Tuesday, December 25, 2012

ഡല്‍ഹി ലഫ്. ഗവര്‍ണറുടെ സുഖവാസത്തിനെതിരെ വിമര്‍ശം


പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി പീഡിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് തലസ്ഥാനമാകെ സമരക്കൊടുങ്കാറ്റില്‍ ഉലയുമ്പോള്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന അമേരിക്കയില്‍ സുഖവാസത്തിന് പോയതിനെതിരെ വിമര്‍ശം ശക്തമായി. ഡല്‍ഹിയില്‍ ക്രമസമാധാനവും മറ്റും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. മകളെ കാണുന്നതിന് ഔദ്യോഗികമായി അവധിയെടുത്താണ് താന്‍ പോയതെന്നാണ് ഖന്നയുടെ വിശദീകരണം. പ്രശ്നങ്ങള്‍ അറിഞ്ഞതോടെ സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങുകയായിരുന്നുവെന്നും ഖന്ന അവകാശപ്പെട്ടു. ഡല്‍ഹിയില്‍ എത്തിയപാടെ തേജീന്ദര്‍ ഖന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയതിന് രണ്ട് എസിപിമാരെ സസ്പെന്‍ഡ് ചെയ്തതായി ഖന്ന അറിയിച്ചു. ട്രാഫിക്കിന്റെ ചുമതലയുള്ള എസിപി മോഹന്‍സിങ് ദബാസ്, പട്രോളിങ് വാനുകളുടെ ചുമതലയുള്ള യാഗ്രാം എന്നിവരാണ് സസ്പെന്‍ഷനിലായത്. ട്രാഫിക്കിന്റെയും പട്രോളിങ് വാഹനങ്ങളുടെയും ചുമതലയുള്ള ഡിസിപി പ്രേംനാഥ്, സത്ബീര്‍ കടാരിയ എന്നിവരില്‍നിന്ന് വിശദീകരണം തേടുമെന്നും ഖന്ന പറഞ്ഞു.

പ്രതിഷേധക്കാരില്‍ റൗഡിക്കൂട്ടങ്ങളുമുണ്ടെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. അവരാണ് പൊലീസിനെ ആക്രമിച്ചത്. ആഭ്യന്തരമന്ത്രി പ്രതിഷേധക്കാരോട് പോയി സംസാരിക്കണമെന്നാണ് ചിലരുടെ ആവശ്യം. ഇത് പറയാന്‍ എളുപ്പമാണ്. ഇപ്പോള്‍ ആഭ്യന്തരമന്ത്രി പോയാല്‍ നാളെ മറ്റു പാര്‍ടിക്കാര്‍ പ്രക്ഷോഭം നടത്തുമ്പോഴും പോകേണ്ടി വരും. മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി പ്രക്ഷോഭത്തിന് വന്നാലും പോകേണ്ടി വരും. സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആളുകള്‍ മനസ്സിലാക്കുന്നില്ല. സമാധാനമായി പ്രതിഷേധമാകാം. എന്നാല്‍, രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് പാടില്ല. രാജ്യത്തിന് അഭിമാനമേകുന്നതാണ് രാഷ്ട്രപതിഭവന്‍. വിജയ്ചൗക്കില്‍ ഒത്തുകൂടുന്നതും ബാരിക്കേഡുകള്‍ ഭേദിച്ച് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് ചെയ്യുന്നതും ശരിയല്ല. പൊലീസ് മേധാവിയെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ പുനരവലോകനം നടത്തുമെന്നും ഷിന്‍ഡെ പറഞ്ഞു.

deshabhimani 251212

No comments:

Post a Comment