Sunday, December 23, 2012
കെഎംഎംഎല്ലിനെ സ്വകാര്യവല്‍ക്കരിക്കാന്‍ ഗൂഢനീക്കം
കൊല്ലം: 1993 മുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ചുവന്ന പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാഫിയശക്തികള്‍ കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢലക്ഷ്യവുമായി മുമ്പോട്ടുപോകുന്നതായി സംശയം ശക്തിപ്പെടുന്നു. ഉല്‍പ്പാദനത്തിലും വില്‍പ്പനയിലും അറ്റാദായത്തിലും ലാഭത്തിലും ഗണ്യമായ കുറവും ഉല്‍പ്പാദനച്ചെലവില്‍ ഗണ്യമായ വര്‍ധനയും പ്രവര്‍ത്തനക്ഷമമല്ലാത്ത മാനേജ്മെന്റും 14 മാസമായി എംഡി ഇല്ലാത്തതും കമ്പനിയുടെ പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പറയുന്നത്. എന്നാല്‍, കമ്പനിയുടെ ലിക്യൂഡിറ്റി നഷ്ടപ്പെട്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന സര്‍ക്കുലറില്‍ ഗുരുതരമായ പിശകുകളാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2010-11ല്‍ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ഇനത്തില്‍ 38 കോടി രൂപയുടെ അധികബാധ്യതയുണ്ടായിട്ടും കമ്പനിക്ക് 62.71 കോടിയുടെ ലാഭമുണ്ട്. പ്രതികൂലസാഹചര്യമുണ്ടായിട്ടും പിഗ്മെന്റിന്റെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിലയിലുണ്ടായ വര്‍ധന കാരണം 2011-12ല്‍ 154 കോടിയൂടെ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ 58.64 കോടി ലാഭമുണ്ടായപ്പോള്‍ ഉല്‍പ്പാദനക്കുറവും വില്‍പ്പനക്കുറവും കാരണം 2012-13 ആദ്യപകുതിയില്‍ ലാഭത്തില്‍ വന്‍ ഇടിവുണ്ടായി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം തകിടംമറിക്കുന്ന നിലപാടുകളാണ് കൈകൊണ്ടുവന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് കോവില്‍ത്തോട്ടം പാക്കേജ് നടപ്പാക്കാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിച്ച് 2010 ഡിസംബറില്‍ കരാര്‍ ഒപ്പുവച്ച് അംഗീകരിച്ചു. എന്നാല്‍, യുഡിഎഫ് അധികാരത്തിലേറി ആ പാക്കേജ് അട്ടിമറിച്ചു. തുടര്‍ന്ന് 2011 സെപ്തംബറില്‍ പുതിയകരാര്‍ ഒപ്പുവച്ചെങ്കിലും ഖനത്തിന് ഒരു വര്‍ഷമെടുത്തതിനാല്‍ ഭീമമായ ഉല്‍പ്പാദന നഷ്ടമുണ്ടായി. പുതുക്കിയ കരാര്‍ കാരണം 40കോടിയുടെ അധിക ബാധ്യതയുമുണ്ടായി. എന്നാല്‍, ചില പ്രാദേശിക പ്രശ്നങ്ങളാല്‍ ഇല്‍മനൈറ്റിന്റെ ലഭ്യത ഉറപ്പുവരുത്താനായില്ല. ഉല്‍പ്പാദനച്ചെലവില്‍ 25 ശതമാനം അസംസ്കൃതപദാര്‍ഥങ്ങള്‍ക്കും രാസപദാര്‍ഥങ്ങള്‍ക്കും 23ശതമാനം വിവിധയിനം ഇന്ധനങ്ങള്‍ക്കുമായാണ് ചെലവഴിക്കുന്നത്. ഈ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ടെന്‍ഡര്‍കുത്തക അവസാനിപ്പിക്കാതെ വിലനിയന്ത്രിക്കാന്‍ കഴിയില്ല. ഇതുവഴി ഉദ്യോഗസ്ഥരാല്‍ ചില ബാഹ്യശക്തികള്‍ വന്‍ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാക്കുന്നു.
deshabhimani 231212
Labels:
പൊതുമേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment