Tuesday, December 25, 2012

റിസര്‍വ് ബാങ്ക് തീരുമാനം നടപ്പായില്ല


മലപ്പുറം: വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് സര്‍വീസ് ഏരിയ ഒഴിവാക്കണമെന്ന റിസര്‍വ് ബാങ്ക് തീരുമാനം സംസ്ഥാനത്തെ ബാങ്കുകള്‍ നടപ്പാക്കിയില്ല. നവംബര്‍ ഒമ്പതിന് റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ദേശസാത്കൃത ബാങ്കുകള്‍ക്കും വാണിജ്യബാങ്കുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നുകാട്ടി വായ്പക്ക് സമീപിക്കുന്ന വിദ്യാര്‍ഥികളെ മടക്കുകയാണ് ബാങ്കുകള്‍. സര്‍ക്കുലറില്‍ കണ്‍ട്രോളിങ് ഓഫീസുകളോട് തീരുമാനം നടപ്പാക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതും പാലിക്കപ്പെടുന്നില്ല.

2004 മുതലാണ് സര്‍വീസ് ഏരിയ തിരിക്കാന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി തീരുമാനിച്ചത്. ഇതുപ്രകാരം വാര്‍ഡുകള്‍ ബാങ്കുകള്‍ക്ക് വിഭജിച്ച് നല്‍കിയിരുന്നു. അവിടത്തെ താമസക്കാര്‍ക്ക് നിര്‍ദ്ദിഷ്ട ബാങ്കില്‍ നിന്നായിരുന്നു വായ്പ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു ഇത്. ഏറെ പരാതികള്‍ക്ക് ശേഷമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഈവര്‍ഷം തയ്യാറായത്. ഇതുപ്രകാരം ആ പ്രദേശത്തെ താമസക്കാര്‍ക്ക് താല്‍പ്പര്യമുള്ള ബാങ്കില്‍നിന്ന് വായ്പയെടുക്കാം. അതേസമയം പുതിയ തീരുമാനം ദേശസാത്കൃത ബാങ്കുകളെ ദോഷകരമായി ബാധിക്കുമെന്ന പ്രചാരണം നിലനിന്നിരുന്നു. പുതുതലമുറ ബാങ്കുകള്‍ക്ക് പകരം കൂടുതല്‍ പേരും ദേശസാത്കൃത ബാങ്കുകളെ സമീപിക്കുമെന്നായിരുന്നു അതിലൊന്ന്. എന്നാല്‍ അത് അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നതാണ് വിദ്യാഭ്യാസ വായ്പക്ക് നല്‍കേണ്ട 12 ശതമാനം പലിശ. കൂടാതെ വായ്പ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ബാങ്കുകള്‍ കര്‍ക്കശമാക്കുകയും ചെയ്തു. മുമ്പ് ഏഴുവര്‍ഷമുണ്ടായിരുന്ന തിരിച്ചടവ് കാലാവധി 15 വര്‍ഷമായി ബാങ്കുകള്‍ ദീര്‍ഘിപ്പിച്ചു. ഇതിലൂടെ കൂടുതല്‍ തുക വിദ്യാര്‍ഥികളില്‍നിന്ന് ചൂഷണം ചെയ്യപ്പെടുന്നുണ്ട്. നാല് ലക്ഷം രൂപ വരെയുള്ള വായ്പക്ക് ഈട് നല്‍കേണ്ടതില്ലെന്ന തീരുമാനം കൂടി വന്നതോടെ അന്യസംസ്ഥാനങ്ങളിലെ ഒട്ടുമിക്ക നേഴ്സിങ് സ്ഥാപനങ്ങളും അവരുടെ ഫീസ് നാല് ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. മുമ്പ് ഇത് ഒന്നരയും രണ്ടും ലക്ഷമായിരുന്നു. ഇതോടെ നേഴ്സിങ് കോഴ്സിന് അനുവദിക്കുന്ന വായ്പ രണ്ടരലക്ഷം രൂപയാക്കി ബാങ്കുകള്‍ പരിമിതപ്പെടുത്തി. ജില്ലകളിലെ ലീഡ് ബാങ്ക് ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം വായിച്ചിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ അത് പാലിക്കാന്‍ ബാങ്കുകള്‍ തയ്യാറായില്ല. പരാതി ലഭിച്ചാല്‍ അതത് ബാങ്കുകളുടെ കണ്‍ട്രോളിങ് ഓഫീസുകളെ ഇക്കാര്യം അറിയിക്കാമെന്നാണ് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്.

deshabhimani

No comments:

Post a Comment