Sunday, December 30, 2012
ഓര്‍മയെയും ഭയം; വിറളിപൂണ്ട് കേന്ദ്രം
രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ക്രൂരമായ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഓര്‍മ പോലും തേച്ചുമാച്ച് കളയാന്‍ യുപിഎ സര്‍ക്കാരിന്റെ ശ്രമം. പൊതുജനങ്ങളില്‍നിന്ന് പൂര്‍ണമായും മറച്ച്, മാധ്യമങ്ങളെ അകറ്റി, സുരക്ഷയുടെ കോട്ടതീര്‍ത്താണ് മൃതദേഹം സര്‍ക്കാര്‍ മറവ് ചെയ്തത്. ബിന്‍ലാദനെ വധിച്ച് രഹസ്യമായി കുഴിച്ചുമൂടിയ അമേരിക്കന്‍ രീതിയെ അനുസ്മരിപ്പിക്കുംവിധം. പെണ്‍കുട്ടിയുടെ പേരെന്തെന്നോ അവരുടെ മുഖം എങ്ങനെയെന്നോ ഔദ്യോഗികമായി വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇരുട്ടിന്റെ മറവില്‍ സംസ്കരിക്കാനായിരുന്നു സര്‍ക്കാരിന്റെ പരിപാടി.
രാജ്യമാകെ ഉയരുന്ന പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരം പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. മൂന്ന് ശസ്ത്രക്രിയക്കും ഹൃദയാഘാതത്തിനും വിധേയയായ പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് പ്രശസ്തരായ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും ഈ നീക്കത്തെ അനുകൂലിച്ചില്ല. ഡല്‍ഹിയില്‍നിന്നുള്ളതിനേക്കാള്‍ മികച്ച ചികിത്സ സിംഗപ്പൂരില്‍ ലഭിക്കുമെന്നും ആരും അഭിപ്രായപ്പെട്ടിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി അനുസരിച്ചാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റിയത്. സിംഗപ്പൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ അന്തരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സമയം പോലും സര്‍ക്കാര്‍ അതീവരഹസ്യമാക്കി. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മൃതദേഹം വാരാണസിയിലേക്കോ ലഖ്നൗവിലേക്കോ കൊണ്ടുപോയി ജന്മദേശമായ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ സംസ്കരിക്കാനായിരുന്നു ആദ്യനീക്കം. സഹോദരങ്ങള്‍ എതിര്‍ത്തതോടെ അത് പൊളിഞ്ഞു. തുടര്‍ന്ന് മൃതദേഹവും വഹിച്ചുള്ള യാത്ര രാത്രിയിലാക്കാന്‍ തീരുമാനിച്ചു. മൃതദേഹം രാത്രി മാത്രമേ എത്തിക്കാവൂ എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. രാത്രി 10ന് സിംഗപ്പൂരില്‍നിന്ന് പുറപ്പെട്ട വിമാനം ഞായറാഴ്ച പുലര്‍ച്ചെ നാലിനേ ഡല്‍ഹിയില്‍ എത്തിച്ചുള്ളൂ. പുലരുംമുമ്പ് സംസ്കരിക്കാനായിരുന്നു പരിപാടി. ശ്മശാനസമിതി എതിര്‍ത്തതിനാല്‍ ഉദയത്തിനുശേഷമാക്കി ചടങ്ങ്.
പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ ആദ്യപ്രതികരണം ശിവസേനാനേതാക്കളെ അനുസ്മരിപ്പിക്കുംവിധമായിരുന്നു. നഗരത്തില്‍ കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നതാണ് പ്രശ്നകാരണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. പിന്നീട് പ്രതിഷേധത്തെ കരിതേച്ചുകാണിക്കാനായി ശ്രമം. മാധ്യമസഹായത്തോടെ ക്രിമിനലുകളാണ് സമരം നയിക്കുന്നതെന്നായി ആരോപണം. പിറകെ ക്രൂരമായ അടിച്ചമര്‍ത്തലും. ജനങ്ങളെ സമരക്കാര്‍ക്കെതിരെ തിരിച്ചുവിടാന്‍ മെട്രോ ട്രെയിന്‍ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഇന്ത്യാഗേറ്റിലേക്കും രാജ്പഥിലേക്കുമുള്ള വഴിയടച്ചു. സമരക്കാരുടെ ആക്രമണത്തിലാണ് പൊലീസുകാരന്‍ മരിച്ചതെന്നും പ്രചരിപ്പിച്ചു. എന്നാല്‍, പൊലീസുകാരന് മുറിവേറ്റില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ജനകീയപ്രതിഷേധത്തെ എങ്ങനെ നേരിടണമെന്നറിയാതെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്ന സര്‍ക്കാരിന്റെ വിളറിപിടിച്ച നീക്കങ്ങളാണ് ഡല്‍ഹിയില്‍ ദൃശ്യമാകുന്നത്.
(വി ബി പരമേശ്വരന്‍)
ഡല്‍ഹി കൂട്ടബലാത്സംഗം: രഹസ്യമായി സംസ്കരിച്ചു
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം അതീവരഹസ്യമായി സംസ്കരിച്ചു. സിംഗപ്പൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ അന്ത്യശ്വാസം വലിച്ച പെണ്‍കുട്ടിയെ പ്രത്യേക എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിക്ക് കൊണ്ടുവന്ന് മണിക്കൂറുകള്‍ക്കകം ആരോരുമറിയാതെയാണ് സംസ്കരിച്ചത്. ഞായറാഴ്ച മഞ്ഞുമൂടിയ പ്രഭാതത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ദ്വാരക സെക്ടര്‍ 24ലെ ന്യൂ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കള്‍ച്ചറല്‍ സൊസൈറ്റി ശ്മശാനത്തിലായിരുന്നു സംസ്കാരം. അണപൊട്ടിയൊഴുക്കിയ ദുഃഖം കടിച്ചമര്‍ത്തി പിതാവാണ് ചിതയ്ക്ക് തീകൊളുത്തിയത്. ബോധം നഷ്ടപ്പെട്ട അമ്മയെ ദീന്‍ദയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ കൊടുംതണുപ്പിലും ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും മറ്റും പ്രതിഷേധത്തീ പടരുകയാണ്.
സിംഗപ്പൂരിലെ ചാങ്ങ് വിമാനത്താവളത്തില്‍നിന്ന് പ്രത്യേക എഐസി 380 എ എയര്‍ ഇന്ത്യാവിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. രണ്ട് സഹോദരന്മാരും ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥരും അനുഗമിച്ചു. ഞായറാഴ്ച രാവിലെ നാലോടെ ഡല്‍ഹിയിലെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതീവ സുരക്ഷയുള്ള ടെക്നിക്കല്‍ ഏരിയയില്‍ വിമാനം ഇറങ്ങി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തി. ഇരുവരും കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചതായി പ്രധാനമന്ത്രികാര്യാലയം അറിയിച്ചു. വിമാനത്താവളത്തില്‍നിന്ന് നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പശ്ചിമഡല്‍ഹിയിലെ മഹാവീര്‍ എന്‍ക്ലേവിലെ വീട്ടില്‍ മൃതദേഹമെത്തിച്ചു. അവിടെ മതപരമായ ചടങ്ങ് പൂര്‍ത്തിയാക്കി ഉദയത്തിനുമുമ്പ് സംസ്കരിക്കാനായിരുന്നു നീക്കം. ഹിന്ദുമതാചാരപ്രകാരം ഉദയത്തിന് സംസ്കാരം അരുതെന്ന് ശ്മശാന അധികൃതരും മുഖ്യ കാര്‍മികന്‍ വിജേന്ദ്ര ശര്‍മയും ശഠിച്ചതോടെ സംസ്കാരം 7.30ന് ആക്കി. ചടങ്ങില്‍ ആഭ്യന്തരസഹമന്ത്രി ആര്‍ പി എന്‍ സിങ്, ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്, പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മഹാബല മിശ്ര, ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വിജേന്ദ്ര ഗുപ്ത എന്നിവരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടിലോ സംസ്കാരചടങ്ങിലോ പ്രവേശനം നല്‍കിയില്ല. സംസ്കാരം നടന്ന പ്രദേശവും പെണ്‍കുട്ടിയുടെ വീടും രണ്ടായിരത്തിലേറെ പൊലീസുകാരും ബിഎസ്എഫും ദ്രുതകര്‍മസേനയും വളഞ്ഞിരുന്നു.
ശനിയാഴ്ച രാത്രി പത്തോടെയാണ് പൊലീസ് സംസ്കാരത്തിനായി തങ്ങളെ സമീപിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എഡ്യൂക്കേഷന്‍ കള്‍ച്ചറല്‍ സൊസൈറ്റി മാനേജര്‍ ശ്യാമള്‍കുമാര്‍ അറിയിച്ചു. അതിനിടെ ഡല്‍ഹിയില്‍ അടച്ചിട്ട പത്ത് മെട്രോ സ്റ്റേഷനുകളില്‍ അഞ്ചെണ്ണം ഉച്ചയോടെ തുറന്നു. ഇന്ത്യാഗേറ്റ്, രാജ്പഥ് ഭാഗങ്ങളിലേക്ക് വാഹനങ്ങളൊന്നും അനുവദിച്ചില്ല. എല്ലാ പ്രധാന റോഡുകളിലും വന്‍ പൊലീസ് സന്നാഹമായിരുന്നു. ഡിസംബര്‍ 16 നാണ് തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശനിയാഴ്ച പുലര്‍ച്ചെ 2.15 ന് ജീവിതത്തോട് വിടപറഞ്ഞു.
നിയമഭേദഗതി വേണം: ബാന്‍ കി മൂണ്‍
ഐക്യരാഷ്ട്രകേന്ദ്രം: കൂട്ട ബലാത്സംഗത്തിനിരയായി ഡല്‍ഹിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഗാധമായ ദുഃഖം അറിയിച്ചു. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ നിയമ ഭേദഗതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരക്കാരോട് സഹിഷ്ണുത പാടില്ല. അവര്‍ ഒരിക്കലും രക്ഷപ്പെടരുത്. എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും ബഹുമാനിക്കപ്പെടേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്-ബാന്‍ കി മൂണ്‍ വ്യക്തമാക്കി. അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. "യുഎന്‍ വുമണ്‍" സംഘടനയും മറ്റ് ഏജന്‍സികളും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ സന്നദ്ധരാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
deshabhimani 311212
Labels:
രാഷ്ട്രീയം,
സമൂഹം,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment