കടത്തിന്റെ പരിധി 16.4 ലക്ഷം കോടി ഡോളറാണ് നിയമപരമായി ജനപ്രതിനിധിസഭ അനുവദിച്ചിരിക്കുന്നത്. കടം ഇതിനുള്ളില്‍ നിര്‍ത്താന്‍ പ്രദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കിവന്ന സഹായം വെട്ടിക്കുറക്കാനാണ് ട്രഷറിയുടെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെയും തപാല്‍ ജീവനക്കാരുടെയും പെന്‍ഷന്‍-വിരമിക്കല്‍ ഫണ്ടിലേയ്ക്കുള്ള സര്‍ക്കാര്‍ വിഹതവും റദ്ദാക്കും. എമര്‍ജന്‍സി ഫണ്ടിലേയ്ക്കുള്ള വിഹിതവും നല്‍കില്ല. ഇത്തരം നടപടികളില്ലായെങ്കില്‍ തിങ്കളാഴ്ചയോടെ സര്‍ക്കാരിന്റെ കീശ കാലിയാകുമെന്ന് ഗെയ്ത്നര്‍ പറഞ്ഞു. 2011ലെ വേനല്‍ക്കാലത്തും അമേരിക്ക ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. അവസാന നിമിഷമാണ് അന്ന് പ്രസിഡന്റ് ഒബാമ റിപ്പബ്ലിക്കന്മാരുമായി സമവായമുണ്ടാക്കിയത്. 14.3 ലക്ഷം കോടി ഡോളറായിരുന്ന വായ്പാപരിധി 16.4 ലക്ഷം കോടിയായി ഉയര്‍ത്താന്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള പ്രതിനിധിസഭ അനുമതി നല്‍കുകയുംചെയ്തു. ഇതേ മാര്‍ഗത്തിലൂടെ ഇത്തവണയും പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാമോയെന്നാണ് ഒബാമ നോക്കുന്നത്.

deshabhimani 291212

No comments:

Post a Comment